Movie Day
സിനിമ ആഗ്രഹിച്ചിരിക്കുന്ന സമയത്തുള്ള ഒരു മനസുണ്ടല്ലോ, ആ മനസ് എത്ര സിനിമ ചെയ്താലും ഉണ്ടാവണം; മമ്മൂട്ടി നല്‍കിയ ഉപദേശത്തെ പറ്റി ഉണ്ണി മുകുന്ദന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jan 11, 06:34 pm
Wednesday, 12th January 2022, 12:04 am

മമ്മൂട്ടിയോടും ലാല്‍ സാറിനോടും സിനിമ ഇല്ലെങ്കില്‍ എന്തുചെയ്യുമെന്ന് ചോദിച്ചാല്‍ രണ്ട് പേര്‍ക്കും ഉത്തരമൊന്നും കാണില്ലെന്ന് ഉണ്ണി മുകുന്ദന്‍. കാരണം അവര്‍ മനസും ശരീരവും മുഴുവനായും സിനിമയില്‍ നിക്ഷേപിച്ചിരിക്കുകയാണെന്നും ഉണ്ണി പറഞ്ഞു. ഇന്ത്യാ ഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള അനുഭവം പങ്കുവെച്ചത്.

‘മമ്മൂക്ക എന്നോട് പറഞ്ഞത് നീ എങ്ങനെയാണോ അങ്ങനെ തന്നെ ഇരിക്കണമെന്നാണ്. സിനിമ ആഗ്രഹിച്ചിരിക്കുന്ന സമയത്തുള്ള ഒരു മനസുണ്ടല്ലോ, ആ മനസ് എത്ര സിനിമ ചെയ്താലും ഉണ്ടാവണമെന്ന് പറഞ്ഞിട്ടുണ്ട്.

ലാല്‍ സാറിന്റെയടുത്ത് നിന്നും ഉപദേശമൊന്നും കിട്ടിയിട്ടില്ല. പക്ഷേ നിനക്ക് യോഗ്യതയുണ്ട്, നിനക്ക് തീര്‍ച്ചയായും നേടാനാവുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഈ സ്റ്റാര്‍ഡം ഒന്നുമില്ലാതെ തന്നെ ഇവര്‍ സിനിമയെ ഇഷ്ടപ്പെടുന്നവരാണ്. സിനിമ ഇല്ലെങ്കില്‍ എന്തുചെയ്യുമെന്ന് ചോദിച്ചാല്‍ രണ്ടുപേരുടെ കൈയ്യിലും ഉത്തരമുണ്ടാവില്ല എന്നു തന്നെയാണ് എനിക്ക് തോന്നുന്നത്. കാരണം അവര്‍ മനസും ശരീരവും മുഴുവനായും സിനിമയില്‍ നിക്ഷേപിച്ചിരിക്കുകയാണ്,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

മേപ്പടിയാനാണ് ഉണ്ണി മുകുന്ദന്‍ നായകനായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഉണ്ണി മുകുന്ദന്റെ നിര്‍മാണ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസ് ആണ് മേപ്പടിയാന്‍ നിര്‍മിച്ചിരിക്കുന്നത്. അഞ്ജു കുര്യന്‍ ആണ് ചിത്രത്തിലെ നായിക.

ജയകൃഷ്ണന്‍ എന്ന നാട്ടിന്‍പുറത്തുകാരനായിട്ടാണ് ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ എത്തുന്നത്. സംവിധായകന്‍ വിഷ്ണു മോഹന്‍ തന്നെയാണ് ചത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

ഇന്ദ്രന്‍സ്, സൈജു കുറുപ്, മേജര്‍ രവി, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, അപര്‍ണ ജനാര്‍ദ്ദനന്‍, നിഷ സാരംഗ്, കുണ്ടറ ജോണി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പൗളി വില്‍സണ്‍, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

രാഹുല്‍ സുബ്രമണ്യന്‍ ആണ് സംംഗീത സംവിധാനം. നീല്‍ ഡിക്കുഞ്ഞയാണ് ചിത്രത്തിന്റെ ചായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, കലാസംവിധാനം സാബു മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍ വിപിന്‍ കുമാര്‍ എന്നിവരാണ്.

ഈരാറ്റുപേട്ട, പാല എന്നിവിടങ്ങളിലായി നാല്‍പ്പത്തെട്ടോളം ലൊക്കേഷനുകളിലാണ് മേപ്പടിയാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: unni mukundan about mammootty and mohanlal