ന്യൂയോര്‍ക്ക്: ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട്. 2023ഓട് കൂടി ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയേക്കുമെന്നാണ് യു.എന്‍ റിപ്പോര്‍ട്ട് പറയുന്നത്.
ജൂലൈ 11, അന്താരാഷ്ട്ര ജനസംഖ്യാ ദിനമായി ആചരിക്കുന്ന തിങ്കളാഴ്ചയായിരുന്നു യുണൈറ്റഡ് നേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സിന്റെ ‘ദി വേള്‍ഡ് പോപുലേഷന്‍ പ്രോസ്‌പെക്ട്‌സ് 2022’ (The World Population Prospects 2022) റിപ്പോര്‍ട്ട് പുറത്തുവന്നത്.
”2023ല്‍ ചൈനയെ മറികടന്ന് ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നാണ് പ്രവചനം,” റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് പ്രകാരം 2022ലെ ഇന്ത്യയിലെ ജനസംഖ്യ 1.412 ബില്യണും ചൈനയിലേത് 1.426 ബില്യണുമാണ്. 2050 ആകുമ്പോഴേക്കും ഇത് ഇന്ത്യയില്‍ 1.668 ബില്യണായി ഉയരുകയും ചൈനയില്‍ 1.317 ബില്യണായി താഴുകയും ചെയ്യുമെന്നും പറയുന്നു.
2022 നവംബര്‍ മധ്യത്തോട് കൂടി ലോക ജനസംഖ്യ എട്ട് ബില്യണ്‍ കടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകദേശ കണക്കുകൂട്ടല്‍ പ്രകാരം കൂടിക്കഴിഞ്ഞാല്‍ ജനസംഖ്യ 2030ല്‍ 8.5 ബില്യണിലേക്കും 2050ല്‍ 9.7 ബില്യണിലേക്കും വളരാമെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
2080കള്‍ ആകുമ്പോഴേക്കും ഇത് 10.4 ബില്യണിലേക്ക് വളര്‍ന്ന് അതിന്റെ ഏറ്റവുമുയര്‍ന്ന സ്‌റ്റേജില്‍ എത്താമെന്നാണ് കണക്കുകൂട്ടല്‍. 2100 വരെ ഇത് അതേ നിരക്കില്‍ തുടരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടിലുണ്ട്.
2050 വരെയുണ്ടാകുന്ന ആഗോള ജനസംഖ്യാ വളര്‍ച്ചയുടെ പകുതിയും പ്രധാനമായും എട്ട് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും. ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ എട്ട് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും വലിയ തോതില്‍ ജനസംഖ്യാ വളര്‍ച്ച ഉണ്ടാകുകയെന്നാണ് കണക്കുകൂട്ടല്‍.