ഗര്‍ഭകാലത്തും പ്രസവസമയത്തുമുണ്ടാകുന്ന സങ്കീര്‍ണത; യെമനില്‍ ഓരോ രണ്ട് മണിക്കൂറിലും ഒരു സ്ത്രീ മരണപ്പെടുന്നു
World
ഗര്‍ഭകാലത്തും പ്രസവസമയത്തുമുണ്ടാകുന്ന സങ്കീര്‍ണത; യെമനില്‍ ഓരോ രണ്ട് മണിക്കൂറിലും ഒരു സ്ത്രീ മരണപ്പെടുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th July 2024, 4:44 pm

സന: ഗര്‍ഭകാലത്തും പ്രസവസമയത്തും ഉണ്ടാകുന്ന സങ്കീര്‍ണതകള്‍ മൂലം യെമനില്‍ ഓരോ രണ്ട് മണിക്കൂറിലും ഒരു സ്ത്രീ മരണപ്പെടുന്നതായി യു.എന്നിന്റെ കണക്ക്.

ലോക ജനസംഖ്യാ ദിനത്തിലായിരുന്നു യെമനിലെ ഉയര്‍ന്ന മാതൃമരണ നിരക്കുമായി കണക്ക് യു.എന്‍ പങ്കുവെച്ചത്. ആരോഗ്യപരിരക്ഷ ലഭിക്കുന്നതിലുള്ള കാലതാമസമാണ് പലരേയും മരണത്തിലേക്ക് നയിക്കുന്നതെന്നാണ് യു.എന്‍ പോപ്പുലേഷന്‍ ഫണ്ട് (യു.എന്‍.എഫ്.പി.എ) ചൂണ്ടിക്കാട്ടിയത്.

‘ഏകദേശം 5.5 ദശലക്ഷം സ്ത്രീകള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നില്ല. പലയിടത്തും ഈ സേവനങ്ങള്‍ പരിമിതമാണ്.
പത്തില്‍ ആറ് പ്രസവങ്ങളും ഒരു വിദഗ്ധ ഡോക്ടറുടേയും നഴ്‌സിന്റേയോ സേവനം ഇല്ലാതെയാണ് നടക്കുന്നതെന്നും യു.എന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂലൈ 10 ന്, യെമന്‍ സര്‍ക്കാര്‍ തങ്ങളുടെ ആരോഗ്യ മേഖലയ്ക്കുള്ള അന്താരാഷ്ട്ര ഫണ്ടിംഗില്‍ ഏകദേശം 70 ശതമാനം കുറവ് വന്നതായി അറിയിച്ചിരുന്നു.

അവശ്യ സേവനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കാനും ഈ പ്രയാസകരമായ കാലഘട്ടത്തെ മറികടക്കാനും ആരോഗ്യ മേഖലയ്ക്ക് സുസ്ഥിരമായ പിന്തുണ നല്‍കാനും പ്രാദേശിക, അന്തര്‍ദേശീയ സംഘടനകളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.

ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തില്‍, യുദ്ധം യെമനിലെ മിക്ക മേഖലകളെയും, പ്രത്യേകിച്ച് ആരോഗ്യമേഖലയെ നശിപ്പിക്കുകയും ലോകത്തിലെ ഏറ്റവും വിനാശകരമായ മാനുഷിക പ്രതിസന്ധിയിലേക്ക് യെമനെ തള്ളിവിടുകയും ചെയ്തിട്ടുണ്ട്.

ഗര്‍ഭകാലത്തും പ്രസവസമയത്തും ഉണ്ടാകുന്ന സങ്കീര്‍ണതകള്‍ മൂലം യെമനില്‍ ഓരോ രണ്ട് മണിക്കൂറിലും ഒരു സ്ത്രീയും ആറ് നവജാതശിശുക്കളും മരണപ്പെടുന്നതായുള്ള റിപ്പോര്‍ട്ട് യൂണിസെഫും പുറത്തുവിട്ടിരുന്നു.

‘പതിറ്റാണ്ടുകളുടെ അരക്ഷിതാവസ്ഥയും വര്‍ഷങ്ങളായുള്ള തീവ്രമായ പോരാട്ടങ്ങളും അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള ആരോഗ്യ സംരക്ഷണം ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങളെ സമ്പൂര്‍ണ തകര്‍ച്ചയുടെ വക്കില്‍ എത്തിച്ചിരിക്കുന്നു.’ എന്നായിരുന്നു യുനിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്റിറ്റ ഫോര്‍ പറഞ്ഞത്.

യെമനില്‍ സംഘര്‍ഷം രൂക്ഷമായതിനുശേഷം മാതൃമരണനിരക്ക് കുത്തനെ ഉയര്‍ന്നെന്നും 2013-ല്‍ പ്രതിദിനം അഞ്ച് മാതൃമരണങ്ങളില്‍ നിന്ന് 2018-ല്‍ പ്രതിദിന മാതൃമരണങ്ങള്‍ 12 ആയി ഉയര്‍ന്നെന്നും യൂണിസെഫ് പറയുന്നു.

260 സ്ത്രീകളില്‍ ഒരാള്‍ ഗര്‍ഭാവസ്ഥയിലോ പ്രസവത്തിലോ മരിക്കുന്നു, 10 പ്രസവങ്ങളില്‍ 3 എണ്ണം മാത്രമാണ് ആരോഗ്യ കേന്ദ്രങ്ങളില്‍ നടക്കുന്നത്, 37 നവജാത ശിശുക്കളില്‍ ഒരാള്‍ ആദ്യ മാസത്തില്‍ തന്നെ മരിക്കുന്നു, 15 നും 19 നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരായ 15 പെണ്‍കുട്ടികളില്‍ ഒരാള്‍ എന്ന കണക്കില്‍ പ്രസവത്തിന് തയ്യാറാകേണ്ടി വരുന്നു.

1.1 ദശലക്ഷം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും ഗുരുതരമായ പോഷകാഹാരക്കുറവുകള്‍ ഉണ്ട് എന്നിങ്ങനെയുള്ള കാര്യങ്ങളും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

നവജാതശിശുക്കളുടെയും അമ്മയുടെയും ആരോഗ്യകരമായ ജീവിതത്തിന് പ്രസാവനന്തര ചികിത്സകള്‍ നിര്‍ബന്ധമാണ്. എന്നാല്‍ താങ്ങാനാകാത്ത ഗതാഗതച്ചെലവുകള്‍ കാരണം, കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാരെയാണ് പലരും ആശ്രയിക്കുന്നത്. പ്രത്യേകിച്ച് വിദൂരഗ്രാമങ്ങളിലും യുദ്ധബാധിത പ്രദേശങ്ങളിലും ഉള്ളവര്‍.

ജീവനക്കാരുടെ കുറവ്, ഉപകരണങ്ങളുട കുറവ് എന്നിവ കാരണം യെമനിലെ പല ആരോഗ്യസേവനകേന്ദ്രങ്ങളില്‍ പകുതിയും പ്രവര്‍ത്തനക്ഷമമല്ല. ഇതും മരണനിരക്ക് കൂട്ടുന്നു.

Content Highlight: UN: A woman dies every 2 hours during pregnancy or childbirth in Yemen