യു.എ.പി.എ; ഇടതുപക്ഷ സമീപനം
Daily News
യു.എ.പി.എ; ഇടതുപക്ഷ സമീപനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th October 2016, 8:53 pm

ഭീകരവിരുദ്ധ നിയമം ഉപയോഗിച്ച് ഇന്ത്യന്‍ തടവറയില്‍ കഴിയുന്ന നിരപരാധികളെ സംബന്ധിച്ചു ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ അധ്യാപകര്‍ നടത്തിയ പഠനം ദേശീയശ്രദ്ധ പിടിച്ചുപറ്റിയതാണ്. സി.പി.ഐ(എം)ന്റെ ജനറല്‍സെക്രട്ടറിയായിരിക്കെ പ്രകാശ്കാരാട്ട് ഇരകളാക്കപ്പെട്ട നിരപരാധികളെയും കൂട്ടി അന്ന് രാഷ്ട്രപതിയെ കണ്ട് യു.എ.പി.എ യുടെ ദുരുപയോഗം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുത്തിയതാണ്.  ഭരണഘടനയുടെ സംരക്ഷകനെന്ന നിലയില്‍ രാഷ്ട്രപതി ഇക്കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടതാണ്.


കടുത്ത മതവര്‍ഗീയ ധ്രുവീകരണം ലക്ഷ്യംവെച്ച് ഹിന്ദുത്വവാദികളും നവസലഫിസ്റ്റുകളും കഴിഞ്ഞ കുറേക്കാലമായി നടത്തിക്കൊണ്ടിരിക്കുന്ന വിദേ്വഷപ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഇടതുപക്ഷജനാധിപത്യമുന്നണി ഗവണ്‍മെന്റ് മുന്നോട്ടുവന്നിരിക്കുകയാണ്.

നിലനില്‍ക്കുന്ന ക്രിമിനല്‍ നടപടി നിയമമനുസരിച്ച് വിദേ്വഷ പ്രചരണവും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയും നേരിടണമെന്നാണ് ഇടതുപക്ഷമുന്നണി ഗവണ്‍മെന്റിന്റെ നയം. അതൊരു സംശയത്തിനും ഇടതരാത്തവിധത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തതാണ്.

സാമൂഹ്യമാധ്യമങ്ങളില്‍ ചില മുസ്‌ലീം തീവ്രവാദ ഗ്രൂപ്പുകളും മുസ്‌ലീംലീഗുകാരും ശംസുദ്ദീന്‍ പാലത്തിനെതിരെ യു.എ.പി.എ ചുമത്തുകയും ശശികലക്കെതിരെ ക്രിമിനല്‍ നടപടി നിയമത്തിലെ 153എ മാത്രം ചുമത്തുകയും ചെയ്ത നടപടി ഇടതുപക്ഷമുന്നണി ഗവണ്‍മെന്റിന്റെ വിവേചനപരമായ നടപടിയാണെന്ന രീതിയില്‍ വലിയ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത് ഇടതുപക്ഷമുന്നണി ഗവണ്‍മെന്റിന്റെ നയമല്ല യു.എ.പി.എ ഉപയോഗിക്കുകയെന്നും അങ്ങനെ കേസുകള്‍ ചുമത്തപ്പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കുമെന്നുമാണ്. എന്‍.ഐ.എ എടുത്ത യു.എ.പി.എ കേസുകളുടെ കാര്യം കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട് ചര്‍ച്ചചെയ്യുന്നതിലൊരു അര്‍ത്ഥവുമില്ല.

terror

ഈയൊരു പശ്ചാത്തലത്തില്‍ യു.എ.പി.എയോടുള്ള ഇടതുപക്ഷ നിലപാടും ദേശീയതലത്തില്‍ ഈ നിയമം ദുരുപയോഗം ചെയ്യപ്പെട്ട സാഹചര്യവും പൊതുവായി പരിശോധിക്കുകയാണ് ഇവിടെ.

ടാഡക്കും പോട്ടക്കും ശേഷം ഭീകരവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നേരിടാനെന്ന വ്യാജേന യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന യു.എ.പി.എ ഇന്ത്യയിലെമ്പാടും മനുഷ്യാവകാശധ്വംസനങ്ങള്‍ക്കുള്ള കരിനിയമമായി ഭരണകൂടം ഉപയോഗിക്കുകയാണ് ഉണ്ടായത്.

രാജ്യത്തു നടന്ന നിരവധി സ്‌ഫോടനപരമ്പരകളിലും ഭീകരാക്രമണങ്ങളിലും പ്രതികളെന്ന് സംശയിക്കുന്നവരെ യു.എ.പി.എ ഉപയോഗിച്ച് തടവിലിടുന്നത് ഒരു പതിവുപരിപാടിയാക്കി ഇന്ത്യന്‍ ഭരണകൂടം മാറ്റിയിരിക്കുകയാണ്. 9-ഉം 10-ഉം വര്‍ഷങ്ങള്‍ യു.എ.പി.എ ചുമത്തപ്പെട്ട കേസുകളില്‍ തടവറകളില്‍ കഴിഞ്ഞ പലരെയും അവര്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളില്‍ തെളിവില്ലെന്നു കണ്ട് കോടതികള്‍ വെറുതെ വിട്ടയക്കുകയായിരുന്നു.

ഭീകരവിരുദ്ധ നിയമം ഉപയോഗിച്ച് ഇന്ത്യന്‍ തടവറയില്‍ കഴിയുന്ന നിരപരാധികളെ സംബന്ധിച്ചു ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ അധ്യാപകര്‍ നടത്തിയ പഠനം ദേശീയശ്രദ്ധ പിടിച്ചുപറ്റിയതാണ്. സി.പി.ഐ(എം)ന്റെ ജനറല്‍സെക്രട്ടറിയായിരിക്കെ പ്രകാശ്കാരാട്ട് ഇരകളാക്കപ്പെട്ട നിരപരാധികളെയും കൂട്ടി അന്ന് രാഷ്ട്രപതിയെ കണ്ട് യു.എ.പി.എ യുടെ ദുരുപയോഗം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുത്തിയതാണ്.  ഭരണഘടനയുടെ സംരക്ഷകനെന്ന നിലയില്‍ രാഷ്ട്രപതി ഇക്കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടതാണ്.

ബാബരിമസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ വര്‍ഗീയ ധ്രുവീകരണവും മുംബൈ സ്‌ഫോടനമുള്‍പ്പെടെയുള്ള സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നല്ലോ ടാഡ എന്ന കരിനിയമം പടച്ചുണ്ടാക്കിയത്. ടാഡയനുസരിച്ച് ഭരണകൂടത്തിനഭിമതരും ഭീകരവാദികളെന്ന് സംശയിക്കപ്പെടുന്നവരുമായ ലക്ഷക്കണക്കിന് ചെറുപ്പക്കാരെയാണ് ഇന്ത്യന്‍ തടവറയില്‍ പീഡിപ്പിച്ചത്.

അടുത്ത പേജില്‍ തുടരുന്നു

yahya

ഗുജറാത്തിലും യു.പിയിലും മഹാരാഷ്ട്രയിലും ഈ നിയമത്തിന്റെ വ്യാപകമായ ദുരുപയോഗം തന്നെ നടന്നു. വര്‍ഗീയപക്ഷപാതിത്വത്തോടെ ഇന്ത്യന്‍ ഭരണകൂടം ദേശവ്യാപകമായി മുസ്‌ലീം ചെറുപ്പക്കാരെ ടാഡ ഉപയോഗിച്ച് വേട്ടയാടുകയായിരുന്നു. ഇടതുപക്ഷതീവ്രവാദവുമായി ബന്ധമുണ്ടെന്ന സംശയിക്കുന്നവരെയും ഈ നിയമം ഉപയോഗിച്ച് തുറങ്കിലടച്ചു. കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനങ്ങളില്‍ പോലും അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ടാഡ ഉപയോഗിച്ചു.

രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന പ്രതിഷേധവും മനുഷ്യാവകാശപ്രവര്‍ത്തകരുടെ നിയമയുദ്ധങ്ങളും ടാഡ നിലനിര്‍ത്താനാവാത്ത ബഹുജന സമ്മര്‍ദ്ദമായി വളര്‍ന്നപ്പോഴാണ്  ടാഡക്കുപകരം മറ്റൊരു നിയമത്തെക്കുറിച്ച് ഭരണകൂടം ആലോചിച്ചത്. അങ്ങനെയാണ് പോട്ട നിയമം നിലവില്‍ വന്നത്.

ടാഡയെ പോലെതന്നെ പോട്ടയും മനുഷ്യാവകാശധ്വംസനങ്ങള്‍ക്കാണ് ഉപയോഗിച്ചത്. വര്‍ഗീയപക്ഷപാതിത്വത്തോടെ ഈ നിയമം ഉപയോഗിച്ചതുമൂലം മുസ്‌ലിം ചെറുപ്പക്കാര്‍ വേട്ടയാടപ്പെട്ടു. പോട്ടക്കെതിരായും വമ്പിച്ച പ്രതിഷേധം ഉയര്‍ന്നുവന്നു. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് പോട്ട പരിഷ്‌കരിച്ച് മറ്റൊരു ഭീകരവിരുദ്ധ നിയമം ഉണ്ടാക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. രാജ്യത്തിന്റെ അഖണ്ഡതക്കും പരമാധികാരത്തിനുമെതിരായ പ്രവര്‍ത്തനങ്ങളെ നേരിടാനെന്ന വ്യാജേനയാണ് യു.എ.പി.എ പടച്ചുണ്ടാക്കിയത്.

pota

അന്നത്തെ യു.പി.എ സര്‍ക്കാര്‍ മുംബെയില്‍ ഭീകരാക്രമണം ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ സമ്മര്‍ദ്ദത്തില്‍ പാര്‍ലമെന്റില്‍ അവശ്യമായ രീതിയില്‍ ചര്‍ച്ച ചെയ്യാതെയാണ് ഈ നിയമം അംഗീകരിച്ചത്. യു.എ.പി.എ ചുമത്തപ്പെട്ടകേസുകളില്‍ പ്രതികളാക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും സുദീര്‍ഘമായ തടവറ ജീവിതത്തിനും വിചാരണകള്‍ക്കുശേഷം കോടതികള്‍ നിരപരാധികളെന്നുകണ്ട് വിട്ടയക്കപ്പെടുകയാണ്.

ഹുബ്ലി ഗൂഢാലോചനാക്കേസില്‍ പ്രതികളാക്കപ്പെട്ട 18 പേരെയും കോടതി വെറുതെവിടുകയാണ് ഉണ്ടായത്. മലയാളിയും കോഴിക്കോട് മുക്കം സ്വദേശിയുമായ യെഹിയ കമ്മുക്കുട്ടി എന്ന സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍ തന്റെ യൗവനത്തിന്റെ നീണ്ട വര്‍ഷങ്ങള്‍ ചെയ്യാത്ത കുറ്റത്തിന് തടവറയില്‍ കഴിയേണ്ടിവന്നു.

ഈ കേസില്‍ നാലു മലയാളികളുണ്ടായിരുന്നു. ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രം ആക്രമണക്കേസില്‍ പ്രതിയാക്കപ്പെട്ട മുഫ്തി  അബ്ദുള്‍ഗയൂം നീണ്ട 13 വര്‍ഷത്തെ തടവറ ജീവിതത്തിനുശേഷം സുപ്രീം കോടതി നിരപരാധിയാണെന്നുകണ്ട് വിട്ടയക്കുകയാണ് ഉണ്ടായത്. രാജ്യമെമ്പാടും വര്‍ഗീയ തിമിരം ബാധിച്ച ഭരണകൂടം എത്രയോ മുസ്‌ലീം ചെറുപ്പക്കാരെ യു.എ.പി.എ ഉപയോഗിച്ച് തടവിലിട്ടത് തികഞ്ഞ മനുഷ്യാവകാശ ലംഘനങ്ങളായിരുന്നു.

കേരളത്തില്‍ സാധാരണ രാഷ്ട്രീയ സംഘട്ടനങ്ങളില്‍ യു.ഡി.എഫ് സര്‍ക്കാര്‍ യു.എ.പി.എ ഉപയോഗിക്കുകയാണല്ലോ ഉണ്ടായത്. ബി.ജെ.പിയുടെ ഇംഗിതമനുസരിച്ചാണ് കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ ചുമത്തിയത്. നിയമംപറയുന്ന രീതിയില്‍ അഖണ്ഡതക്കോ പരമാധികാരത്തിനോ വെല്ലുവിളി ഉയര്‍ത്തിയ രാഷ്ട്രീയപ്രവര്‍ത്തകരായിരുന്നില്ല യു.എ.പി.എ പ്രകാരം കേസില്‍ പ്രതികളാക്കപ്പെട്ടത്.

കതിരൂര്‍കേസില്‍ രാഷ്ട്രസുരക്ഷ അപകടപ്പെടുത്തുന്ന വൈദേശികശക്തികളുടെ ഇടപെടലുണ്ടെന്ന അനേ്വഷണഏജന്‍സി കണ്ടെത്തിയിരുന്നില്ലല്ലോ. രാഷ്ട്രീയ ലക്ഷ്യത്തോടെ യു.എ.പി.എ ഉപയോഗിച്ച ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ സി.പി.ഐ(എം)ന്റെ പ്രവര്‍ത്തകരെയും അനുഭാവികളെയും വിചാരണകൂടാതെ തടവിലിട്ട് പീഡിപ്പിക്കാനാണ് ഉല്‍സാഹം കാണിച്ചത്.

അടുത്ത പേജില്‍ തുടരുന്നു

MADANI

ഇപ്പോള്‍ യു.എ.പി.എയുടെ ദുരുപയോഗത്തിനെതിരെ മുസ്‌ലീംലീഗ് ഉള്‍പ്പെടെയുള്ള പാര്‍ടികള്‍ പരസ്യമായി രംഗത്തുവന്നിരിക്കുകയാണല്ലോ. 2011-ല്‍ ടാഡയുടെയും പോട്ടയുടെയും തുടര്‍ച്ചയായി യു.എ.പി.എ കൊണ്ടുവന്ന യു.പി.എ സര്‍ക്കാരില്‍ മുസ്‌ലീംലീഗ് പങ്കാളിയായിരുന്നുവെന്ന യാഥാര്‍ത്ഥ്യം സൗകര്യപൂര്‍വ്വം ലീഗ് നേതാക്കള്‍ മറന്നതാകാം. നിയമസഭയില്‍ പ്രശ്‌നമുന്നയിച്ച ലീഗ് നിയമസഭാ കക്ഷി നേതാവ് ഇക്കാര്യത്തില്‍ ഒരാത്മവിമര്‍ശനവും നടത്തിയതായി കണ്ടില്ല.

നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളുമായി ബന്ധമില്ലാതെ യു.എ.പി.എ അനുസരിച്ച് ചുമത്തിയ എല്ലാ കേസുകളും റദ്ദാക്കണമെന്നാണ് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. യു.എ.പി.എ പ്രകാരമുള്ള കേസുകള്‍ ജുഡീഷ്യറി റിവ്യൂവിന് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. നല്ലകാര്യം. സി.പി.ഐ(എം) നേരത്തെ ഇതുന്നയിച്ചപ്പോള്‍ കോണ്‍ഗ്രസിനോടൊപ്പം കൗശലപൂര്‍വ്വം മൗനം പാലിച്ചിരിക്കുകയായിരുന്നു ലീഗ് നേതൃത്വം.

സി.പി.ഐ(എം) 21-ാം പാര്‍ടികോണ്‍ഗ്രസിന്റെ രാഷ്ട്രീയപ്രമേയത്തില്‍ യു.എ.പി.എ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ക്കെതിരെ മനുഷ്യാവകാശ-ജനാധിപത്യശക്തികളുടെ കൂട്ടായ്മ രൂപപ്പെടുത്താനും ഇത്തരം കരിനിയമങ്ങള്‍ പിന്‍വലിപ്പിക്കാനും ആവശ്യപ്പെടുന്നുണ്ട്.

binayak-sen

യു.എ.പി.എ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ഭരണകൂടം എങ്ങനെ ദുരുപയോഗം ചെയ്യുന്നുവെന്നതിനുള്ള ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമാണ് ബിനായക്‌സെന്‍ കേസ്. ഡോ.ബിനായക്‌സെന്‍ പി.യു.സി.എല്‍-ന്റെ ഉപാദ്ധ്യക്ഷനും ഛത്തീസ്ഗഢിലെ ദുര്‍ബല ജനവിഭാഗങ്ങളുടെ അവകാശപോരാട്ടങ്ങളുടെ നായകനുമായിരിക്കുന്ന സന്ദര്‍ഭത്തിലാണ് അദ്ദേഹത്തെ വ്യാജ ആരോപണങ്ങളുന്നയിച്ച് മാവോവാദിയാക്കി യു.എ.പി.എ പ്രകാരം തടവിലിട്ടത്.

ഇത് അംഗീകൃതമായ പൗരാവകാശതത്വങ്ങളോടുള്ള നഗ്നമായ വെല്ലുവിളിയായിരുന്നു. 1962-ല്‍ ഒരു വിധിയിലൂടെ സുപ്രീംകോടതി വ്യക്തമാക്കിയത് ഭരണകൂട നയങ്ങളോടുള്ള ഒരു പൗരന്റെ വിയോജിപ്പോ വിപ്രതിപത്തിയോ പ്രചരിപ്പിക്കുന്നത് ഹിംസയോ സായുധകലാപമോ നടത്താനുള്ള നേരിട്ടുള്ള പ്രേരണയോ ആഹ്വാനമോ ആകാത്തിടത്തോളം രാജ്യദ്രോഹകുറ്റം ആരോപിക്കാന്‍ പാടില്ലെന്നാണ്.

സ്വദേശികളും വിദേശികളുമായ കോര്‍പ്പറേറ്റുകള്‍ ഛത്തീസ്ഗഡിലെയും ഝാര്‍ഖണ്ടിലെയും ധാതുഖനനമേഖലകള്‍ കൈയടക്കുകയും ഈ മേഖലയിലെ ആദിവാസി ജനതയെ നിഷ്‌കരുണം കുടിയിറക്കുകയും ചെയ്യുന്ന സാഹചര്യമാണ് ബിനായക്‌സെന്നിനെപോലുള്ളവരെ ഭരണകൂട വിമര്‍ശകരാക്കിയത്.

രാജ്യത്തിന്റെ തന്ത്രപ്രധാനമായ മേഖലകളെല്ലാം ബഹുരാഷ്ട്രകുത്തകകള്‍ക്ക് അടിയറവെക്കുന്നവര്‍ തദ്ദേശീയ ജനതയുടെ ജീവിത അവകാശങ്ങളെയാണ് ഇല്ലാതാക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് ഭൂമിയേറ്റെടുത്തുകൊടുക്കാനുള്ള നിയമഭേദഗതി ഇന്ത്യയിലെ ലക്ഷോപലക്ഷം കര്‍ഷകരുടെയും കൃഷിക്കാരുടെയും കുടിയിറക്കലിനാണ് വഴിവെക്കുക. നദികളും വനസമ്പത്തും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുമ്പോള്‍ അവയെ ആശ്രയിച്ച് ഉപജീവനം കഴിച്ചിരുന്ന മണ്ണിന്റെ മക്കളാണ് വഴിയാധാരമാകുന്നത്.

രാഷ്ട്രത്തെയും അതിന്റെ വിഭവങ്ങളെയും ആഗോളമൂലധനശക്തികള്‍ക്ക് അടിയറവെക്കുന്ന ഭരണാധികാരികളാണ് യഥാര്‍ത്ഥത്തില്‍ ദേശസുരക്ഷക്കും പരമാധികാരത്തിനും ഭീഷണി ഉയര്‍ത്തുന്ന ഭീകരവാദികള്‍. ഭരണകൂടഭീകരതയാണ് മനുഷ്യാവകാശങ്ങളെയും നാടിന്റെ ജനാധിപത്യപരമായ നിലനില്‍പിനെയും ഇന്ന് തകര്‍ത്തുകൊണ്ടിരിക്കുന്നത്.

അടുത്ത പേജില്‍ തുടരുന്നു

sachar

ഭരണകൂടത്തിന്റെ ഈയൊരു വിധ്വംസകസ്വഭാവത്തെ എതിര്‍ക്കുന്നവരും വിമര്‍ശിക്കുന്നവരും പലപ്പോഴും ഭീകരവാദികളായി മുദ്രകുത്തപ്പെടുകയാണ്. ഭീകരവാദമെന്നതുതന്നെ കോര്‍പ്പറേറ്റ് മൂലധനതാല്പര്യങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ ജനകീയ പ്രസ്ഥാനങ്ങളെ അസ്ഥിരീകരിക്കാനും തകര്‍ക്കാനുമുള്ള സാമ്രാജ്യത്വത്തിന്റെ ഒരു ഉല്‍പന്നവും ഉപകരണവുമാണ്.

ജസ്റ്റിസ് രജീന്ദ്രസച്ചാര്‍ ചൂണ്ടിക്കാണിച്ചതുപോലെ കരിനിയമങ്ങള്‍ ജനങ്ങള്‍ക്കെതിരായ വിധ്വംസകമായൊരു നീതിനിര്‍വ്വഹണ നടപടിയാണ്. നിയമത്തിന്റെയും നീതിയുടെയും പേരില്‍ ഭരണകൂടം നിയമാതീതമായി പ്രവര്‍ത്തിക്കുകയും അനീതികരമായി പൊതുപ്രവര്‍ത്തകരെയും ജനങ്ങളെയും കടന്നാക്രമിക്കുകയുമാണ് യു.എ.പി.എ പോലുള്ള കരിനിയമങ്ങളിലൂടെ ചെയ്യുന്നത്.

കേരളത്തില്‍ മാവോയിസ്റ്റ് വേട്ടയുടെ പേരിലും യു.എ.പി.എ ഉപയോഗിക്കുകയാണ് ഭരണകൂടം. നിയമപരമായ നടപടികള്‍ക്കുപകരം പോലീസ് സംവിധാനത്തിന് കുറ്റാനേ്വഷണത്തിന്റെ പേരില്‍ നിയമാതീതമായി പ്രവര്‍ത്തിക്കാന്‍ അധികാരം നല്‍കുന്നത് നഗ്നമായ മനുഷ്യാവകാശധ്വംസനങ്ങള്‍ക്കാണ് വഴിവെക്കുക.

പോലീസ് കസ്റ്റഡിയില്‍ ഭരണകൂടത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മൂന്നാംമുറകളും കൊടും പീഡനങ്ങളും അടിച്ചേല്‍പ്പിച്ചതിന്റെ ദുരന്തപൂര്‍ണമായ എത്രയോ അനുഭവങ്ങളുണ്ട്. വര്‍ഗീസ് വധവും അടിയന്തിരാവസ്ഥയിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളും ആര്‍.ഇ.സി വിദ്യാര്‍ത്ഥിയായിരുന്ന പി.രാജന്റെ കസ്റ്റഡി മരണവുമെല്ലാം കേരളീയ അനുഭവങ്ങളാണ്.

sikh-riot

 

1948 ഡിസംബര്‍ 1-ാം തിയ്യതി ഐക്യരാഷ്ട്രസഭ അംഗീകരിച്ച മനുഷ്യാവകാശ പ്രഖ്യാപനം ലോകത്തെവിടെയുമുള്ള ജനങ്ങള്‍ക്ക് സ്ത്രീപുരുഷ ഭേദമന്യേ ജീവിത സ്വാതന്ത്ര്യം, കാരണംകൂടാതെയുള്ള തടവിനും തടവില്‍വെക്കലിനുമെതിരെയുള്ള സ്വാതന്ത്ര്യം, നിഷ്പക്ഷമായ കുറ്റവിചാരണക്കുള്ള സ്വാതന്ത്ര്യം എന്നിവ വാഗ്ദാനം ചെയ്യുന്നു.

എന്നാല്‍ കോര്‍പ്പറേറ്റ് മൂലധനവും ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങളും ചേര്‍ന്ന് നിര്‍ണയിക്കുന്ന ഭരണകൂടങ്ങള്‍ മനുഷ്യാവകാശങ്ങളെ നിരന്തരം ധ്വംസിക്കുകയാണ്. 2001-ലെ വേള്‍ഡ് ട്രേഡ് സംഭവത്തിനുശേഷം ഭീകരവിരുദ്ധ യുദ്ധത്തിന്റെ പേരില്‍ തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങളെയാകെ സാമ്രാജ്യത്വ ഭരണകൂടങ്ങളും അവരുടെ സാമന്ത ഭരണകൂടങ്ങളും വേട്ടയാടുകയാണ്.

കരിനിയമങ്ങളും കോണ്‍സെന്‌ട്രേഷന്‍ ക്യാമ്പുകളും വഴി നിരപരാധികളെ കുറ്റാനേ്വഷണത്തിന്റെ മറവില്‍ അനന്തമായ പീഡനങ്ങള്‍ക്കുവിധേയമാക്കുകയാണ്. മലേഗാവ്, മെക്കമസ്ജിദ് തുടങ്ങിയ നിരവധി സ്‌ഫോടനസംഭവങ്ങളുടെ പേരില്‍ നിരപരാധികളാണ് വേട്ടയാടപ്പെട്ടത്.

എന്നാല്‍ ദല്‍ഹിയിലെ സിഖ് കൂട്ടക്കൊലക്കുത്തരവാദികളായവരും 1984-ല്‍ ഭോപ്പാലിലെ വിഷവാതകകൂട്ടക്കൊലക്കുത്തരവാദികളായവരും നിയമത്തിന്റെ പിടിയില്‍ വന്നില്ല. 1992-ല്‍ ബാബ്‌റിമസ്ജിദ് തകര്‍ത്തവരും 2002-ലെ ഗുജറാത്തിലെ വംശഹത്യക്ക് നേതൃത്വം കൊടുത്തവരും സര്‍വ്വതന്ത്രസ്വതന്ത്രരായി രാജ്യാധികാരം കൈയാളുമ്പോഴാണ് നിരപരാധികളായ മനുഷ്യര്‍ യു.എ.പി.എ പോലുള്ള കരിനിയമങ്ങളാല്‍ നിരന്തരം വേട്ടയാടപ്പെടുന്നത്.

കോര്‍പ്പറേറ്റ് അധിനിവേശത്തെ എതിര്‍ക്കുന്ന തദ്ദേശീയ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാൡളാകുന്നവര്‍ക്കെതിരെ യു.എ.പി.എ ഉപയോഗിക്കുകയാണ്. അവകാശങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ ശബ്ദിക്കുന്നവരെപോലും യു.എ.പി.എ ഉപയോഗിച്ച് വേട്ടയാടുമ്പോള്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നീതിനിര്‍വ്വഹണമെന്നത് കോര്‍പ്പറേറ്റുകള്‍ക്കും ചൂഷകവര്‍ഗങ്ങള്‍ക്കും അവരുടെ അഴിമതിക്കാരായ രാഷ്ട്രീയ പ്രതിനിധികള്‍ക്കുമൊപ്പമാണെന്നാണ് വ്യക്തമാക്കപ്പെടുന്നത്. മനുഷ്യാവകാശത്തിന് മരണം വിധിക്കുന്ന യു.എ.പി.എക്കെതിരെ ജനാധിപത്യശക്തികളുടെ വിശാലമായ പ്രതിരോധം വളര്‍ത്തിയെടുത്തുകൊണ്ടേ ഭരണകൂട ഭീകരതയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനാകൂ.