വിചിത്രം! ഒരു പന്തില്‍ രണ്ട് DRS 😳; ബാറ്ററുടെ റിവ്യൂവില്‍ നോട്ട് ഔട്ട് വിളിച്ചതിന് പിന്നാലെ ബൗളറായ അശ്വിന്റെ റിവ്യൂ 😳; എന്തായിരുന്നു അപ്പോള്‍ മനസില്‍
Sports News
വിചിത്രം! ഒരു പന്തില്‍ രണ്ട് DRS 😳; ബാറ്ററുടെ റിവ്യൂവില്‍ നോട്ട് ഔട്ട് വിളിച്ചതിന് പിന്നാലെ ബൗളറായ അശ്വിന്റെ റിവ്യൂ 😳; എന്തായിരുന്നു അപ്പോള്‍ മനസില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 15th June 2023, 7:58 am

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിചിത്രമായ സംഭവത്തിനാണ് തമിഴ്‌നാട് പ്രീമിയര്‍ ലീഗ് (ടി.എന്‍.പി.എല്‍) സാക്ഷ്യം വഹിച്ചത്. ഡിണ്ടിഗല്‍ ഡ്രാഗണ്‍സും Ba11sy ട്രിച്ചിയും തമ്മില്‍ നടന്ന മത്സരത്തിലാണ് ഒരു അന്താരാഷ്ട്ര ക്രിക്കറ്ററുടെ ഭാഗത്ത് നിന്നും വിചിത്രമായ നീക്കമുണ്ടായത്.

ഒരു ഡെലിവെറിയില്‍ തന്നെ രണ്ട് ഡി.ആര്‍.എസ് പിറന്നു എന്ന അപൂര്‍വവും വിചിത്രവുമായ സംഭവത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. തേര്‍ഡ് അമ്പയര്‍ പരിശോധിച്ച് നോട്ട് ഔട്ട് വിളിച്ച അതേ വിക്കറ്റിന് തന്നെ ബൗളറും ചലഞ്ച് ചെയ്ത സംഭവമായിരുന്നു അത്.

Ba11sy ഇന്നിങ്‌സിലെ 13ാം ഓവറിലായിരുന്നു സംഭവം. ട്രിച്ചി ബാറ്റര്‍ രാജ്കുമാറിനെതിരെ കോട്ട് ബിഹൈന്‍ഡിനായി ഡ്രാഗണ്‍സ് അപ്പീല്‍ ചെയ്തു. അശ്വിന്‍ എറിഞ്ഞ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബാബ ഇന്ദ്രജിത് ക്യാച്ചെടുത്തതോടെയാണ് ടീം അപ്പീല്‍ ചെയ്തത്. അമ്പയര്‍ ഉടന്‍ തന്നെ ഔട്ട് ആയി വിധിയെഴുതുകയും ചെയ്തു.

എന്നാല്‍ അമ്പയറിന്റെ കൈ ഉയരുന്ന മാത്രയില്‍ തന്നെ രാജ്കുമാര്‍ റിവ്യൂ എടുത്തു. പന്ത് ബാറ്റില്‍ കൊണ്ടില്ല എന്ന പല റിപ്ലേകളിലൂടെ വ്യക്തമായ തേര്‍ഡ് അമ്പയര്‍ ഫീല്‍ഡ് അമ്പയറിന്റെ തീരുമാനം തിരുത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ തേര്‍ഡ് അമ്പയറിന്റെ തീരുമാനത്തില്‍ അതൃപ്തിയറിയിച്ച അശ്വിന്‍ വീണ്ടും കോട്ട് ബിഹൈന്‍ഡിനായി റിവ്യൂ എടുക്കുകയായിരുന്നു. നേരത്തെ പരിശോധിച്ച അതേ വിഷ്വലുകള്‍ വീണ്ടും പരിശോധിച്ച അമ്പയര്‍ നോട്ട് ഔട്ട് എന്ന തീരുമാനത്തില്‍ തന്നെ ഉറച്ചുനിന്നു. ഇതോടെ ഡ്രാഗണ്‍സിന് റിവ്യൂ നഷ്ടമാവുകയായിരുന്നു.

എന്നാല്‍ മത്സരത്തില്‍ ഡ്രാഗണ്‍സ് പടുകൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ട്രിച്ച് 19.1 ഓവറില്‍ 120 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ക്യാപ്റ്റന്‍ ഗംഗ ശ്രീധര്‍ രാജുവാണ് ടീമിന്റെ ടോപ് സ്‌കോറര്‍. രാജു 41 പന്തില്‍ നിന്നും 48 റണ്‍സ് നേടി അശ്വിന് വിക്കറ്റ് സമ്മാനിച്ച് പുറത്തായപ്പോള്‍ രാജ്കുമാര്‍ 22 പന്തില്‍ നിന്നും 33 റണ്‍സ് നേടി.

ഡ്രാഗണ്‍സിനായി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന്‍, സുഭോത് ഭാട്ടി, ശ്രാവണ്‍ കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. എസ് അരുണ്‍ ആണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡ്രാഗണ്‍സ് 31 പന്ത് ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. 46 റണ്‍സ് നേടിയ ശിവം സിങ്ങും 22 റണ്‍സ് നേടിയ ബാബ ഇന്ദ്രജിത്തും 20 റണ്‍സ് നേടിയ ഇംപാക്ട് പ്ലെയറായ ആദിത്യ ഗണേഷുമാണ് ഡ്രാഗണ്‍സിന് അനായാസ ജയം നേടിക്കൊടുത്തത്.

ലീഗിലെ എല്ലാ ടീമുകളും തങ്ങളുടെ ആദ്യ മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ ലൈക കോവൈ കിങ്‌സാണ് ഒന്നാം സ്ഥാനത്ത്. നെല്ലായ് റോയല്‍ കിങ്‌സ് രണ്ടാമതും ചെപക് സൂപ്പര്‍ ഗില്ലീസ് മൂന്നാം സ്ഥാനത്തും ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് നാലാം സ്ഥാനത്തുമാണ്.

ഞായറാഴ്ചയാണ് ഡ്രാഗണ്‍സിന്റെ അടുത്ത മത്സരം. സെയ്ചം മധുരൈ പാന്തേഴ്‌സാണ് എതിരാളികള്‍.

 

Content Highlight: Two reviews in one ball, Bizarre incidents in TNPL