News of the day
ടുണീഷ്യന്‍ മുസ്‌ലിം യുവതികള്‍ക്ക് ഇനി ഏതുമതസ്ഥരേയും വിവാഹം ചെയ്യാം: അമുസ്‌ലീങ്ങളെ വിവാഹം ചെയ്യുന്നതിനുള്ള നിരോധനം നീക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Sep 15, 05:04 am
Friday, 15th September 2017, 10:34 am

ടൂണിസ്: മുസ്‌ലിം യുവതികള്‍ ഇതര മതസ്ഥരെ വിവാഹം ചെയ്യുന്നതിലുള്ള വിലക്ക് നീക്കി ടുണീഷ്യ. ഒരു ദശാബ്ദക്കാലമായി നിലനില്‍ക്കുന്ന വിലക്കാണ് നീക്കിയിരിക്കുന്നത്.

തുല്യ അവകാശം ഉറപ്പുവരുത്താന്‍ ടുണീഷ്യന്‍ പ്രസിഡന്റ് ആഹ്വാനം ചെയ്തതിനു പിന്നാലെയാണിത്. ” ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയ ടൂണിഷ്യന്‍ യുവതികള്‍ക്ക് അഭിനന്ദനം” തീരുമാനം അറിയിച്ചുകൊണ്ട് പ്രസിഡന്റിന്റെ വക്താവ് സൈദ ഗാരച്ച് ഫേസ്ബുക്കില്‍ കുറിച്ചു.

1973 മുതലാണ് മുസ്‌ലിം അല്ലാത്തവരെ വിവാഹം ചെയ്യുന്നതില്‍ നിന്നും ടുണീഷ്യന്‍ മുസ്‌ലിം യുവതികളെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് നിലവില്‍ വന്നത്. എന്നാല്‍ ഇത് അറബ് വസത്തിനുശേഷം 2014 ടുണീഷ്യ സ്വീകരിച്ച ഭരണഘടനയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാറിനോട് ഈ നിരോധനം എടുത്തുമാറ്റാന്‍ ടുണീഷ്യന്‍ പ്രസിഡന്റ് ബെജി സെയ്ദ് എസബി ആവശ്യപ്പെടുകയായിരുന്നു.


Must Read: സ്വവര്‍ഗാനുരാഗിയെന്ന് വെളിപ്പെടുത്തിയ മുസ്‌ലിം യുവാവിനെതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണമെന്ന് പരാതി


പുതിയ നിയമത്തിന്റെ കരട് തയ്യാറാക്കാന്‍ വനിതാ അഭിഭാഷകരും ആക്ടിവിസ്റ്റുകളും ഉള്‍പ്പെട്ട ഒരു കമ്മീഷനേയും അദ്ദേഹം ചുമതലപ്പെടുത്തി.

ഇതുവരെ ടുണീഷ്യയിലെ ഏതെങ്കിലും അമുസ്‌ലിം യുവാവിന് മുസ്‌ലിം യുവതിയെ വിവാഹം ചെയ്യണമെങ്കില്‍ ഇസ് ലാം മതത്തിലേക്കു മതപരിവര്‍ത്തനം നടത്തേണ്ടതിയിരുന്നു. ഇതിന്റെ സര്‍ട്ടിഫിക്കറ്റ് തെളിവായി കാണിച്ചാല്‍ മാത്രമേ മുസ്‌ലിം യുവതികളെ വിവാഹം ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. നിരോധനം നീങ്ങുന്നതോടെ ഈ രീതിയാണ് മാറിയിരിക്കുന്നത്.

ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള മൗലികമായ മനുഷ്യാവകാശത്തിന്റെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി വടക്കേ ആഫ്രിക്കന്‍ രാജ്യങ്ങളിലെ മനുഷ്യാവകാശശ സംഘടനകള്‍ കാമ്പെയ്‌നുമായി രംഗത്തുവന്നിരുന്നു.