ജേക്കബ്ബ് വടക്കാഞ്ചേരിയുടെ അറസ്റ്റ് ഭരണഘടനാ വിരുദ്ധം; പിണറായിയുടേത് ഫാസിസ്റ്റ് നടപടി: ഡോ. ടി.ടി ശ്രീകുമാര്‍
Kerala News
ജേക്കബ്ബ് വടക്കാഞ്ചേരിയുടെ അറസ്റ്റ് ഭരണഘടനാ വിരുദ്ധം; പിണറായിയുടേത് ഫാസിസ്റ്റ് നടപടി: ഡോ. ടി.ടി ശ്രീകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th September 2018, 4:10 pm

തിരുവനന്തപുരം: ജേക്കബ്ബ് വടക്കാഞ്ചേരിയെ അറസ്റ്റുചെയ്ത നടപടിയ്‌ക്കെതിരെ വിയോജിപ്പുമായി അധ്യാപകനും എഴുത്തുകാരനുമായ ഡോ. ടി.ടി ശ്രീകുമാര്‍. ജേക്കബ്ബ് വടക്കാഞ്ചേരിയുടെ അറസ്റ്റ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും ടി.ടി ശ്രീകുമാര്‍ പറയുന്നു.

ആധുനിക മരുന്നുകള്‍ക്കെതിരായിരുന്നു എന്നും ജേക്കബ്ബ് വടക്കഞ്ചേരിയെന്നും വാക്‌സിനേഷന്‍, ആന്റി വൈറസ് ചികിത്സകള്‍, അതിന്റെ ചൂഷണ വ്യവഹാരങ്ങള്‍ എന്നിവയുള്‍പ്പെടെ അദ്ദേഹം എതിര്‍ത്തിരുന്നെന്നും ടി.ടി ശ്രീകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ജേക്കബ്ബ് വടക്കാഞ്ചേരിയുടെ അറസ്റ്റിലൂടെ കേരള ആഭ്യന്തരമന്ത്രിയുടേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും ഫാസിസ്റ്റ് മുഖമാണ് പുറത്തായിരിക്കുന്നതെന്നും ടി.ടി ശ്രീകുമാര്‍ കുറ്റപ്പെടുത്തി.

ഈ മനുഷ്യാവകാശ ലംഘനത്തിനെതിരെ പ്രതികരിക്കാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരോടും ആവശ്യപ്പെടുകയാണ്. ഏത് ചികിത്സ സ്വീകരിക്കണമെന്നത് വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. അതുകൊണ്ട് തന്നെ വ്യക്തിസ്വാതന്ത്ര്യം കൂടിയാണ്.

ആധുനികമരുന്നുകളുടെ മേല്‍ക്കോയ്മ തെളിയിക്കേണ്ടത് എതിരാളികളെ തടവിലാക്കിക്കൊണ്ടല്ല. അദ്ദേഹത്തെ എത്രയും പെട്ടെന്ന് ജയില്‍മോചിതനാക്കണമെന്നും അദ്ദേഹത്തിനെതിരായ നടപടി പിന്‍വലിക്കണമെന്നും ഡോ. ടി.ടി ശ്രീകുമാര്‍ ആവശ്യപ്പെട്ടു.

എലിപ്പനി പ്രതിരോധമരുന്നുകള്‍ക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിലാണ് ജേക്കബ്ബ് വടക്കാഞ്ചേരിയെ അറസ്റ്റ് ചെയ്തത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ പരാതിയില്‍ ക്രൈം ബ്രാഞ്ച് കൊച്ചിയില്‍ വെച്ചാണ് വടക്കാഞ്ചേരിയെ അറസ്റ്റ് ചെയ്തത്.

ജേക്കബ്ബ് വടക്കാഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് ആരോഗ്യമന്ത്രി മന്ത്രി ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആരോഗ്യവകുപ്പ് എലിപ്പനി പ്രതിരോധത്തിനായി കഴിക്കാന്‍ നിര്‍ദ്ദേശിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഡോക്സിസൈക്ലിനെതിരെയായിരുന്നു വടക്കാഞ്ചേരിയുടെ വ്യാജ പ്രചരണം.