national news
വെള്ളപ്പൊക്കത്തിനിടെ വൃദ്ധയെക്കൊണ്ട് കാല്‍ കഴുകിച്ച് ബി.ജെ.പി എം.എല്‍.എ; വിമര്‍ശനം ശക്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 May 20, 02:59 pm
Friday, 20th May 2022, 8:29 pm

അഗര്‍ത്തല: ത്രിപുരയിലുണ്ടായ വെള്ളപ്പൊക്കത്തിനിടെ ഒരു സ്ത്രീ ഭരണകക്ഷിയായ ബി.ജെ.പി എം.എല്‍.എ മിമി മജുംദാറിന്റെ കാല് കഴുകുന്ന വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായതിന് പിന്നാലെ വിമര്‍ശനം ശക്തമാവുന്നു.

എം.എല്‍.എ വെസ്റ്റ് ത്രിപുരയില്‍ വെള്ളപ്പൊക്കബാധിത മേഖല സന്ദര്‍ശിച്ചതിന് ശേഷമാണ് കാല്‍ കഴുകുന്ന വീഡിയോ പുറത്തുവന്നത്.

പടിഞ്ഞാറന്‍ ത്രിപുരയിലെ സൂര്യപാരയില്‍ വെള്ളപ്പൊക്കമുണ്ടായതിന് പിന്നാലെയാണ് സ്ഥലം എം.എല്‍.എയായ മിമി മജുംദാര്‍ സ്ഥലത്തെത്തിയത്. ഇതിന് പിന്നാലെ ഒരു സ്ത്രീ സോപ്പുപയോഗിച്ച് അവരുടെ കാല് കഴുകുന്നതും തുടയ്ക്കുന്നതുമായ വീഡിയോയാണ് പുറത്തുവന്നത്.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് എം.എല്‍.എയ്‌ക്കെതിരെ ഉയരുന്നത്.

‘ഫോട്ടോഷൂട്ടിന് ശേഷം ഒരു സ്ത്രീക്ക് എം.എല്‍.എയുടെ കാലുകള്‍ കഴുകേണ്ടി വന്നു’ എന്ന കുറിപ്പോടെയായിരുന്നു സി.പി.ഐ.എം ത്രിപുര തങ്ങളുടെ ഔഗ്യോഗിക ഫേസ്ബുക്ക് പേജില്‍ വീഡിയോ പങ്കുവെച്ചത്.

ഇപ്പോള്‍ നടന്ന സംഭവം ഞെട്ടിക്കുന്നതാണ് എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രഘു ദാസ് പറഞ്ഞത്.

‘ബി.ജെ.പി എം.എല്‍.എയുടെ മനോഭാവത്തെയാണ് ഇത് കാണിക്കുന്നത്. ജനങ്ങള്‍ ദുരിതത്തില്‍ പെടുമ്പോള്‍ അവര്‍ക്ക് ജനങ്ങളോട് ഒരു അനുകമ്പയുമില്ല. അവര്‍ സ്വന്തം ഇമേജ് വര്‍ധിപ്പിക്കുന്നതിലും ഫോട്ടോഷൂട്ട് നടത്തുന്നതിലുമാണ് താത്പര്യം കാണിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

എന്നാല്‍, തന്നോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ടാണ് അവര്‍ തന്റെ കാലുകള്‍ കഴുകിയതെന്നായിരുന്നു എം.എല്‍.എയുടെ വിശദീകരണം.

‘ഒരു എം.എല്‍.എയോടുള്ള സ്‌നേഹവും വാത്സല്യവും കൊണ്ടാണ് അവര്‍ എന്റെ കാല് കഴുകിയത്. ഒരു മാതാവിന്റെ സ്‌നേഹത്തെ ഇത്തരത്തില്‍ കാണരുത്.

ഒരു എം.എല്‍.എയ്ക്ക് ജനങ്ങള്‍ എത്രത്തോളം ആദരവ് നല്‍കുന്നു എന്നതിന്റെ തെളിവാണിത്. ഇക്കാലത്ത് ആരും ആരുടേയും കാല് പിടിക്കാന്‍ നിര്‍ബന്ധിക്കില്ല,’ ബി.ജെ.പി എം.എല്‍.എ പി.ടി.ഐയോട് പറഞ്ഞു.

2019 ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സ്‌കൂള്‍ അധ്യാപികയായ മിമി മജുംദാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് മിമി തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും ജയിച്ചതും.

Content Highlight: Tripura BJP MLA draws flak over video of woman washing her feet