ആദ്യ വനിത ടീമിനുള്ള ട്രിബ്യൂട്ട്; പുതിയ ജേഴ്‌സി പുറത്തിറക്കി ബാഴ്‌സ; ചരിത്രമിങ്ങനെ
football news
ആദ്യ വനിത ടീമിനുള്ള ട്രിബ്യൂട്ട്; പുതിയ ജേഴ്‌സി പുറത്തിറക്കി ബാഴ്‌സ; ചരിത്രമിങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 15th June 2023, 6:17 pm

റയല്‍ മാഡ്രിഡിന് പിന്നാലെ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയും 2023-24 സീസണിലെ തങ്ങളുടെ ജേഴ്‌സി കിറ്റ് പുറത്തിറക്കി. 1971ലെ ക്ലബ്ബിന്റെ ആദ്യത്തെ വനിതാ ടീമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ക്ലബ്ബിന്റെ ഹോം കിറ്റ് പുറത്തിറക്കിയതെന്ന് ബാഴ്‌സലോണ അറിയിച്ചു. പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്റായ നൈക്കാണ് ജേഴ്‌സി പുറത്തിറക്കിയിട്ടുള്ളത്.

ഒറിജിനല്‍ ബ്ലാഗ്രാന നിറത്തില്‍ തന്നെയാണ് ജേഴ്‌സി. ജേഴ്‌സിയില്‍ ഒരു ഡയമണ്ട് ബാഡ്ജും സ്ഥാപിച്ചിട്ടുണ്ട്. ക്യാമ്പ് നൗവില്‍ ആദ്യത്തെ ഔദ്യോഗിക വനിതാ ടീമിനെയാണ് ഡയമണ്ട് ബാഡ്ജ് പ്രതിനിധീകരിക്കുന്നതെന്ന് ക്ലബ്ബ് അറിയിച്ചു.

ബാഴ്‌സ വനിതാ ഫുട്‌ബോള്‍ ടീമിന്റെ കഥയും ഡയമണ്ട് ബാഡ്ജും

വനിതാ ഫുട്‌ബോള്‍ ടീം രൂപികരിക്കാന്‍ 1970ലാണ് ബാഴ്‌സ ശ്രമം ആരംഭിക്കുന്നത്.
മുന്‍ ബാഴ്‌സ താരം ഇന്‍മ കാബെസെറാന്‍ അന്നത്തെ ക്ലബ് പ്രസിഡന്റ് അഗസ്റ്റി മോണ്ടല്‍ ഐ കോസ്റ്റയ്ക്ക് ഒരു കത്ത് അയച്ചതോടെയാണ് ഇതിന്റെ തുടക്കം.

ഒരു വനിതാ ഫുട്‌ബോള്‍ മത്സരം ക്യാമ്പ് നൗവില്‍ സംഘടിപ്പിക്കണം എന്നായിരുന്നു ഇന്‍മ കാബെസെറാന്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് അഗസ്റ്റി മോണ്ടലയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഈ ഫുട്‌ബോള്‍ മത്സരം യാഥാര്‍ത്ഥ്യമാവുകയുമായിരുന്നു.

ഈ മത്സരത്തിന്റെ തുടര്‍ച്ചയെന്നോണമാണ് 1971ലെ വനിതാ ടീം പിറവിയെടുക്കുന്നത്. അന്ന് സപ്പോര്‍ട്ടിങ് ടീമായിട്ടായിരുന്നു രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. പിന്നീട് ഔദ്യോഗിക ടീമായി 1988ല്‍ രജിസ്റ്റട്രേഷന്‍ പുതുക്കുകയും ചെയ്തു. അന്ന് മുതല്‍ വനിത ടീം ഈ ഡയമണ്ട് ബാഡ്ജ് അണിയുന്നുണ്ട്. ഇന്ന് ലോകത്തെ തന്നെ മികച്ച സ്‌ക്വാഡാണ് ബാഴ്‌സയുടെ പെണ്‍പട.

2021ലെ ആദ്യത്തെ വനിതാ ചാമ്പ്യന്‍സ് ലീഗ് ബാഴ്‌സക്ക് സ്വന്തമാക്കാനായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫിഫയുടെ മികച്ച താരമായി തെരഞ്ഞെടുത്ത അലക്‌സിയ പുറ്റെല്ലസിയും ബാഴ്‌സയുടെ താരമാണ്.