തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ ക്ഷേത്രം തുറക്കാന്‍ പറഞ്ഞവരാണ് ഇപ്പോള്‍ അടക്കാന്‍ പറയുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എന്‍.വാസു. ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
ഭക്തരുടെ ആവശ്യത്തെ ഇപ്പോള്‍ എതിര്‍ക്കുന്നവര്‍ മറ്റ് താല്‍പ്പര്യങ്ങളുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ആരാധനാലയങ്ങള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി രംഗത്തെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ക്ഷേത്രങ്ങള്‍ തുറക്കുന്നതെന്നും ഹിന്ദു സംഘടനകളുടെ അഭിപ്രായം തേടാതെയാണ് സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ തുറന്നതെന്നും ഹിന്ദുഐക്യവേദി ആരോപിച്ചു.
ഹിന്ദു ഐക്യവേദിക്ക് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ബാബു അറിയിച്ചു. നാളെ മുതല്‍ ആരാധനാലയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
അതേസമയം, തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഈ മാസം 30 വരെ തുറക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ നാളെ മുതല്‍ പത്മനാഭസ്വാമി ക്ഷേത്രം തുറക്കാനായിരുന്നു തീരുമാനം. ഈ തീരുമാനം പിന്‍വലിച്ചതായും ക്ഷേത്രം അധികാരികള്‍ അറിയിച്ചു.
എന്‍.എസ്.എസിന്റെ കീഴിലുള്ള ക്ഷേത്രങ്ങളും നാളെ തുറക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. വി.എച്ച്.പിയും തങ്ങള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങള്‍ തുറക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ക്ഷേത്രങ്ങള്‍ തുറക്കുന്നതിനെതിരെ ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. തബ് ലീഗിനെ പോലെ ഹിന്ദു ആരാധനാലയങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ഹിഡന്‍ അജണ്ട സര്‍ക്കാര്‍ ഉത്തരവിന് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക