ഇന്റലിജന്‍സും സൂഫിസവും തമ്മിലെന്ത്?
Daily News
ഇന്റലിജന്‍സും സൂഫിസവും തമ്മിലെന്ത്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th May 2016, 7:27 pm

ഇന്റലിജന്‍സ് വിഭാഗത്തിന്റെ സൂഫി താത്പര്യത്തില്‍ പല ദുരൂഹതകളുമുണ്ട്. ഇന്റലിജന്‍സില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഒരു ഉദ്യോഗസ്ഥന്‍, കേരളത്തില്‍ ചിലയിടത്ത് വേരോട്ടമുള്ള ഒരു സൂഫി സരണിയുടെ അനുയായികള്‍ സുല്‍ത്താനുല്‍ ആരിഫീന്‍ എന്ന് വിശേഷിക്കപ്പെടുന്ന നേതാവിനെ കാശ്മീരില്‍ നടന്ന ചടങ്ങില്‍ ഷാള്‍ പുതപ്പിച്ച് ആദരിക്കുന്ന പടം പ്രസ്തുത സൂഫി സരണിയുടെ ഒരു മലയാളം പ്രസിദ്ധീകരണത്തില്‍ അച്ചടിച്ചുവന്നത് ഓര്‍ക്കുന്നു. ( സൂഫികള്‍ പ്രശസ്തികാമുകരല്ലെന്നതൊക്കെ പണ്ടുകാലത്തെ സൂഫികള്‍ക്കുമാത്രം പറഞ്ഞിട്ടുള്ളതാണെന്ന് സമാധാനിക്കുക). കാശ്മീര്‍, ഇന്റലിജന്‍സ്, ത്വരീഖത്ത് എന്ന വൃത്തം വരയ്ക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന കൂടുതല്‍ ഉത്കണ്ഠ ഉയര്‍ത്തുന്ന പല ചോദ്യങ്ങളും ഉണ്ട്. കാശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ ജഡങ്ങളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ബന്ധുക്കള്‍ക്ക് കൈമാറുന്നത് സമര്‍ത്ഥമായി ഒഴിവാക്കപ്പെട്ടത് മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.



VA-KABEER| #TodaysPoint : വി.എ കബീര്‍ |


മാര്‍ച്ച് മാസം പകുതിയില്‍ ദല്‍ഹിയില്‍ നടന്ന ലോകസൂഫി ഫോറം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യംകൊണ്ടും സമ്മേളനം ഉയര്‍ത്തിയ വിഷയങ്ങള്‍ കൊണ്ടും വന്‍ വാര്‍ത്താപ്രാധാന്യമാണ് നേടിയത്. ലോക സൂഫി ഫോറത്തിനും സൂഫി ഫോറം സംഘടിപ്പിച്ച വിവിധ സൂഫി ധാരകള്‍ക്കും സംഘപരിവാര്‍ രാഷ്ട്രീയവുമായി അടുത്ത ബന്ധമുണ്ടെന്ന് സ്ഥാപിക്കാനാണ് ജമാഅത്തെ ഇസ്ലാമി നിയന്ത്രണത്തിലുള്ള ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ചീഫ് എഡിറ്റര്‍ വി.എ കബീര്‍ പച്ചക്കുതിരയിലെഴുതിയ സൂഫി രാഷ്ട്രീയം എന്ന ലേഖനത്തിലൂടെ ശ്രമിക്കുന്നത്. ഇന്ത്യയിലേയും ഇന്ത്യയ്ക്ക് പുറത്തേയും വിവിധ സൂഫി ധാരകളുടെ ചരിത്രം വിമര്‍ശനത്തിന് വിധേയമാക്കുന്ന ലേഖനത്തിന്റെ (2016 മെയ് ലക്കം 147 പച്ചക്കുതിര) പതിനെട്ട് ശതമാനമാണ് ഇവിടെ ചര്‍ച്ചയ്ക്കായി നല്‍കുന്നത്.

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമത്തിന് പരാജയം ഏറ്റതുമുതല്‍ക്ക് മുസ്‌ലീങ്ങളില്‍ ചിലരെയെങ്കിലും വലവീശിപ്പിടിക്കാനുള്ള ശ്രമത്തിന് ബി.ജെ.പി പാളയത്തില്‍ ആക്കം കൂടിയിരുന്നു. അതിന്റെ ഭാഗമായിരുന്നു സൂഫി സംഘാടനം. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ തന്നെ മോദിയുടെ വസതിയില്‍ ഇത് സംബന്ധമായി ഒരു യോഗം നടന്നിരുന്നു.

ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡയരക്ടറും ഭീകരവിരുദ്ധ നീക്കങ്ങളില്‍ ഇപ്പോള്‍ മോദിയുടെ പ്രത്യേക ദൂതനുമായ ആസിഫ് ഇബ്രാഹിമായിരുന്നു സമ്മേളനത്തിന്റെ കോഡിനേറ്റര്‍.

ഇന്റലിജന്‍സ് വിഭാഗത്തിന്റെ സൂഫി താത്പര്യത്തില്‍ പല ദുരൂഹതകളുമുണ്ട്. ഇന്റലിജന്‍സില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഒരു ഉദ്യോഗസ്ഥന്‍, കേരളത്തില്‍ ചിലയിടത്ത് വേരോട്ടമുള്ള ഒരു സൂഫി സരണിയുടെ അനുയായികള്‍ സുല്‍ത്താനുല്‍ ആരിഫീന്‍ എന്ന് വിശേഷിക്കപ്പെടുന്ന നേതാവിനെ കാശ്മീരില്‍ നടന്ന ചടങ്ങില്‍ ഷാള്‍ പുതപ്പിച്ച് ആദരിക്കുന്ന പടം പ്രസ്തുത സൂഫി സരണിയുടെ ഒരു മലയാളം പ്രസിദ്ധീകരണത്തില്‍ അച്ചടിച്ചുവന്നത് ഓര്‍ക്കുന്നു. ( സൂഫികള്‍ പ്രശസ്തികാമുകരല്ലെന്നതൊക്കെ പണ്ടുകാലത്തെ സൂഫികള്‍ക്കുമാത്രം പറഞ്ഞിട്ടുള്ളതാണെന്ന് സമാധാനിക്കുക).

MODI-IN-SUFI-FORUM

കാശ്മീര്‍, ഇന്റലിജന്‍സ്, ത്വരീഖത്ത് എന്ന വൃത്തം വരയ്ക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന കൂടുതല്‍ ഉത്കണ്ഠ ഉയര്‍ത്തുന്ന പല ചോദ്യങ്ങളും ഉണ്ട്. കാശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ ജഡങ്ങളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ബന്ധുക്കള്‍ക്ക് കൈമാറുന്നത് സമര്‍ത്ഥമായി ഒഴിവാക്കപ്പെട്ടത് മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹൈദരാബാദിലെ നൂരുഷ ത്വരീഖത്ത് കേന്ദ്രവുമായി ബന്ധമുള്ളവരാണ് സംഭവത്തിലെ പ്രതികളായ തീവ്രവാദികളെല്ലാം എന്നും ആ റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നത് ഓര്‍ക്കുക.

അറുപതുകളില്‍ കേരളത്തിലെ സുന്നി സംഘടനയായ സമസ്തയുടെ അംഗീകാരം നേടിയ ആത്മീയപ്രസ്ഥാനമായിരുന്നു നൂരിഷാ ത്വരീഖത്ത്. പട്ടിക്കാട്ടെ ജാമിഅ നൂരിഅയ്ക്ക് ആ പേര് കിട്ടിയത് തന്നെ നൂരിഷയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. ആദ്യകാലത്ത് ആ സ്ഥാപനത്തിന്റെ എല്ലാ വാര്‍ഷികയോഗങ്ങളിലും അനിവാര്യ ഘടകമായിരുന്നു നൂരിഷയുടെ സാന്നിധ്യവും പ്രസംഗവും. അദ്ദേഹത്തിന്റെ കരസ്പര്‍ശമേറ്റ സാധനങ്ങളുടെ അനുഗ്രഹം മുതലാക്കി ലേലം വിളിച്ചുകൊണ്ടാണ് വാര്‍ഷികത്തില്‍ സ്ഥാപനത്തിന്റെ ധനസമാഹരണം നടത്തിയിരുന്നത്. പക്ഷേ പിന്നീട് സമസ്ത ഈ “ത്വരീഖത്തി”നെ തള്ളിപ്പറഞ്ഞത്. ഒരിക്കല്‍ മുന്നറിയിപ്പൊന്നുമില്ലാതെ ഹൈദരാബാദിലെത്തിയ ബാഫഖി തങ്ങള്‍ അഹിതകരമായ ഒരു സാഹചര്യത്തില്‍ നൂരിഷയെ കണ്ടുമുട്ടാനിടയായതാണ് നൂരിഷ ത്വരീഖത് അനഭിമതമാകാന്‍ കാരണമെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍ ഇവിടെ ശ്രദ്ധേയമായ മറ്റൊരു സംഗതി ഈ ആത്മീയ സരണിയുടെ സ്ഥാപകനായ നൂരിഷ പൂര്‍വാശ്രമത്തില്‍ ഉയര്‍ന്ന ഒരു പോലീസുദ്യോഗസ്ഥനായിരുന്നു എന്നതാണ്.

MODI-IN-SUFI-FORUM-1

നൂരിഷയെ സമസ്ത തള്ളിപ്പറഞ്ഞുവെങ്കിലും അക്കാലത്ത് സമസ്ത നേതാക്കളിലൊരാളും നൂരിഷയെ കേരളത്തില്‍ ഇറക്കുമതി ചെയ്ത വ്യക്തിയുമായ കുട്ടിഹസ്സന്‍ ഹാജി “ഗുരു”വിന്റെ കൂടെതന്നെ ഉറച്ചുനില്‍ക്കുകയും കേരളത്തില്‍ നൂരി സില്‍സില(കണ്ണികള്‍) യുടെ വ്യാപനത്തില്‍ സേവനം തുടങ്ങുകയുമാണ് ഉണ്ടായത്. പൂര്‍വാശ്രമത്തില്‍ തഹസില്‍ദാറായിരുന്ന ഈ ശിഷ്യനും അധികാരത്തിന്റെ ഉന്നത കേന്ദ്രങ്ങളില്‍ നല്ല പിടിപാടുണ്ടായിരുന്നു. ഈ ലേഖകന്റെ സുഹൃത്തായ ഒരു ഡോക്ടറുടെ ക്ലിനിക്കില്‍ ഒരിക്കല്‍ പരിശോധനയ്‌ക്കെത്തിയ ഹാജിയുടെ മെഡിക്കല്‍ ഹിസ്റ്ററിയില്‍ കാണാനിടയായ സംഗതികള്‍ പ്രസ്തുത സുഹൃത്ത് അനാവരണം ചെയ്തത് ഓര്‍ക്കുന്നു. അദ്ദേഹത്തെ ഇന്ത്യന്‍ പ്രസിഡന്റിന്റെ അലോപ്പതി ഡോക്ടറും ആയുര്‍വേദ ഡോക്ടറും പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു.

ഇന്ത്യാ ഗവര്‍മെന്റിന്റെ രഹസ്യാന്വേഷണ വിഭാഗവും മുസ്‌ലീം ആത്മീയ ത്വരീഖത് കേന്ദ്രങ്ങളും തമ്മില്‍ വല്ല രഹസ്യബാന്ധവവും നിലനില്‍ക്കുന്നുണ്ടോ? ഒരു അന്വേഷണാത്മക റിപ്പോര്‍ട്ടിന് സാധ്യതയുള്ള വിഷയമാണിത്. രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ അപ്പടി പകര്‍ത്തിവെക്കുക എന്നല്ലാതെ കാശ്മീര്‍ റിക്രൂട്ടില്‍ ഇന്റലിജന്‍സും ഹൈദരാബാദിലെ ആത്മീയ കേന്ദ്രവും തമ്മില്‍ വല്ല കളികളും നടക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് കണ്ടെത്താന്‍ ആംബിയറുള്ള ഒരു പത്രപ്രവര്‍ത്തകനും ഇന്നുണ്ടാവില്ല.