'പിണറായിയോട് ഒരു തുറന്ന അഭ്യര്‍ത്ഥന': മഹാശ്വേതാദേവി
Daily News
'പിണറായിയോട് ഒരു തുറന്ന അഭ്യര്‍ത്ഥന': മഹാശ്വേതാദേവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st June 2012, 6:25 pm

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി സാഹിത്യകാരിയും ജ്ഞാനപീഠ ജേതാവും സാമൂഹ്യ പ്രവര്‍ത്തകയുമായ മഹാശ്വേതാദേവി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് തുറന്ന കത്തഴുതി. സി.പി.ഐ.എം ഇടുക്കി സെക്രട്ടറി എം.എം.മണി മഹാശ്വേതാദേവിക്കെതിരെ നടത്തിയ അശ്ലീല പരാമര്‍ശങ്ങളോട് പ്രതികരിച്ചുകൊണ്ടാണ് കത്തെഴുതിയത്. സി.പി.ഐ.എമ്മിന്റെ അക്രമ രാഷ്ട്രീയത്തെയും പിണറായിയുടെ നടപടികളെയും വിമര്‍ശിക്കുന്ന കത്തില്‍ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തോടുള്ള കടുത്ത എതിര്‍പ്പും പ്രകടിപ്പിക്കുന്നുണ്ട്. കേരളത്തിലെ സാഹിത്യ കാരന്‍മാരോട് ഉണര്‍ന്ന് പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് മഹാശ്വേതാദേവിയുടെ കത്ത് അവസ്സാനിക്കുന്നത്.

 

കത്തിന്റെ പൂര്‍ണ്ണരൂപം:

തോപ്പുംപാടി സ്വദേശിയായ മജീന്ദ്രന്‍ ഇന്നലെ വളരെ ആശങ്കാകുലനായി എന്നെ ഫോണ്‍ വിളിക്കുകയുണ്ടായി. കേരളത്തിലെ സി.പി.ഐ.എം നേതാവായ മണി ടി.പി ചന്ദ്രശേഖരന്റേതടക്കമുള്ള അതിനിഷ്ഠൂരമായ കൊലപാതകങ്ങളെ ന്യായീകരിച്ചതായി അദ്ദേഹം പറഞ്ഞു. മജീന്ദ്രന്‍ താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു മത്സ്യത്തൊഴിലാളി നേതാവാണ്. മാത്രവുമല്ല മണി എനിക്കെതിരെ നടത്തിയ അശ്ലീലമായ പരാമര്‍ശങ്ങളോട് വളരെയധികം ദേഷ്യത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. ഇത്തരമൊരു ആക്രമണത്തിന് ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്?

ഞാന്‍ ഈ കത്ത് സ്വന്തം കൈപ്പടയിലാണ് എഴുതുകയാണ് . ഞാന്‍ അത്രമാത്രം സാങ്കേതിക പരിജ്ഞാനമുള്ള വ്യക്തിയല്ല. ഇങ്ങ് കല്‍കത്തയിലിരുന്ന് എനിക്ക് കാണാന്‍ കഴിയും, അപരിഷ്‌കൃതവും അധാര്‍മ്മികവുമായ രീതിയില്‍ എനിക്കുനേരെ ഒരാള്‍ വിഷം ചീറ്റുന്നത്. എനിക്ക് മണിയോട് ദേഷ്യമില്ല, അയ്യാളോട് തമാശയാണ് തോന്നുന്നത്. അയാള്‍ക്കെതിരെ എനിക്കൊരു നടപടിയുമെടുക്കാനാവില്ല. കാരണം വ്യത്യസ്തവും ആലങ്കാരികവുമായ രീതിയില്‍ നോക്കിയാല്‍ അയാളാണ് ശരി. 87-ാമത്തെ എന്റെ ഈ കൊച്ചുപ്രായത്തില്‍ ജീവിത്തോടുള്ള ആസക്തി എന്നെ കഷ്ടപ്പെടുത്തുന്നുണ്ട്.

ഞാന്‍ മരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നെന്നും ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ജോഷി ജോസഫിന് അതു നന്നായി അറിയാം (ജോഷിയുടെ സിനിമകള്‍ നിങ്ങള്‍ കാണണം. പക്ഷേ ബുദ്ധദേവ് ഭട്ടാചാര്യ, അദ്ദേഹത്തിന്റെ സിനിമകള്‍ നിരോധിച്ചുകളഞ്ഞു. ബുദ്ധദേവിന് നന്ദി. ഞാന്‍ ജോഷിയെ കണ്ടുമുട്ടിയതിന്.)

ടി.പി ചന്ദ്രശേഖരന്റെ ഭാര്യ രമയെ സന്ദര്‍ശിക്കാനായി അവരുടെ വീട്ടില്‍ പോയപ്പോള്‍ അവിടെയുണ്ടായിരുന്ന യുവാക്കളായ സഖാക്കളോട് “ഭാഷായ് തുഡു” എന്ന എന്റെ പുസ്തകത്തെ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യണമെന്ന് പറഞ്ഞിരുന്നു. ഭാഷായ് തുഡു എന്ന എന്റെ നായകന്‍ ഒരു കര്‍ഷകനാണ്. ഒപ്പം ഒരു വിമതനുമാണ്. അക്കാലത്തെ സര്‍ക്കാര്‍ അയാളെ കൊല്ലണമെന്നാഗ്രഹിച്ചിരുന്നു. അവരയാളെ കൊന്നു. അദ്ദേഹത്തിന്റെ ശവശരീരം തിരിച്ചറിഞ്ഞു. പക്ഷേ മറ്റൊരു വിമതന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ആരംഭം കുറിച്ചു.  ഭാഷായ് തുഡു താനാണെന്ന് എന്ന് സ്വയം പ്രഖ്യാപിച്ചു അയാള്‍. എന്റെ ഭാഷായിക്ക് മരണമില്ല. അയാള്‍ ശരിയായ ജനകീയ നേതാവായിരുന്നു. ജനങ്ങളുടെ ഓര്‍മ്മകളിലൂടെ അദ്ദേഹം ജീവിക്കുന്നു. അതുപോലെ ടി. പി ചന്ദ്രശേഖരനും അനശ്വരനാണ്. ജനങ്ങളുടെ ഓര്‍മ്മകളിലൂടെ അദ്ദേഹം ജീവിക്കുന്നു, അവരെ നയിക്കുന്നു, എന്റെ ഭാഷായിയെപ്പോലെ.

എല്ലാതരത്തിലുള്ള ആളുകള്‍ എന്നെകാണാറുണ്ട്, സംസാരിക്കാറുണ്ട്. അതിലൊരു കഥ എന്നെ ഭയപ്പെടുത്തിക്കളഞ്ഞു. സി.പി.ഐ. “എം” സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മാളികയ്ക്ക് സമീപം ആര്‍ക്കും തന്നെ പോകാനാവില്ലെന്ന്.

വിജയന്‍, എനിക്ക് വിശ്വസിക്കാനാകുന്നില്ല. ചന്ദ്രശേഖരനെ കൊല്ലാനുള്ള ഒരു കാരണം അദ്ദേഹം ഒഞ്ചിയത്തുള്ള സഖാക്കളുമായി നിങ്ങളുടെ ആ മണിമാളിക നഗ്നേത്രങ്ങളാല്‍ കാണാന്‍ ധൈര്യം കാണിച്ചുവെന്നതാണെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഉള്ളില്‍ ഭയം തളംകെട്ടുന്നു. എന്റെ കണ്ണുകള്‍ കൊണ്ട് അത് കാണും വരെ ഞാനത് വിശ്വസിക്കില്ല.

മെയ് 4ന് ചന്ദ്രശേഖരനെ കൊത്തി നുറുക്കിയതിനു സമീപമുള്ള ചുവരില്‍ അദ്ദേഹത്തിന്റെ രക്തക്കറ കാണാം. ഇപ്പോഴുമതിന് ചുവന്ന നിറമാണ്. യമരാജന്‍ തെക്കുഭാഗത്തു നിന്നു വരുമെന്നാണല്ലോ വിശ്വാസം. എന്നാല്‍ അതൊരിക്കലും കേരളത്തില്‍ നിന്നാവില്ല. കാരണം കേരളം ഹരിതാഭമാണ്. ഞാന്‍ ഹരിതത്തെ അത്രയേറെ സ്‌നേഹിക്കുന്നു!

കേരളത്തിലെ എഴുത്തുകാരോട്, സിനിമാ പ്രവര്‍ത്തകരോട്, സാംസ്‌ക്കാരിക നായകരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, ഉണര്‍ന്നെണീക്കുക, പ്രതിഷേധിക്കുക. നമ്മള്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്ക് ഒരേയൊരു ആയുധമേയുള്ളു. അത് പ്രതിഷേധിക്കാനുള്ള നമ്മുടെ കഴിവാണ്. ഇങ്ങ് പശ്ചിമ ബംഗാളില്‍ ഞങ്ങള്‍ അതാണ് ചെയ്യുന്നത്. തുറന്നു പ്രധിഷേധിക്കുന്നു.

എന്ന് മഹാശ്വേതാദേവി

(01-06-2012)

 

 

 

 

ചന്ദ്രശേഖരന് മരണമില്ല, അയാള്‍ ജനിച്ചുകൊണ്ടേയിരിക്കും