Kerala News
മോദി സ്തുതി: തരൂരിനെതിരെ നടപടിയാവശ്യപ്പെട്ട് സോണിയക്ക് ടി.എന്‍ പ്രതാപന്റെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Aug 26, 11:47 am
Monday, 26th August 2019, 5:17 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ടി.എന്‍ പ്രതാപന്റെ കത്ത്. ഏകാധിപത്യത്തിന്റെ എല്ലാ ലക്ഷണങ്ങളും വ്യക്തമാക്കിയ മോദിയെ പ്രശംസിക്കണമെന്ന് പറയുന്ന രാഷ്ട്രീയ വ്യവഹാരം അസംബന്ധമാണെന്ന് ടി.എന്‍ പ്രതാപന്‍ കുറ്റപ്പെടുത്തി.

ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി തുടങ്ങിയ മുന്‍ കോണ്‍ഗ്രസ് നേതാക്കളെ കരിവാരി തേക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചതെന്നും കോണ്‍ഗ്രസിന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ മാത്രമെ മോദി സ്തുതി സഹായിക്കുകയുള്ളുവെന്നും ടി.എന്‍ പ്രതാപന്‍ കത്തില്‍ പറയുന്നു.

തരൂരിന്റെ പ്രസ്താവനയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. നരേന്ദ്രമോദിയെ പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ചെയ്ത നല്ല കാര്യങ്ങള്‍ പ്രശംസനീയമാണെന്നുമായിരുന്നു ശശി തരൂരിന്റെ പ്രസ്താവന.

നരേന്ദ്രമോദി സര്‍ക്കാറിന്റെ പോസിറ്റീവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ടായിരുന്നു തരൂര്‍ രംഗത്തെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനക്കെതിരെ കെ.മുരളീധരനും രംഗത്തെത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി ശശി തരൂര്‍ വട്ടിയൂര്‍കാവിലേക്ക് വരണമെന്നില്ലെന്നും മോദിയെ സ്തുതിക്കേണ്ടവര്‍ക്ക് ബി.ജെ.പിയിലേക്ക് പോകാമെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

മോദിയെ മഹത്വവല്‍ക്കരിക്കല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഉത്തരവാദിത്തമല്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാനും കുറ്റപ്പെടുത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘2014നും 2019നും ഇടയില്‍ പ്രധാനമന്ത്രി മോദി നടത്തിയ പ്രവര്‍ത്തനങ്ങളാണ് 30%ത്തിലേറെ വോട്ടു നേടി അധികാരത്തില്‍ തുടരാന്‍ സഹായകരമായത്. അത് പരിഗണിക്കേണ്ട സമയമാണിത്.’ എന്നായിരുന്നു ജയറാം രമേശ് പറഞ്ഞത്.

മോദിയെ അഭിനന്ദിക്കാനല്ല മറിച്ച് ഭരണരംഗത്ത് അദ്ദേഹം കൊണ്ടുവന്ന രീതി തിരിച്ചറിയാനാണ് താന്‍ രാഷ്ട്രീയ നേതാക്കളോട് ആവശ്യപ്പെടുന്നതെന്നും ജയറാം രമേശ് വിശദീകരിച്ചിരുന്നു.