നാലില്‍ മൂന്ന് ഇന്ത്യക്കാര്‍ക്കും ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നില്ല; കേന്ദ്രവാദത്തെ തള്ളി യു.എന്‍.ഏജന്‍സി
national news
നാലില്‍ മൂന്ന് ഇന്ത്യക്കാര്‍ക്കും ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നില്ല; കേന്ദ്രവാദത്തെ തള്ളി യു.എന്‍.ഏജന്‍സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th December 2023, 2:06 pm

ന്യൂദല്‍ഹി: ഇന്ത്യയില്‍ നാലില്‍ മൂന്ന് പേര്‍ക്കും ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് യു.എന്‍ ഏജന്‍സി. യു.എന്‍. ഫുഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇന്ത്യയിലെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കണക്കുകളുള്ളത്. ഈ കണക്കുകള്‍ കേന്ദ്ര സര്‍ക്കാറിന്റെ അവകാശ വാദങ്ങള്‍ തെറ്റാണെന്നും ചൂണ്ടിക്കാണിക്കുന്നു. 2021ലെ പഠനത്തിന്റെ ഭാഗമായി പുറത്തുവന്ന ഈ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 104കോടി ആളുകള്‍ക്കും ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നില്ല എന്നാണ് പറയുന്നത്.

ഇക്കാലത്ത് ഇന്ത്യയില്‍ 81.5കോടി ആളുകള്‍ക്ക് മാത്രമേ ആരോഗ്യകരമായ ഭക്ഷണം ആവശ്യമുള്ളൂ എന്ന കേന്ദ്ര സര്‍ക്കാറിന്റെ അവകാശവാദത്തിന് വിപരീതമാണ് യു.എന്‍. ഏജന്‍സിയുടെ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കണക്കുകള്‍.

യു.എന്‍.ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 74.1 ശതമാനം ആളുകള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം ലഭിക്കാതിരിക്കുമ്പോള്‍ അയല്‍രാജ്യങ്ങളായ ബംഗ്ലാദേശില്‍ 66ഉം പാക്കിസ്ഥാനില്‍ 62ഉം ശതമാനമാണ് ആരോഗ്യകരമായ ഭക്ഷണം ലഭിക്കാത്ത ആളുകളുള്ളത്.

അതേസമയം യു.എന്‍.ഏജന്‍സിയുടെ കണക്കുകള്‍ വിശ്വസിക്കാന്‍ കഴിയില്ല എന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വാദം. കേവലം 3000 പേര്‍ക്കിടയില്‍ 8 ചോദ്യങ്ങള്‍ മാത്രം നല്‍കിയ സര്‍വെയില്‍ ഇന്ത്യയില്‍ 16.6 ശതമാനം പേര്‍ക്ക് പോഷകാഹാരക്കുറവുണ്ടെന്നാണ് യു.എന്‍.എഫ്.എ.ഒ കണ്ടെത്തിയത്. ഇന്ത്യപോലുള്ളൊരു രാജ്യത്ത് ഇത്രയും ചെറിയ സാമ്പിളെടുത്ത് പഠനം നടത്തിയാല്‍ ശരിയായ വിവരങ്ങള്‍ ലഭിക്കില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ പറയുന്നത്.

നേരത്തെ അന്താരാഷ്ട്ര തലത്തില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 111ാം സ്ഥാനത്താണെന്ന വിവരവും പുറത്തു വന്നിരുന്നു. അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ മുന്നിലാണെന്നും ആഗോളപട്ടിണി സൂചിക വ്യക്തമാക്കിയിരുന്നു. അന്നും കണക്കുകളെ തള്ളുന്ന നിലപാടായിരുന്നു കേന്ദ്ര സര്‍ക്കാറിന്റേത്.

ഇന്ത്യയിലെ പട്ടിണി, പോഷകാഹാരക്കുറവ് എന്നിയവയെല്ലാം സംബന്ധിച്ച് യു.എന്‍. ഏജന്‍സികളടക്കം വിവിധ അന്താരാഷ്ട്ര ഏജന്‍സികളുടെ കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളുമ്പോഴും ഇന്ത്യയില്‍ പട്ടിണി നിര്‍മാര്‍ജനത്തിനായി പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന വഴി 81.3 കോടി ആളുകള്‍ക്ക് 5 കിലോ വീതം അരി നല്‍കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കുന്നുമുണ്ട്. ഈ കണക്ക് അന്താരാഷ്ട്ര ഏജന്‍സികള്‍ പുറത്തുവിട്ട കണക്കുകളുമായി യോജിക്കുന്നതുമാണ്.

CONTENT HIGHLIGHTS: Three out of four Indians do not have access to healthy food; UN agency