റോക്കറ്ററിയുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് ഇതാണ് മനസിലായത്; മാധവന് മറുപടിയുമായി പ്രധാനമന്ത്രി
Entertainment news
റോക്കറ്ററിയുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് ഇതാണ് മനസിലായത്; മാധവന് മറുപടിയുമായി പ്രധാനമന്ത്രി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th April 2021, 10:38 pm

ന്യൂദല്‍ഹി: ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആധാരമാക്കി നടന്‍ മാധവന്‍ സംവിധാനം ചെയ്യുന്ന ‘റോക്കറ്ററി ദി നമ്പി എഫക്ട്’ സിനിമയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

വളരെ പ്രധാനപ്പെട്ട വിഷയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നതെന്നും കൂടുതല്‍ ആളുകള്‍ ഇതിനെ കുറിച്ച് അറിയണമെന്നും മോദി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയെ നേരിട്ട് കാണാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് മാധവന്‍ ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

പ്രതിഭാശാലിയായ നമ്പി നാരായണനെയും നിങ്ങളെയും കണാന്‍ പറ്റിയതില്‍ വളരെ സന്തോഷം. വളരെ പ്രധാനപ്പെട്ട വിഷയമാണ് ഈ സിനിമ ചര്‍ച്ച ചെയ്യുന്നത്. കൂടുതല്‍ ആളുകള്‍ ഇതിനെ കുറിച്ച് അറിയണം.

നമ്മുടെ സാങ്കേതിക വിദഗ്ധരും ശാസ്ത്രഞ്ജരും ഒരുപാട് ത്യാഗങ്ങള്‍ നമ്മുടെ രാജ്യത്തിനായി സഹിച്ചിട്ടുണ്ട്. റോക്കറ്ററിയുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് ഇതാണ് സൂചന തന്നത്.

നമ്പി നാരായണനും മാധവനും കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രിയെ നേരിട്ട് കണ്ടത്. മോദിയോടൊപ്പം ഇരിക്കുന്ന ചിത്രവും മാധവന്‍ ട്വീറ്റ് ചെയ്തിരുന്നു.

‘കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം കൂടിക്കാഴ്ച്ചയ്ക്ക് എനിക്കും നമ്പി നാരയണനും ക്ഷണം ലഭിക്കുകയുണ്ടായി. റോക്കറ്ററി ദി നമ്പി എഫക്ട് എന്ന സിനിമയെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. സിനിമയുടെ ഏതാനും ഭാഗങ്ങള്‍ അദ്ദേഹത്തെ കാണിക്കുകയുണ്ടായി.

അപ്പോള്‍ അദ്ദേഹത്തിന്റെ പക്കല്‍ നിന്നും ലഭിച്ച പ്രതികരണവും നമ്പി നാരായണനോട് ചെയ്ത കാര്യങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളും ഏറെ സ്പര്‍ശിക്കുന്നതായിരുന്നു. ഒത്തിരി നന്ദി’, എന്നാണ് മാധവന്‍ ട്വിറ്റ് ചെയ്തത്.

ആര്‍. മാധവന്റെ ട്രൈ കളര്‍ ഫിലീസും ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറില്‍ നിര്‍മിക്കുന്ന റോക്കറ്ററി ദി നമ്പി എഫ്ക്ട് എന്ന ബ്രഹ്മാണ്ട സിനിമയുടെ ട്രെയിലര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്.

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

നാലുവര്‍ഷമായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നതും മാധവന്‍ തന്നെയാണ്. ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതമാണ് ചിത്രം പറയുന്നത്. 100 കോടിക്ക് മുകളിലാണ് സിനിമയുടെ ചിലവെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നുണ്ട്. ഹിന്ദിയില്‍ ഷാരുഖ് ഖാന്‍ ചെയ്യുന്ന റോളില്‍ തമിഴില്‍ സൂര്യ ആണ് എത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: This is what I realized when I saw the scenes of the movie Rocketry: The Nambi Effect ; PM responds to Actor Madhavan