ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പരാജയപ്പെട്ടിരുന്നു. ശ്രേയസിന്റെ സംഘത്തിനെതിരെ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് റോയല്‍ ചലഞ്ചേഴ്സ് വഴങ്ങിയത്. മഴ മൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ പതിനൊന്ന് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ബെംഗളൂരു തോറ്റത്.
ഇതോടെ ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ വീണ്ടും ബെംഗളൂരുവിന് തോല്‍വി നേരിടേണ്ടി വന്നു. പതിനെട്ടാം സീസണില്‍ എവേ മത്സരങ്ങളില്‍ മികച്ച പ്രകടനവുമായി മുന്നോട്ട് പോകുമ്പോഴും രജത് പാടിദാറിന്റെ കീഴിയില്‍ റോയല്‍ ചലഞ്ചേഴ്‌സിന് ഒരു മത്സരം പോലും ചിന്നസ്വാമിയില്‍ ജയിക്കാനായിട്ടില്ല.
We fought hard, but it wasn’t enough. ❤️🩹
Let’s turn it around in Chandigarh, boys! 👊#PlayBold #ನಮ್ಮRCB #IPL2025 #RCBvPBKS pic.twitter.com/TSZozulDTS
— Royal Challengers Bengaluru (@RCBTweets) April 18, 2025
മത്സരത്തില്‍ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ഏഴാം നമ്പറില്‍ ഇറങ്ങി പുറത്താകാതെ അര്‍ധ സെഞ്ച്വറി നേടിയ ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ടിം ഡേവിഡിന്റെ കരുത്തിലാണ് ബെംഗളൂരു ഈ സ്‌കോറിലെത്തിയത്. താരത്തിന് പുറമെ നായകന്‍ രജത് പാടിദാര്‍ മാത്രമാണ് ബെംഗളൂരു നിരയില്‍ തിളങ്ങിയത്. ബെംഗളൂരുവിന്റെ മറ്റൊരാള്‍ക്കും രണ്ടക്കം കടക്കാനായിരുന്നില്ല.
ഇപ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗ്. ആര്‍.സി.ബി മോശം ബാറ്റിങ്ങാണ് കാഴ്ച വെച്ചതെന്നും കുറഞ്ഞത് ഒരു ബാറ്ററെങ്കിലും സാമാന്യബുദ്ധി ഉപയോഗിക്കണമായിരുന്നുവെന്നും സേവാഗ് പറഞ്ഞു. അവരുടെ കൈയില്‍ വിക്കറ്റുകള്‍ ഉണ്ടായിരുന്നെങ്കില്‍ 14 ഓവറില്‍ അവര്‍ക്ക് 110 അല്ലെങ്കില്‍ 120 റണ്‍സ് നേടാമായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ക്രിക് ബസ്സില്‍ സംസാരിക്കുകയായിരുന്നു സേവാഗ്.
‘ആര്‍.സി.ബി മോശം ബാറ്റിങ്ങാണ് കാഴ്ച വെച്ചത്. എല്ലാവരും അശ്രദ്ധമായ ഷോട്ടുകള്‍ കളിച്ചു പുറത്തായി. ഒരു ബാറ്റര്‍ പോലും നല്ല പന്തില്‍ പുറത്തായില്ല. കുറഞ്ഞത് ഒരു ബാറ്ററെങ്കിലും സാമാന്യബുദ്ധി ഉപയോഗിക്കണമായിരുന്നു.
അവരുടെ കൈയില്‍ വിക്കറ്റുകള്‍ ഉണ്ടായിരുന്നെങ്കില്‍ 14 ഓവറില്‍ അവര്‍ക്ക് 110 അല്ലെങ്കില്‍ 120 റണ്‍സ് നേടാമായിരുന്നു. അത് അവര്‍ക്ക് പോരാടാന്‍ അവസരം നല്‍കുമായിരുന്നു,’ സേവാഗ് പറഞ്ഞു.
ഈ സീസണില്‍ തുടര്‍ച്ചയായി ബെംഗളൂരു ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയില്‍ പരാജയപ്പെടുന്നതിനെ കുറിച്ചും സേവാഗ് സംസാരിച്ചു. ഇതിന് ക്യാപ്റ്റന്‍ രജത് പാടിദാര്‍ ചിന്തിച്ച ഒരു പരിഹാരം കാണാമെന്നും ബാറ്റര്‍മാര്‍ ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് ശരിയല്ലയെന്നും സേവാഗ് പറഞ്ഞു.
‘വിക്കറ്റ് കിട്ടുന്നതും വിക്കറ്റ് നേടുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. പാടിദാര്‍ ചിന്തിച്ച് ഒരു പരിഹാരം കണ്ടെത്തണം. അവര്‍ സ്വന്തം നാട്ടില്‍ വിജയിക്കുന്നില്ല. അവരുടെ ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട്.
പക്ഷേ എന്തുകൊണ്ടാണ് അവരുടെ ബാറ്റര്‍മാര്‍ പതിവായി പരാജയപ്പെടുന്നത്? നിങ്ങളുടെ ബാറ്റര്‍മാര്‍ ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് ശരിയല്ല. ആരാണ് അത് പരിഹരിക്കുക?,’ സേവാഗ് ചോദിച്ചു.
Content Highlight: IPL 2025: RCB vs PBKS: Former Indian opener Virender Sehwag slams Royal Challengers Bengaluru for the defeat against Punjab Kings