കൊച്ചി: വാളയാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനെ ചോദ്യം ചെയ്തുള്ള അപ്പീല്‍ തള്ളി ഹൈക്കോടതി.
അന്വേഷണ ഉദ്യോഗസ്ഥനായ എം.ജെ. സോമന് സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് കോടതി പറഞ്ഞു. വാളയാറില്‍ മരണപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് കോടതി വിധി.
ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജംദാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിയത്. വസ്തുതകള്‍ പരിഗണിച്ചുള്ളതാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവെന്നും അതില്‍ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി.
മക്കള്‍ക്കെതിരെ മാധ്യമങ്ങളിലൂടെ സോജന്‍ മോശം പ്രചാരണം നടത്തിയെന്നും ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നിലവിലുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഇക്കാര്യം കണക്കിലെടുക്കാതെയാണ് അന്വേഷണ ഉദ്യോഗസ്ഥന് ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റും ഐ.പി.എസ് പദവിയും നല്‍കാന്‍ ശ്രമിക്കുന്നതെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
ദിവസങ്ങള്‍ക്ക് മുമ്പ് വാളയാറിലെ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളുടെ മരണത്തില്‍ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ആത്മഹത്യാ പ്രേരണക്കുറ്റമാണ് മാതാപിതാക്കള്‍ക്കെതിരെ സി.ബി.ഐ ചുമത്തിയത്. മരിക്കുന്നതിന് മുന്നോടിയായി പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന കാര്യം മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.
2017 ജനുവരി ഏഴിനാണ് വാളയാര്‍ അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ അനുജത്തി ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വീടിന്റെ ഉത്തരത്തില്‍ ഒമ്പത് വയസുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് സംശയം ബലപ്പെട്ടത്. 13 കാരിയുടെ മരണത്തിലെ ഏക ദൃക്‌സാക്ഷി കൂടിയായിരുന്നു ഒമ്പതുകാരി.
Content Highlight: The valayar Case; Government can decide to issue integrity certificate to investigating officer: High Court