ഇലോണ്‍ മസ്‌കിന്റെ ടെക്‌നോ-ഫ്യൂഡല്‍ സ്വപ്നങ്ങള്‍ !
Opinion
ഇലോണ്‍ മസ്‌കിന്റെ ടെക്‌നോ-ഫ്യൂഡല്‍ സ്വപ്നങ്ങള്‍ !
യാനിസ് വെറുഫാകിസ്
Friday, 9th December 2022, 5:31 pm
ട്വിറ്റര്‍ ഏറ്റെടുക്കുകയും 'ചീഫ് ട്വിറ്റ് ' എന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ ഇലോണ്‍ മസ്‌ക് എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും നിര്‍ബാധം സംവദിക്കാന്‍ കഴിയുന്ന ഒരു 'പൊതു ഇടം' ആയി ട്വിറ്ററിനെ നിലനിര്‍ത്താനുള്ള തന്റെ പ്രതിബദ്ധത രേഖപ്പെടുത്തി. ഇതൊരു തന്ത്രപരമായ നീക്കമായിരുന്നു. കാരണം മസ്‌ക്കകിന്റെ യഥാര്‍ത്ഥ ഉദ്ദേശങ്ങളില്‍ നിന്ന് പൊതു ശ്രദ്ധ വിജയകരമായി തിരിച്ച് വിടാന്‍ ഇതിനു കഴിഞ്ഞു.

44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കാന്‍ ഇലോണ്‍ മസ്‌കിന് മതിയായ കാരണങ്ങളുണ്ടായിരുന്നു. അദ്ദേഹം ഓണ്‍ലൈന്‍ പെയ്‌മെന്റുകള്‍ക്ക് തുടക്കമിട്ടു, കാര്‍ വ്യവസായത്തെ മാറ്റിമറിച്ചു, ബഹിരാകാശയാത്രയില്‍ വിപ്ലവങ്ങള്‍ വിരിയിച്ചു, ബ്രെയിന്‍ – കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസുകളെക്കുറിച്ച് പോലും( തലച്ചോറിന്റെ പ്രവര്‍ത്തനത്തിനനുസരിച്ച് ഒരു ബാഹ്യ ഉപകരണം നിയന്ത്രിക്കാനുള്ള ഇന്റര്‍ഫേസ് ) പരീക്ഷണങ്ങള്‍ നടത്തി.

അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള നേട്ടങ്ങളാണ് അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും ധനികനായ വ്യവസായിയായി മാറ്റിയത്. ഇങ്ങനെയൊക്കെ നേട്ടങ്ങള്‍ കൈവരിച്ചപ്പോഴും അദ്ദേഹത്തിന്റെ സമ്പത്തോ മറ്റു നേട്ടങ്ങളോ Cloud Computing എന്ന മൂലധനത്തിന്റെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തി ലോകത്തെ നിയന്ത്രിക്കുന്ന പുതു തലമുറ ഭരണ വര്‍ഗ്ഗത്തിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം സാധ്യമാക്കിയില്ല. മസ്‌കിനെ സംബന്ധിച്ച് ട്വിറ്റര്‍ തുറന്നിടുന്നത് ഈ പരിമിതിയെ തിരുത്താനുള്ള ഒരു സാധ്യതയാണ്.

മുതലാളിത്തത്തിന്റെ ഉദയം മുതല്‍ അധികാരം കയ്യാളിയത് മൂലധനം വസ്തുക്കളുടെ രൂപത്തില്‍ കൈവശമുള്ളവരായിരുന്നു – നീരാവി യന്ത്രങ്ങള്‍, ബെസ്സമര്‍ ഫര്‍ണസുകള്‍(വന്‍ തോതില്‍ സ്റ്റീല്‍ ഉല്‍പാദിപ്പിക്കാനുള്ള ചെലവ് കുറഞ്ഞ ചൂളകള്‍ ), വ്യവസായത്തില്‍ ഉപയോഗിക്കുന്ന റോബോട്ടുകള്‍ മുതലായവ.

ഇന്ന് ആ രീതിയിലുള്ള അധികാരം കൈവന്നിരിക്കുന്നത് cloud മായി ബന്ധപ്പെട്ട മൂലധനത്തിനാണ്. അതിനെ ചുരുക്കത്തില്‍ ക്ലൌഡ് മൂലധനം (cloud capital) എന്ന് വിളിക്കാം. ഇക്കാലത്തത് ഉടമസ്ഥര്‍ക്ക് നല്‍കുന്നത് സങ്കല്‍പങ്ങള്‍ക്കതീതമായ അധികാരങ്ങളാണ്.

ആമസോണിന്റെ കാര്യമെടുക്കുക: അവരുടെ ഹാര്‍ഡ് വെയര്‍, സോഫ്റ്റ്വെയര്‍, വെയര്‍ ഹൗസ് ( സ്റ്റോറേജ് ) ശ്യംഖലകളുടെയും നമ്മുടെ അടുക്കളയിലിക്കുന്ന അലെക്‌സ എന്ന ഉപകരണത്തിന്റെയും സഹായത്തോടെ അവര്‍ നമ്മളുമായി സംവദിക്കുന്നു.

ഏതൊരു പരസ്യദാതാവിനും സാധ്യമായതിനേക്കാള്‍ ആഴത്തില്‍ നമ്മുടെ വികാരങ്ങള്‍ പരിശോധിക്കാന്‍ കഴിവുള്ള ഒരു ക്ലൗഡ് അധിഷ്ഠിത സംവിധാനമാണ് ഇത്. അതിന്റെ പ്രത്യേക അനുഭവസമ്പത്തുപയോഗിച്ച് നമ്മുടെ പ്രവണതകളെ ചൂഷണം ചെയ്ത് പ്രതികരിപ്പിക്കുന്നു.

അതിനുശേഷം നമ്മുടെ പ്രതികരണത്തിനുള്ള അതിന്റെ പ്രതികരണം നമ്മുടെ മുന്നില്‍ സമര്‍പ്പിക്കുന്നു. അതിനോട് നമ്മള്‍ വീണ്ടും പ്രതികരിക്കുന്നു. അങ്ങനെ പഠനത്തിലൂടെ അല്‍ഗോരിതത്തെ ശക്തിപ്പെടുത്താന്‍ പരിശീലിപ്പിക്കുന്നു. ഇത് വീണ്ടും പ്രതികരണ തരംഗങ്ങള്‍ ഉണ്ടാക്കാനുള്ള പ്രേരക ശക്തിയായി മാറുന്നു.

പഴയ രീതിയിലുള്ള ഉപഭോക്താക്കള്‍ക്കാവശ്യമായ ഉല്‍പന്നങ്ങളായി മാറ്റപ്പെടുന്ന ഭൗമമോ അല്ലെങ്കില്‍ സമാനമായതോ ആയ മൂലധനത്തെപ്പോലെ അല്ല ക്ലൌഡ് മൂലധനം (CIoud Capital). ക്ലൌഡ് ക്യാപിറ്റല്‍ അതിന്റെ ഉടമയുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി നമ്മുടെ സ്വഭാവത്തെ രൂപപ്പെടുത്തിയെടുക്കാനുള്ള ഒരു മാര്‍ഗ്ഗമായി പ്രവര്‍ത്തിക്കുന്നു.

സങ്കീര്‍ണ്ണമായ സെര്‍വര്‍ ശൃംഖലകള്‍, ഒപ്റ്റിക് ഫൈബര്‍ കേബിളുകള്‍, സെല്‍ ഫോണ്‍ ടവറുകള്‍ എന്നിവയെ എല്ലാം ചലിപ്പിക്കുന്ന അല്‍ഗോരിതം ഒന്നിനു പിറകെ മറ്റൊന്ന് എന്ന കണക്കെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു.

ക്ലൌഡ് മൂലധനത്തിന്റെ അത്ഭുതസിദ്ധികളില്‍ ഒന്നാമത്തെതാണ് അതിന്റെ ഇന്റര്‍ഫേസ് ഉപയോഗിച്ച് നമ്മള്‍ സൃഷ്ടിച്ച് അപ്ലോഡ് ചെയ്യുന്ന ടെക്സ്റ്റുകള്‍, റിവ്യുകള്‍ (അവലോകനങ്ങള്‍), ഫോട്ടോകള്‍ അല്ലെങ്കില്‍ വീഡിയോകള്‍ എന്നിവയെല്ലാം തന്നെ ഉപയോഗിച്ച് ഉപയോഗിച്ച് അതിന്റെ മൂല്യവും ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കാനും അപൂര്‍ണ്ണമായവ നികത്താനും അത് നമ്മളെത്തന്നെ സൗജന്യമായി ഉപയോഗപ്പെടുത്തുന്നു എന്നത്.

ഇത്തരത്തില്‍ ക്ലൌഡ് മൂലധനം നമുക്കിടയിലെ ദശലക്ഷക്കണക്കിനാളുകളെ ക്ലൌഡ് സേവകരാക്കി മാറ്റി. അഥവാ വേതനം നല്‍കപ്പെടാത്ത ഉല്‍പാദകരാക്കി മാറ്റി. അവര്‍ തന്റെ യജമാനന്റെ ഡിജിറ്റല്‍ എസ്റ്റേറ്റില്‍ കഠിനാധ്വാനം ചെയ്തു. അതായത് ഒരു ഫ്യൂഡല്‍ വ്യവസ്ഥയില്‍ കര്‍ഷകര്‍ അവരുടെ അദ്ധ്വാനം തങ്ങളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്നത് പോലെ തന്നെ.

സ്വന്തം അഭിപ്രായങ്ങള്‍ രൂപീകരിക്കുകയും അത് പങ്കുവെക്കുകയും ചെയ്യുക, ഫോട്ടോകള്‍ എടുക്കുകയും അത് ഷെയര്‍ ചെയ്യുകയും ചെയ്യുക എന്നിവ തങ്ങളുടെ വ്യക്തിത്വത്തിന്റെ ഭാഗമായിട്ടാണ് അവര്‍ കരുതുന്നത്.

രണ്ടാമത്തെ അത്ഭുതം ചില വസ്തുക്കളിന്‍മേല്‍ നമ്മളെ ആകൃഷ്ടരാക്കി അത് നമുക്ക് വില്‍ക്കാന്‍ പാകത്തിലാക്കാന്‍ പറ്റുന്ന ക്ലൌഡ് മൂലധനത്തിന്റെ ശേഷിയാണ്. സാധാരണ കണ്ണുകളിലൂടെ നോക്കുമ്പോള്‍ ആമസോണ്‍, ആലിബാബ തുടങ്ങി എല്ലാ രാജ്യങ്ങളിലുമുള്ള ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളും ഒരു കുത്തക മാര്‍ക്കറ്റ് മാത്രമായി തോന്നിപ്പോവും.

പക്ഷേ പരമ്പരാഗത മാര്‍ക്കറ്റുമായി ഇവക്കൊരു സാമ്യവുമില്ല, വമ്പന്‍ മൂലധനശേഷിയുടെ പിന്‍ബലമുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റുമായി പോലും അവയെ സമീകരിക്കാന്‍ പറ്റില്ല. ഒരു വ്യക്തിയുടേയോ സ്ഥാപനത്തിന്റെയോ സമ്പൂര്‍ണാധിപത്യത്തിലുള്ള മാര്‍ക്കറ്റുകളില്‍പ്പോലും ആളുകള്‍ക്ക് ഭേദപ്പെട്ട രീതിയില്‍ സ്വതന്ത്ര ഇടപെടാന്‍ സാധ്യമാണ്.

നേരേ മറിച്ച് ആമസോണ്‍ പോലെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ അല്‍ഗോരിതം നിങ്ങളെ മറ്റെല്ലാ ഉപഭോക്താക്കളില്‍ നിന്നും ഒറ്റപ്പെടുത്തുകയും അതിന്റെ ഉടമസ്ഥരുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി പ്രത്യേകമായി തയ്യാറാക്കിയ വിവരങ്ങള്‍ മാത്രം നിങ്ങളിലേക്കെത്തിക്കുകയും ചെയ്യുന്നു.

ഉപഭോക്താക്കള്‍ക്ക് പരസ്പരം സംസാരിക്കാനോ അസോസിയേഷനുകള്‍ (സംഘടനകള്‍) രൂപീകരിക്കാനോ കഴിയില്ല. വ്യാപാരികള്‍ക്കെതിരെ സംഘടിച്ച് ഉല്‍പന്നങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്താനോ വില കുറക്കാനോ നിര്‍ബന്ധിക്കാന്‍ കഴിയില്ല. വ്യാപാരികളും അല്‍ഗോരിതവുമായി ഒരു വണ്‍ ടു വണ്‍ റിലേഷന്‍ഷിപ്പില്‍ ആയിരിക്കുകയും കച്ചവടം നടക്കണമെങ്കില്‍ പ്ലാറ്റ്‌ഫോമിന്റെ(ഉദാ:- ആമസോണ്‍) ഉടമക്ക് പണം നല്‍കുകയും വേണം.

എല്ലാവര്‍ക്കും എന്ന പോലെ എല്ലാകാര്യങ്ങള്‍ക്കും ഇടനിലക്കാരനായി വര്‍ത്തിക്കുന്നത് നിസ്വാര്‍ത്ഥമായ വിപണിയുടെ അദ്യശ്യമായ കരങ്ങളല്ല, മറിച്ച് ഒരു കമ്പനിക്ക് വേണ്ടി അല്ലെങ്കില്‍ ഒരു വ്യക്തിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അദൃശ്യമായ ഒരു അല്‍ഗോരിതമാണ്. തീര്‍ച്ചയായും അതൊരു ക്ലൌഡ് നിയന്ത്രിത സംവിധാനമാണ്.

ഈ പുത്തന്‍ സാങ്കേതിക ഫ്യൂഡല്‍ വ്യവസ്ഥയുടെ ജൈത്രയാത്രയെ അരികില്‍ നിന്ന് നിസ്സഹായനായി നിരീക്ഷിച്ചു കൊണ്ടിരുന്ന സാങ്കേതിക ലോകത്തെ ഒരേയൊരു തമ്പുരാന്‍ (ടെക്ക് ലോര്‍ഡ് ) മസ്‌ക് മാത്രമായിരിക്കാം.

അദ്ദേഹത്തിന്റെ ടെസ്ല കാര്‍ കമ്പനി തങ്ങളുടെ കാറുകളെ ഒരു ഡിജിറ്റല്‍ നെറ്റ്വര്‍ക്കിലെ ബിന്ദുക്കളാക്കി മാറ്റാന്‍ സമര്‍ത്ഥമായി ക്ലൗഡ് ഉപയോഗിക്കുന്നു, അത് ബിഗ് ഡാറ്റ ഉണ്ടാക്കിയെടുക്കുകയും ഡ്രൈവര്‍മാരെ മസ്‌കിന്റെ സംവിധാനങ്ങളുമായി (സിസ്റ്റങ്ങളുമായി ) ബന്ധിപ്പിക്കുകയും ചെയ്യുന്നു.

അദ്ദേഹത്തിന്റെ സ്പേസ് എക്സ് റോക്കറ്റ് കമ്പനിയും അതിന്റെ ഒരുപറ്റം ലോ-ഓര്‍ബിറ്റ് ഉപഗ്രഹങ്ങളും ചേര്‍ന്ന് നമ്മുടെ ഗ്രഹത്തിന്റെ ചുറ്റുപാടുകള്‍ മലിനമാക്കി കൊണ്ടാണെങ്കിലും മറ്റ് പ്രമുഖരുടെ ക്ലൌഡ് മൂലധന വികസനത്തിന് ഗണ്യമായ സംഭാവനകള്‍ നല്‍കുന്നു.

പക്ഷേ വമ്പന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനും വേറിട്ട വഴികളിലൂടെ സഞ്ചരിച്ചവനുമായ മസ്‌ക്കിന് ക്ലൌഡ് മൂലധനം വഴി വന്‍തോതില്‍ ലാഭമുണ്ടാക്കാന്‍ ഒരു പ്രവേശന കവാടം ഉണ്ടായിരുന്നില്ല എന്നത് നിരാശാജനകമായിരുന്നു. എന്നാല്‍ ഇനിമുതല്‍ അങ്ങനെയൊരു പ്രവേശന കവാടമാകാന്‍ ട്വിറ്ററിന് സാധിച്ചേക്കുമെന്നാണ് പ്രതീക്ഷ.

ട്വിറ്റര്‍ ഏറ്റെടുക്കുകയും ‘ചീഫ് ട്വിറ്റ് ‘ എന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ ഇലോണ്‍ മസ്‌ക് എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും സംവദിക്കാന്‍ കഴിയുന്ന ഒരു ‘പൊതു ഇടം’ ആയി ട്വിറ്ററിനെ നിലനിര്‍ത്താനുള്ള തന്റെ പ്രതിബദ്ധത ആവര്‍ത്തിച്ചു. ഇതൊരു തന്ത്രപരമായ നീക്കമായിരുന്നു. കാരണം മസ്‌ക് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത് എന്താണോ അതില്‍ നിന്ന് പൊതു ശ്രദ്ധ വിജയകരമായി തിരിച്ച് വിടാന്‍ ഇതിനു കഴിഞ്ഞു.

അതായത് അതീവ പ്രാധാന്യമുള്ളതും ലോകത്ത് നിലവിലുള്ളതില്‍ വെച്ചേറ്റവും വലുതുമായ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോം ചാഞ്ചാട്ടക്കാരനും എടുത്ത് ചാട്ടക്കാരനുമായ ഒരു ധനാഢ്യന്റ കീഴില്‍ എത്തിപ്പെടുന്നതിനെ പറ്റി ഉണ്ടാവേണ്ട ഗൗരവ ചര്‍ച്ചയില്‍ നിന്ന് പൊതു ശ്രദ്ധ തിരിച്ചു വിടാന്‍ ഇതിലൂടെ സാധിച്ചു.

ലിബറല്‍ ബുദ്ധിജീവികള്‍ ട്രംപിന്റെ തിരിച്ചു വരവിനെക്കുറിച്ച് ആശങ്കാകുലരാണ്. ഇടത് പക്ഷത്തുള്ളവരാകട്ടെ (മസ്‌കിലൂടെ) റൂപര്‍ട്ട് മര്‍ഡോക്കിന്റെ സാങ്കേതിക രൂപം ഉദയം കൊള്ളുന്നതിനെക്കുറിച്ച് വ്യാകുലപ്പെടുന്നു. കാഴ്ചപ്പാടുകളിലെ വ്യത്യാസങ്ങള്‍ക്കപ്പുറം മാന്യതയുടെ കണികയെങ്കിലുമുള്ള എല്ലാവരും ട്വിറ്റര്‍ ജീവനക്കാര്‍ കമ്പനിയില്‍ നിന്നും നേരിട്ട ദയനീയ സമീപനത്തെ അപലപിക്കുന്നു.

പക്ഷേ മസ്‌ക് കണ്ണുവെക്കുന്നത് അതിന്റെ മര്‍മ്മത്തില്‍ത്തന്നെയാണ്. ഒരു ട്വീറ്റില്‍ അദ്ദേഹം ട്വിറ്ററിനെ ഒരു ‘സമ്പൂര്‍ണ ആപ്പ് (Everything App)’ ആക്കി മാറ്റാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് വെളിപ്പെടുത്തുകയുണ്ടായി.

ഒരു ‘എവരിതിംഗ് ആപ്പ് ‘ എന്നാല്‍ ഞാന്‍ മനസ്സിലാക്കുന്നത് നേരത്തേ സൂചിപ്പിച്ച ക്ലൌഡ് മൂലധനത്തിലേക്കുള്ള ഒരു പ്രവേശന കവാടം ആണെന്നാണ്. ഈ ‘സമ്പൂര്‍ണ ആപ്പ് ‘ അതിന്റെ ഉടമക്ക് ഉപഭോക്താവിന്റെ ശീലങ്ങള്‍ മാറ്റി മറിക്കാനുള്ള കഴിവ് നല്‍കുന്നു,
ഇതുപയോഗിക്കുന്നവരുടെ അദ്ധ്വാനത്തെ സൗജന്യമായി ഊറ്റിയെടുത്ത് ക്ലൌഡ് മൂലധനത്തിന്റെ അടിമകളാക്കി മാറ്റുന്നു, ഇതിനെല്ലാം പുറമെ കച്ചവടക്കാരില്‍ നിന്ന് അവരുടെ സാധനങ്ങള്‍ വില്‍ക്കുന്നതിനായി ഒരു തരം ‘ക്ലൌഡ് വാടക’ ഈടാക്കാനും പരിപാടിയുണ്ട്.

ഒരു ‘സമ്പൂര്‍ണ ആപ്പ്’ ആയി ട്വിറ്ററിനെ വികസിപ്പിച്ചെടുക്കാവുന്ന ഒന്നും തന്നെ ഇതുവരെ മസ്‌ക് ന്റെ കൈവശമുണ്ടായിട്ടില്ല എന്നത് സത്യം. മാത്രമല്ല ഇത്തരത്തിലുള്ള ഒന്ന് പൂജ്യത്തില്‍ നിന്ന് ഉണ്ടാക്കിയെടുക്കാനുള്ള ഒരു മാര്‍ഗ്ഗവും അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്നില്ല.

നാളിതുവരെ അദ്ദേഹം തന്റെ ഫാക്ടറികളില്‍ വന്‍ തോതില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഇലക്ട്രിക് കാറുകള്‍ അഭികാമ്യമായ രീതിയില്‍ ഉപയോഗിച്ച് എങ്ങനെ ലാഭമുണ്ടാക്കാമെന്നും ബഹിരാകാശം കീഴടക്കി എങ്ങനെ ലാഭം കൊയ്യാമെന്നുമൊക്കെ കണ്ടെത്തുന്നതിന്റെ തിരക്കിലായിരുന്നു.
അപ്പോഴേക്കും ആമസോണ്‍, ഗൂഗിള്‍, ആലിബാബ, ഫേസ്ബുക്ക്, ടെന്‍സെന്റിന്റെ വി ചാറ്റ് എന്നിവയുടെ നീരാളി കരങ്ങള്‍ ‘സമ്പൂര്‍ണ ആപ്പ് ‘ സാധ്യതയുള്ള എല്ലാ പ്ലാറ്റ്‌ഫോമുകളെയും ഇന്റര്‍ഫേസുകളെയും വരിഞ്ഞു മുറുക്കിയിരുന്നു.

മസ്‌കിന് വാങ്ങാനായി അത്തരത്തിലുള്ള ഒരൊറ്റ ഇന്റര്‍ഫേസ് മാത്രമേ ഇനി ലഭ്യമായിട്ടുണ്ടായിരുന്നുള്ളു. അതായത് ട്വിറ്റര്‍ എന്ന ഒരേയൊരു ഉരുപ്പടി മാത്രം. മസ്‌കിന്റെ ഇപ്പോഴത്തെ വെല്ലുവിളി എന്തെന്നാല്‍ ട്വിറ്ററിന്റെ cloud മൂലധനം വര്‍ദ്ധിപ്പിക്കുകയും അതിനെ അദ്ദേഹത്തിന്റെ നിലവിലുള്ള ബിഗ് ഡാറ്റ ശ്യംഖലയുമായി കൂട്ടിയിണക്കുകയും ചെയ്യുക എന്നതാണ്.

അതേസമയം ഭൂമിയുടെ നിരത്തിലൂടെ ചീറിപ്പായുന്ന ടെസ്ല കാറുകളും ആകാശത്തിലൂടെ അതിനെ വലം വെക്കുന്ന എണ്ണമറ്റ ഉപഗ്രഹങ്ങളും ഉപയോഗിച്ച് ശേഖരിക്കുന്ന ഡേറ്റ (വിവരങ്ങള്‍) കൊണ്ട് നിരന്തരം ഈ നെറ്റ്വര്‍ക്കിനെ സമ്പുഷ്ടമാക്കുകയും ചെയ്യുന്നു. അവശേഷിക്കുന്ന തൊഴിലാളികളെ ഉപയോഗിച്ച് ‘ബോട്ടുകള്‍’ എന്നറിയപ്പെടുന്ന ട്വിറ്ററിലെ നാഥനില്ലാ സിസ്റ്റങ്ങള്‍ ഇല്ലാതാക്കുകയും ട്രോളുകള്‍ ഒഴിവാക്കുകയും ചെയ്യാമെന്ന് മസ്‌ക് കണക്ക് കൂട്ടുന്നു. ഇത് വഴി പുതിയ ട്വിറ്ററിന്റെ ഓരോ ഉപഭോക്താവും കൃത്യമായി അടയാളപ്പെടുത്താന്‍ പറ്റിയ ഐഡന്റിറ്റിയോട് കൂടിയ ആളുകള്‍ മാത്രമാവും എന്നുമദ്ദേഹം കരുതുന്നു.

പരസ്യ ദാതാക്കള്‍ക്കുള്ള ഒരു കത്തില്‍ അപ്രസക്തമായ പരസ്യങ്ങള്‍ ‘സ്പാമുകള്‍’ അഥവാ വെറും പാഴ് സന്ദേശങ്ങള്‍ മാത്രമാണെന്നും പ്രസക്തമായവ കണ്ടെന്റുകള്‍ (ഉള്ളടക്കം ) ആണെന്നും മസ്‌ക് കൃത്യമായി എഴുതിയിട്ടുണ്ട്. ഇതിനര്‍ത്ഥം ഈ ടെക്‌നോ ഫ്യൂഡല്‍ കാലത്ത് ഉപഭോക്താവിന്റെ ശീലങ്ങളെ മാറ്റിമറിക്കാനുതകാത്ത സന്ദേശങ്ങളെ സ്പാമുകളായും ജനങ്ങളുടെ ചിന്തയെയും പ്രവൃത്തിയെയും സ്വാധീനിക്കുന്നവയെ മാത്രം പ്രാധാന്യമുള്ള കണ്ടന്റുകളായും (ഉള്ളടക്കങ്ങളായും )കണക്കാക്കുന്നു എന്നാണ്. ഇതാണ് ശരിക്കുള്ള അധികാരം.

ഒരു സ്വകാര്യ സാമ്രാജ്യം എന്ന നിലയില്‍ ട്വിറ്ററിന് ഒരിക്കലും ലോകത്തിന്റെ ‘പൊതു ഇടം’ ആവാന്‍ കഴിയില്ല, ഒരിക്കലും അതല്ല അവരുടെ ഉദ്ദേശ്യവും. പക്ഷേ ഇവിടെ പ്രസക്തമായ ചോദ്യം ഇതാണ് – (പ്രതീക്ഷിക്കുന്ന പോലെ) പുതിയ ടെക്‌നോ-ഫ്യൂഡല്‍ ഭരണവര്‍ഗ്ഗത്തില്‍ ഇലോണ്‍ മസ്‌കിന് ഒരു സുരക്ഷിതസ്ഥാനം നേടിക്കൊടുക്കാന്‍ പുതിയ ട്വിറ്ററിന് സാധിക്കുമോ ?

(യാനിസ് വെറുഫാകിസ് ഗ്രീക് സാമ്പത്തിക ശാസ്ത്ര വിദഗ്‌നനും അധ്യാപകനും രാഷ്ട്രീയ പ്രവര്‍ത്തകനുമാണ്. നിരവധി പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം 2015 ല്‍ ഗ്രീക് സാമ്പത്തിക കാര്യ മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു.)

സോഴ്സ് :https://znetwork.org/znetarticle/the-techno-feudal-method-to-musks-twitter-madness/

മൊഴിമാറ്റം: ഷാദിയ നാസിര്‍

യാനിസ് വെറുഫാകിസ്
ഗ്രീക് സാമ്പത്തികശാസ്ത്ര വിദഗ്‌നനും അധ്യാപകനും രാഷ്ട്രീയ പ്രവര്‍ത്തകനുമാണ്. നിരവധി പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം 2015ല്‍ ഗ്രീസിന്റെ സാമ്പത്തികകാര്യ മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു.