ഭോപ്പാല്‍ വാതകദുരന്തം; ഫാക്ടറിയില്‍ നിന്ന് നീക്കം ചെയ്ത വിഷ മാലിന്യങ്ങള്‍ പ്രകൃതിക്ക് ദോഷമാവില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി
national news
ഭോപ്പാല്‍ വാതകദുരന്തം; ഫാക്ടറിയില്‍ നിന്ന് നീക്കം ചെയ്ത വിഷ മാലിന്യങ്ങള്‍ പ്രകൃതിക്ക് ദോഷമാവില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd January 2025, 10:45 pm

ഭോപ്പാല്‍: അയ്യായിരത്തിലധികം മനുഷ്യരുടെ മരണത്തിന് കാരണമായ ഭോപ്പാല്‍ ദുരന്തത്തിലെ വിഷമാലിന്യങ്ങള്‍ നീക്കിയ സംഭവത്തില്‍ പ്രതികരണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. ഫാക്ടറിയില്‍ നിന്ന് നീക്കം ചെയ്ത മാലിന്യങ്ങള്‍ വിഷമുള്ളതല്ലെന്നും അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട ആവശ്യമില്ലെന്നും മോഹന്‍ യാദവ് പറഞ്ഞു.

ഈ വിഷയത്തില്‍ ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സംസ്‌കരണ പ്രക്രിയയില്‍ സുരക്ഷിതമായ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും ഭോപ്പാലിലെ വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ യാദവ് പറഞ്ഞു.

‘ധാര്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി കൈലാഷ് വിജയവര്‍ഗിയ ജില്ലയിലെ ജനങ്ങളുമായി സംസാരിക്കും. മാലിന്യം ഒട്ടും വിഷമുള്ളതല്ല അഥവാ ഹാനികരമല്ലെന്ന വിവരം അവരുമായി പങ്കുവെക്കും,’ മുഖ്യമന്ത്രി പറഞ്ഞു.

ഭോപ്പാല്‍ വാതക ദുരന്തം നടന്ന് നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രവര്‍ത്തനരഹിതമായ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്ന് 377 ടണ്‍ മാലിന്യം ധാര്‍ ജില്ലയിലെ ഒരു യൂണിറ്റിലേക്ക് സംസ്‌കരിക്കാനായി മാറ്റിയത്.

മാലിന്യം കൊണ്ടുപോവുന്ന കണ്ടെയ്‌നറുകള്‍

ഭോപ്പാലില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ധാര്‍ ജില്ലയിലെ പിതാംപൂര്‍ വ്യവസായ മേഖലയിലേക്ക് സീല്‍ ചെയ്ത 12 കണ്ടെയ്നര്‍ ട്രക്കുകളിലായി ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മാലിന്യങ്ങള്‍ മാറ്റിയത്.

അതേസമയം ധര്‍ ജില്ലയിലെ പിതാമ്പൂരിലേക്ക് മാലിന്യം മാറ്റുന്നതിനെതിരെ ആളുകള്‍ പ്രതിഷേധ റാലി നടത്തി. പിതാംപൂരിലെ മാലിന്യ നിര്‍മാര്‍ജനം അവിടുത്തെ താമസക്കാര്‍ക്കും പരിസ്ഥിതിക്കും സുരക്ഷിതമല്ലാന്നാരോപിച്ചാണ് പ്രതിഷേധം. പ്രതിഷേധക്കാര്‍ നാളെ (വെള്ളിയാഴ്ച) പിതാംപൂരില്‍ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

1984 ഡിസംബര്‍ 2-3ന് രാത്രി യൂണിയന്‍ കാര്‍ബൈഡ് കീടനാശിനി ഫാക്ടറിയില്‍ നിന്ന് ഉയര്‍ന്ന വിഷലിപ്തമായ മീഥൈല്‍ ഐസോസയനേറ്റ് (എം.ഐ.സി) വാതകം ചോരുകയായിരുന്നു.

ദുരന്തത്തില്‍ കുറഞ്ഞത് 5,479 പേരെങ്കിലും കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളില്‍ ഒന്നായാണ് ഭോപ്പാല്‍ ദുരന്തത്തിനെ കണക്കാക്കുന്നത്.

സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് സൈറ്റ് മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതിനെതിരെ മധ്യപ്രദേശ് ഹൈക്കോടതി ഡിസംബര്‍ മൂന്നിന് അധികാരികളെ ശാസിക്കുകയും മാലിന്യം മാറ്റാന്‍ നാലാഴ്ചത്തെ സമയപരിധി നല്‍കുകയും ചെയ്തിരുന്നു.

2015ല്‍ പീതാംപൂരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 10 ടണ്‍ യൂണിയന്‍ കാര്‍ബൈഡ് മാലിന്യം കത്തിച്ച ശേഷം ചുറ്റുമുള്ള ഗ്രാമങ്ങളിലെ മണ്ണും ഭൂഗര്‍ഭജലവും ജലസ്രോതസുകളും മലിനമായതായി ചില പ്രാദേശിക പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. ഇതിന് പിന്നാലെയാണ് 377 ടണ്‍ വിഷമാലിന്യങ്ങള്‍ 1.75 ലക്ഷത്തോളം ജനസംഖ്യയുള്ള നഗരത്തിലേക്ക് മാറ്റിയത്.

Content Highlight: Bhopal gas tragedy; Madhya Pradesh Chief Minister said that the toxic waste removed from the factory will not harm the environment