ജോര്‍ജ് ഫ്‌ളോയിഡ് ഒടുവിലത്തെ ഇര മാത്രമാണ്. അറിയണം, അമേരിക്ക ഇലക്ട്രിക് കസേരയിലിരുത്തി കൊന്നുകളഞ്ഞ ആ കറുത്ത പതിനാല് വയസ്സുകാരനെക്കുറിച്ച്
Discourse
ജോര്‍ജ് ഫ്‌ളോയിഡ് ഒടുവിലത്തെ ഇര മാത്രമാണ്. അറിയണം, അമേരിക്ക ഇലക്ട്രിക് കസേരയിലിരുത്തി കൊന്നുകളഞ്ഞ ആ കറുത്ത പതിനാല് വയസ്സുകാരനെക്കുറിച്ച്
വി.പി റജീന
Friday, 29th May 2020, 4:29 pm

അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരനായ യുവാവിനെ അതിക്രൂരമായി പൊലീസ് കൊല ചെയ്ത സംഭവം രാജ്യത്ത് വന്‍ രോഷാഗ്‌നി ഉയര്‍ത്തുകയാണ്. അമേരിക്കന്‍ ഭരണകൂടത്തിന്റെയും പൊലീസിന്റെയും പ്രമാദമായ വര്‍ണ -വംശീയ വെറിയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ആ യുവാവ്. ഇത്തരം സമാനതകളില്ലാത്ത ക്രൂരതകള്‍ക്ക് ആ നാടിന്റെ ചരിത്രത്തില്‍ ഉദാഹരണങ്ങള്‍ എമ്പാടുമുണ്ട്. അതിലൊരു ഏടാണ് ജോര്‍ജ് സ്റ്റിന്നിയുടേത്. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ വൈദ്യുത കസേരയില്‍ ഇരുത്തി ഹൈവോള്‍ട്ടില്‍ ഷോക്കടിപ്പിച്ച് അമേരിക്ക കൊന്നുകളഞ്ഞ ഒരു കറുത്ത മുത്ത്. അവനപ്പോള്‍ പ്രായം 14 മാത്രമായിരുന്നു!

മനുഷ്യരൂപം പൂണ്ട വെള്ളച്ചെകുത്താന്‍മാരും അവരുടെ ‘നീതിപീഠ’വും ചേര്‍ന്ന് 14 വയസ്സുമാത്രമുള്ള ഒരു മനുഷ്യക്കുഞ്ഞിനോട് കാണിച്ച സമാനതകളില്ലാത്ത കൊടും ക്രൂരതയെക്കുറിച്ചാണ് പറയാന്‍ പോവുന്നത്. ഈ സന്ദര്‍ഭത്തില്‍ ഈ ക്രൂരത എന്തുകൊണ്ടും ലോകത്തിന്റെ മുമ്പിലേക്ക് വീണ്ടും വീണ്ടും കടന്നുവന്ന് പൊള്ളുന്ന നോവായി മാറേണ്ടതുണ്ട്.

കാരണം, കൊലയാളികള്‍ ആഗ്രഹിക്കുന്നതുപോലെ മറവിയുടെ ശവക്കുഴിയിലേക്ക് അതിനെ തള്ളിയിടാന്‍ അനുവദിക്കരുത്. ലോകമെങ്ങും അതേ വെള്ളച്ചെകുത്താന്‍മാരുടെ പിന്‍മുറക്കാര്‍ അധിപന്‍മാരായി വാണരുളുന്ന കാലത്ത് ഈ ഭൂമിയില്‍ മനുഷ്യത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അതിനെ എതിരിടാന്‍ ജോര്‍ജ് സ്റ്റിന്നിമാരുടെ കുത്തിക്കീറുന്ന ഓര്‍മകളെ മാന്തിയെടുത്തേ പറ്റൂ.

കാലം 1944. സൗത്ത് കരോലിനയിലെ ആല്‍കോലൂവിലെ ഒരു ചെറിയ തടിയറുപ്പു മില്ലിലെ തൊഴിലാളിയായ ജോര്‍ജിന്റെ മക്കളില്‍ ഒരാളായിരുന്നു 14 കാരനായ സ്റ്റിന്നി. വെളുത്ത വര്‍ഗക്കാരികളായ രണ്ട് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയെന്നതായിരുന്നു സ്റ്റിന്നിക്കുമേല്‍ കെട്ടിയാരോപിക്കപ്പെട്ട കുറ്റം. കൊല്ലപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് പതിനൊന്നും മറ്റൊരാള്‍ക്ക് ഏഴും വയസ്സുമായിരുന്നു പ്രായം.

ചെറിയൊരു ടൗണ്‍ ആയിരുന്നു ആല്‍കോലു. വര്‍ണ വിവേചനത്തിന്റെ ഇരകളായി ആഫ്രോ അമേരിക്കന്‍ വംശജര്‍ അധിവസിക്കുന്ന നാട്. കറുത്തവര്‍ക്കും വെളുത്തവര്‍ക്കും പ്രത്യേകമായ സ്‌കൂള്‍, പ്രത്യേകമായ പള്ളി. ഇരു വര്‍ഗക്കാരുടെയും വീടുകള്‍ ഒരു റെയില്‍വെ ട്രാക്കിനാല്‍ വിഭജിക്കപ്പെട്ടിരുന്നു.

ബെറ്റി ജൂണ്‍ ബിന്നിക്കര്‍, മേരി എമ്മ തേംസ് എന്ന രണ്ട് പെണ്‍കുട്ടികളുടെ മൃതശരീരം ആല്‍കൊലുവിലെ ഒരു വെള്ളക്കുഴിയില്‍ 1944 മാര്‍ച്ച് 23ന് കാണപ്പെട്ടു. ഇരുമ്പ് കുറ്റിയോ മറ്റോ കൊണ്ട് ഇരുവരും ആക്രമിക്കപ്പെട്ടിരുന്നു. സ്റ്റിന്നിക്കും അവന്റെ അനിയത്തിക്കുമൊപ്പം സംസാരിച്ചുനില്‍ക്കുന്ന നിലയില്‍ ആണ് ഇരുവരെയും അവസാനമായി കണ്ടതെന്നായിരുന്നു അന്ന് പ്രചരിച്ചത്. പെണ്‍കുട്ടികള്‍ പിന്നീട് വീട്ടിലെത്തിയില്ല. വ്യാപകമായി തിരച്ചില്‍ നടത്തി. ഒടുവില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. സ്റ്റിന്നിയാണ് കുറ്റം ചെയ്തതെന്ന് പ്രാദേശിക പൊലീസ് ഉറപ്പിച്ചു.

പിറ്റേ ദിവസം പൊലീസ് ജോര്‍ജ് സ്റ്റിന്നിയെ വീട്ടില്‍ വന്ന് അറസ്റ്റ് ചെയ്തു. കയ്യാമം വെച്ച് ജയിലില്‍ കൊണ്ടുപോയി അടച്ചു. കുട്ടി കുറ്റം സമ്മതിച്ചുവെന്നും അടിക്കാന്‍ ഉപയോഗിച്ച ഇരുമ്പു വടി കണ്ടെടുത്തുവെന്നും പൊലീസ് പ്രചരിപ്പിച്ചു. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടും വൈദ്യ പരിശോധനാ ഫലവും സ്റ്റിന്നി നടത്തിയെന്ന് പറയുന്ന കൊലയെ സാധൂകരിച്ചില്ല.

അഗ്രഭാഗം പരന്നിരിക്കുന്ന എന്തോ ഉപകരണം കൊണ്ടുള്ള മുറിവായിരുന്നു അതില്‍ മരണകാരണമായി പറഞ്ഞത്. ഹാമര്‍ പോലത്തെ ഒന്നുകൊണ്ടുള്ളത്. സ്റ്റിന്നി അതിലൊരാളെ ബലാല്‍സംഗം ചെയ്തതായി പ്രചരിച്ചുവെങ്കിലും പെണ്‍കുട്ടികള്‍ക്കെതിരില്‍ ലൈംഗികാതിക്രമം നടന്നതിന് മൃതദേഹ- ഫോറന്‍സിക് പരിശോധനയില്‍ ഒരു തെളിവുമില്ലായിരുന്നു.

മകന്റെ അറസ്റ്റോടെ പിതാവിന്റെ തൊഴില്‍ പോയി. തൊഴിലുമട നല്‍കിയ വീട്ടില്‍ നിന്നും ആ കുടുംബം പുറത്താക്കപ്പെട്ടു. അവിടെ നിന്ന് കിട്ടിയതും കൊണ്ട് ഓടിയ അവര്‍ക്ക് പിന്നീടൊരിക്കലും ആല്‍കലൂവിലേക്ക് മടങ്ങിവരാനായില്ല. ഇവര്‍ താമസിച്ചിടത്തുനിന്നും 80തിലേറെ കിലോമീറ്റര്‍ ദൂരെയുള്ള ജയിലില്‍ ആയിരുന്നു ജോര്‍ജ് സ്റ്റിന്നിയെ അടച്ചത്.

81 ദിവസത്തെ ജയില്‍ ജീവിതത്തിനടിയില്‍ ഒരിക്കല്‍പോലും കുടുംബത്തിന് സ്റ്റിന്നിയെ കാണാന്‍ സാധിച്ചില്ല. ഉറ്റവരോ അഭിഭാഷകനോ ഇല്ലാതെ കുട്ടിയെ തനിച്ച് ചോദ്യം ചെയ്യലിനും കോടതി നടപടികള്‍ക്കും വിചാരണക്കും വിധേയനാക്കി. കേസ് നടത്താനുള്ള പണം ജോര്‍ജിന്റെ കയ്യിലില്ലായിരുന്നു. സാക്ഷിയായി ആരും എത്തിയില്ല. അതിലുപരി കറുത്ത വര്‍ഗക്കാരായ ഒരാള്‍ക്കും ആ കോടതിയിലേക്ക് എത്തിനോക്കാനാവുമായിരുന്നില്ല. എല്ലാം നടത്തിയിരുന്നത് വെളുത്തവര്‍ മാത്രം. വിധി പ്രസ്താവിക്കാന്‍ ഇരുന്ന ജൂറിയും അതേ. അവസാനം ജൂറി ആ മാരണ വിധി പറഞ്ഞു.

14കാരനായ കുറ്റവാളിയെ ഇലക്ട്രിക് കസേരയില്‍ ഇരുത്തി ഷോക്കടിപ്പിച്ച് നിര്‍ദയം കൊല്ലുക. വിധിയുടെ ഒരു പകര്‍പ്പുപോലുമില്ല. അപ്പീലിനും അനുമതിയില്ല. കറുത്ത വര്‍ഗക്കാരുടെ ചര്‍ച്ചും സ്റ്റിന്നിയുടെ ഉറ്റവരും അന്നത്തെ ഗവര്‍ണര്‍ ആയ ജോണ്‍സ്റ്റനോട് കേണപേക്ഷിച്ചു. കുട്ടിയുടെ പ്രായം പരിഗണിച്ച് ശിക്ഷ നടപ്പാക്കരുതെന്ന്. അതിനു നല്‍കിയ മറുപടിയായിരുന്നു അതിെേലറ ക്രൂരം. ‘സ്റ്റിന്നി ചെയ്ത കുറ്റകൃത്യം എന്താണെന്ന് നിങ്ങള്‍ക്കറിയില്ല എന്നത് ഏറെ രസകരം തന്നെ. വലിയ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യാനായി ചെറിയ പെണ്‍കുട്ടിയെ ആദ്യം കൊന്നു. പിന്നീട് വലിയ പെണ്‍കുട്ടിയെ കൊന്നിട്ട് അവളുടെ മൃതദേഹത്തെ ഭോഗിച്ചു. 20 മിനിട്ടു കഴിഞ്ഞ് ഒന്നുകൂടെ ബലാല്‍സംഗം ചെയ്യാന്‍ അവന്‍ വീണ്ടും തുനിഞ്ഞപ്പോള്‍ ആ മൃതദേഹം തണുത്തിരുന്നു’.

ഇക്കാര്യങ്ങള്‍ എല്ലാം അവന്‍ സമ്മതിച്ചതാണെന്നും ഗവര്‍ണര്‍ കള്ളം പറഞ്ഞു. എന്നാല്‍, ഇതിനൊന്നും സ്ഥിരീകരണമില്ലായിരുന്നു. കുട്ടി കുറ്റം സമ്മതിച്ചുവെന്നതുമാത്രമായിരുന്നു ‘തെളിവ്?’. അതും റെക്കോര്‍ഡ് ചെയ്യപ്പെട്ടില്ല. മുതിര്‍ന്ന ഒരു കുറ്റവാളിക്ക് ലഭിക്കേണ്ട പരിഗണന പോലും അറസ്റ്റിലും വിചാരണക്കിടയിലും കോടതി നടപടികളിലും ജയിലിലും ഒടുവില്‍ വധത്തിലും സ്റ്റിന്നിക്ക് ലഭിച്ചില്ല. ധൃതിപിടിച്ചായിരുന്നു എല്ലാം. വെറും പത്തു മിനിട്ട് മാത്രമെടുത്താണ് ഇത്തരമൊരു ശിക്ഷ നടപ്പാക്കിയതെന്നുകൂടി ഓര്‍ക്കുക.

1944 ജൂണ്‍ 16. മനസ്സില്‍ ഇത്തിരിയെങ്കിലും കരുണ അവശേഷിക്കുന്നവര്‍ ആരുമില്ലാതായിപ്പോയ നിമിഷമായിരുന്നുവോ അത്.
കൊലമുറിയിലേക്ക് അവനെ നടത്തിച്ചുകൊണ്ടുപോയി. അപ്പോള്‍ വിറയ്ക്കുന്ന ആ കൈകളില്‍ ആരോ കൊടുത്ത ബൈബിള്‍ ഉണ്ടായിരുന്നു. മുതിര്‍ന്ന കുറ്റവാളികള്‍ക്കുള്ള ഇലക്ട്രിക് ചെയര്‍ ആയിരുന്നു അത്. 155 സെന്റീമീറ്ററും 40 കിലോയും മാത്രമുള്ള ആ ചെറിയ ശരീരം അതിലേക്ക് പാകമേ അല്ലായിരുന്നു.

അവനെ അതില്‍ ഇരുത്തി രണ്ടു കൈകളും കാലുകളും ബന്ധിച്ചു. ഷോക്കടിപ്പിക്കാനുള്ള തൊപ്പിയും മാസ്‌കും ധരിപ്പിച്ചപ്പോള്‍ അതും പാകമല്ലായിരുന്നു. കുട്ടിയുടെ മുഖത്തിനും തലക്കും മുകളില്‍ അത് അയഞ്ഞുകിടന്നു. തുടര്‍ന്ന് വെള്ളപ്പിശാചുക്കള്‍ സ്വിച്ച് ഓണ്‍ ചെയ്തു. ലോകം ഓര്‍ത്തോര്‍ത്ത് തലകുനിക്കേണ്ട നിമിഷം. അതിന്റെ ഒരംശത്തില്‍ 2400 വാട്‌സ് കറന്റ് ആ ശരീരത്തിലാകമാനം മിന്നല്‍പിണറുകളായി പാഞ്ഞുകയറി. ആ ശക്തിയില്‍ മാസ്‌ക് തെറിച്ചുവീണു.

ശരീരം ശക്തമായി വിറച്ചു. കണ്ണുകള്‍ തുറിച്ചു. കണ്ണുനീര്‍ അണപൊട്ടിയൊഴുകി. വായില്‍നിന്ന് നുരയും പതയും ചാടി. കറുത്തവനെ കൊല്ലുന്നത് നേരില്‍ കാണാന്‍ ആ മുറിയില്‍ കുറേ പേര്‍ എത്തിയിരുന്നു. രണ്ടു തവണ കൂടി ആരാച്ചാര്‍മാര്‍ ഇത് ആവര്‍ത്തിച്ചു. അതോടെ ആ ചെറു ശരീരത്തില്‍ നിന്ന് എന്നെന്നേക്കുമായി ജീവന്‍ പറിച്ചെടുക്കപ്പെട്ടു. എന്തിനാണ് തന്നെ ശിക്ഷിച്ചതെന്ന് ആലോചിച്ചുറപ്പിക്കാന്‍പോലും മതിയാവാത്ത പ്രായത്തില്‍ അവന്റെ ബോധത്തില്‍ നിന്നും കണ്ണുകളില്‍ നിന്നും കരുണയറ്റ ഈ ലോകം മാഞ്ഞുപോയി.

എല്ലാംകൂടെ നാലു മിനിറ്റ് മാത്രം. വൈകിട്ട് 7.30ന് ജോര്‍ജ് സ്റ്റിന്നി എന്ന 14കാരന്റെ മരണം സ്ഥീരീകരിച്ചു. 83 ദിവസം നീണ്ട ജയില്‍ വാസത്തിന്റെ അതിക്രൂരമായ പര്യവസാനം. അന്ന് ആ കാഴ്ച കണ്ടു നിന്നവര്‍ അത് മനസില്‍ വീണ്ടും വീണ്ടും ഓര്‍ത്തെടുത്ത് ഉന്‍മാദത്തോടെയായിരിക്കണം ആ രാത്രി ഉറങ്ങാന്‍ കിടന്നിട്ടുണ്ടാവുക. ദുസ്വപ്നങ്ങളെ പ്രണയിക്കുന്ന ചെകുത്താന്‍മാര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് അതിനു കഴിയുക!

എന്നാല്‍, 70 വര്‍ഷങ്ങള്‍ക്കുശേഷം 2014ല്‍ വധശിക്ഷക്കെതിരെ അപ്പീല്‍ അനുവദിച്ചു. സ്റ്റിന്നിയുടെ സഹോദരങ്ങള്‍ കേടതിയെ സമീപിച്ചു. കുറ്റസമ്മതം വ്യാജമായി ചമച്ചതാണെന്ന് അവര്‍ വാദിച്ചു. പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടുവെന്ന് പറയുന്ന സമയത്ത് തനിക്കൊപ്പമായിരുന്നു സ്റ്റിന്നിയെന്ന് സഹോദരി ഐമി പറഞ്ഞു. സ്റ്റിന്നിക്കൊപ്പം ജയിലില്‍ ഉണ്ടായിരുന്ന ഒരാളോട് താന്‍ പെണ്‍കുട്ടികളെ കൊന്നിട്ടില്ലെന്ന് അവന്‍ ആണയിട്ടുപറഞ്ഞ കാര്യവും അവര്‍ കോടതിയെ ബോധിപ്പിച്ചു.

ഒരു വര്‍ഷത്തിനുശേഷം ജഡ്ജ് കാര്‍മെന്‍ സ്റ്റിന്നിയുടെ വധശിക്ഷ ‘അതിക്രൂരവും അസാധാരണവുമായിരുന്നു’വെന്ന് വിധി തിരുത്തി. കുറ്റാരോപിതന് ലഭിക്കേണ്ട ഒരുവിധ അവകാശവും ഒരു വേളയിലും സ്റ്റിന്നിക്ക് ലഭിച്ചില്ലെന്നും അവര്‍ എഴുതി.
എന്നിട്ടെന്തു കാര്യം. ഏറെ വൈകിയുള്ള ഈ മറുവിധിക്കുവേണ്ടി മാത്രം സ്റ്റിന്നിയുടെ സഹോദരങ്ങള്‍ ഈ ലോകത്ത് ജീവിച്ചുവെന്ന് സമാധാനിക്കാം.

ജോര്‍ജ് സ്റ്റിന്നിയുടെ ജീവിതം ’83 ഡെയ്‌സ്’ എന്ന പേരില്‍ ആന്‍ഡ്ര്യു പോള്‍ ഹോവെല്‍ പിന്നീട് സിനിമയാക്കി. ഡെജീന്‍ ഡിറ്റര്‍വില്ലെയാണ് സ്റ്റിന്നിയെ അവതരിപ്പിച്ചത്. കുട്ടിയെ കൊല്ലുന്ന അതിലെ രംഗം മനസ്സാക്ഷി മരവിച്ചവര്‍ക്കല്ലാതെ മുഴുകണ്ണു തുറന്ന് കാണാനാവില്ല.

20ാം നൂറ്റാണ്ടില്‍ അമേരിക്ക ഷോക്കടിപ്പിച്ച് കൊന്ന ഏറ്റവും പ്രായം കുറഞ്ഞ മനുഷ്യനാണ് സ്റ്റിന്നി. ഇന്നും അവര്‍ ബോംബിട്ടും പട്ടിണിക്കിട്ടും ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ കൊല്ലാക്കൊല ചെയ്തുകൊണ്ടിരിക്കുന്നു. വെളുത്തവര്‍ മാത്രം അധിവസിക്കുന്ന ലോകത്തിനായി അവര്‍ ആശയവും ആയുധവും നല്‍കുന്നു. ആഫ്രിക്കയില്‍, പശ്ചിമേഷ്യയില്‍, ലാറ്റിനമേരിക്കയില്‍, ഇന്ത്യയില്‍….

ഇന്നലെ രാത്രി ഏറെ വൈകി ഇതെഴുതുമ്പോള്‍ സ്റ്റിന്നിയുടെ ശിക്ഷ നടപ്പാക്കുന്ന രംഗത്തിലൂടെ വീണ്ടും കണ്ണോടിക്കേണ്ടിവന്നു. പലപ്പോഴും നിയന്ത്രണം വിട്ട് കരഞ്ഞുപോയി. ഈ ലോകം ഇവിടെ അവസാനിച്ചെങ്കില്‍ എന്ന് തോന്നിപ്പോയ നിമിഷങ്ങള്‍. മുമ്പ് സമാനമായ വൈകാരികാവസ്ഥയിലൂടെ കടന്നുപോയത് സോളമന്‍ നോര്‍ത്തപ്പിന്റെ അറ്റമില്ലാത്ത വേദനയുടെ ജീവിതത്തെകുറിച്ച് വായിച്ചെഴുതിയപ്പോഴാണ്. അദ്ദേഹത്തിന്റെ ആത്മകഥയിലൂടെയും ഒസ്‌കാര്‍ അവാര്‍ഡ് വാങ്ങിയ ‘ഒരു അടിമയുടെ 12വര്‍ഷങ്ങളി’ലൂടെയും നോര്‍ത്തപ്പ് ഇന്നും ജീവിക്കുന്നു. ജോര്‍ജ് സ്റ്റിന്നിയെയും സോളമന്‍ നോര്‍ത്തപ്പിനെയും ഒക്കെ വീണ്ടും വീണ്ടും ഓര്‍ത്തുകൊണ്ടേയിരിക്കുക. ലോകം കൂടുതല്‍ കൂടുതല്‍ ‘വെളുപ്പിക്കാന്‍’ ഒരുമ്പെട്ടിറങ്ങുന നവ ആര്യന്‍മാരെ ഈ ബലിദാനികളുടെ ഓര്‍മകളാല്‍ വിചാരണ ചെയ്തുകൊണ്ടേയിരിക്കുക.)

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വി.പി റജീന
മാധ്യമപ്രവര്‍ത്തക