ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെ തിങ്കളാഴ്ച സഭയില്‍ ഭൂരിപക്ഷം തെളിയിച്ച് സര്‍ക്കാര്‍ രൂപീകരിക്കാമെന്നായിരുന്നു ശിവസേനയുടെ പ്രതീക്ഷ. എന്നാല്‍ കോണ്‍ഗ്രസിന്റെ തീരുമാനം വൈകിയതിന് പിന്നാലെ മഹാരാഷ്ട്ര രാഷ്ട്രപതി ഭഭരണത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.
എന്‍.സി.പി നേതാവ് ശരദ് പവാറും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും തമ്മില്‍ പതിനൊന്നാം മണിക്കൂറില്‍ നടത്തിയ ഫോണ്‍കോളാണ് മഹാരാഷ്ട്രയിലെ ഏറ്റവും ഒടുവിലെ പ്രതസന്ധിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആശയപരമായി ഭിന്ന പക്ഷത്ത് നില്‍കുന്ന ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതിനോട് ആദ്യം എതിര്‍പ്പുണ്ടായിരുന്നെങ്കിലും സോണിയാ ഗാന്ധി സഖ്യ തീരുമാനത്തിന് തൊട്ടടുത്തായിരുന്നെന്നാണ് സൂചന. എന്നാല്‍ നിര്‍ണായക സമയത്ത് ശരദ് പവാറിന്റെ ഫോണ്‍കോള്‍ സോണിയയെ തേടിയെത്തി. കോണ്‍ഗ്രസ് ശിവസേനയുമായി സഖ്യത്തിലെത്തുന്നതിലുള്ള നീരസമാണ് പവാര്‍ പ്രകടിപ്പിച്ചതെന്നാണ് സൂചനയെന്ന് എന്‍.ഡി ടി.വി റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ സോണിയ മഹാരാഷ്ട്രാ വിഷയത്തിലൂന്നി നിരവധി ചര്‍ച്ചകള്‍ നടത്തുകയും ശിവസേനയുമായി സഖ്യത്തിലേര്‍പ്പെടുന്നതില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
ഹിന്ദുത്വ ആശയങ്ങളുള്ള ശിവസേനയുമായുള്ള കൂട്ടുകെട്ട് വരും തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് പ്രതികൂലമായി ബാധിക്കുമെന്നാണ് സോണിയാഗാന്ധിയുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണിയുടെയും കെ.സി വേണുഗോപാലിന്റെയും മുകുള്‍ വാസ്‌നികിന്റെയും രാജീവ് സാതവിന്റെയും നിലപാടുകള്‍ക്ക് പിന്തുണ നല്‍കുന്നതായിരുന്നു സോണിയാഗാന്ധിയുടെ ഈ വിലയിരുത്തല്‍.
എന്നാല്‍ മഹാരാഷ്ട്രയില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളായ സുശില്‍കുമാര്‍ ഷിന്‍ഡെയ്ക്കും അശോക് ചവാനും പൃഥ്വിരാജ് ചവാനും ബാലസാഹേബ് തൊറാട്ടിനും ഇക്കാര്യത്തില്‍ സഖ്യമാവാം എന്ന അഭിപ്രായമാണുള്ളത്. ശിവസേന ബി.ജെ.പിയുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കുന്നതോടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും എന്നാണ് അവരുടെ കണക്കുകൂട്ടല്‍.
തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ഉദ്ധവ് താക്കറെ സോണിയയെ വിളിച്ച് പിന്തുണ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുമായി കൂടിയാലോചനകള്‍ നടത്തിയശേഷം തീരുമാനമറിയിക്കാം എന്നായിരുന്നു സോണിയയുടെ മറുപടി.
ഇതിന് പിന്നാലെയാണ് പവാര്‍ സോണിയയുമായി ബന്ധപ്പെട്ട് സഖ്യം സംബന്ധിച്ച നിര്‍ണായക കാര്യങ്ങള്‍ സംസാരിച്ചത്. ശിവസേനയ്ക്ക് എന്‍.സി.പി പിന്തുണ അറിയിച്ചതിന് ശേഷമായിരുന്നു ഇത്.
ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാട് ആലോചനകള്‍ നടത്താനുണ്ടെന്നും പിന്തുണയറിയിച്ചുകൊണ്ടുള്ള കത്ത് താന്‍ സേനയ്ക്ക് ഉടന്‍ നല്‍കില്ലെന്നും പവാര്‍ സോണിയയെ അറിയിച്ചു.
എന്‍.സി.പിക്ക് ശിവസേനയേക്കാള്‍ രണ്ട് സീറ്റ് മാത്രമാണ് കുറവുള്ളതെന്നും അതുകൊണ്ടുതന്നെ മുഖ്യമന്ത്രി സ്ഥാനം പൂര്‍ണമായും സേനയ്ക്ക് വിട്ടുകൊടുക്കുന്നതില്‍ വിയോജിപ്പുണ്ടെന്നും പവാര്‍ പറഞ്ഞു. അധികാരം പങ്കുവെക്കാമെന്ന ആശയമാണ് പവാര്‍ പങ്കുവച്ചത്.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ ശിവസേന പരാജയപ്പെട്ടിരുന്നു. പിന്തുണ അറിയിച്ചു കൊണ്ടുള്ള എന്‍.സി.പിയുടേയും കോണ്‍ഗ്രസിന്റെയും കത്തുകള്‍ ഹാജരാക്കാന്‍ കഴിയാതെ വന്നതോടെയാണ് ശിവസേന പരാജയപ്പെട്ടത്. തുടര്‍ന്ന് എന്‍.സി.പിയ്ക്കും അവസരം നല്‍കിയെങ്കിലും വേഗത്തോടെയുള്ള നീക്കം നടത്താന്‍ എന്‍.സി.പി തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് എന്‍.സി.പിക്ക് നല്‍കിയിരുന്ന സമയം അവസാനിക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.
രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി പ്രഖ്യാപനം വന്നപ്പോഴും എന്‍.സി.പി നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും ചര്‍ച്ചയിലായിരുന്നു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെ ഭയക്കാത്ത രീതിയിലായിരുന്നു ആ ചര്‍ച്ച. ശിവസേനയ്ക്ക് ഇരുപാര്‍ട്ടികളുടെയും കത്തുകള്‍ എത്തിക്കാതിരുന്നത് ശരത് പവാറിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് സൂചനകള്‍. കൃത്യമായ ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചും മന്ത്രിസ്ഥാനങ്ങളുടെ എണ്ണത്തെ കുറിച്ചും തീരുമാനമെടുത്തതിന് ശേഷം സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിച്ചാല്‍ മതിയെന്നാണ് ശരത് പവാറിന്റെ നിര്‍ദേശം.
ഇരുപാര്‍ട്ടികളിലെയും നേതാക്കളുടെ പ്രതികരണപ്രകാരം, ഇരുവര്‍ക്കും പൊതുമിനിമം പരിപാടിയും ശിവസേനയുമായി അധികാര സ്ഥാനങ്ങളുടെ വീതം വെപ്പും സര്‍ക്കാര്‍ രൂപീകരണത്തിന് മുമ്പ് നടക്കണം. ഇവര്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍ ശിവസേന സമ്മതിച്ചാല്‍, രണ്ട് പാര്‍ട്ടികളും ശിവസേന നയിക്കുന്ന സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കും.
‘ഞങ്ങള്‍ക്കൊരു പൊതുമിനിമം പരിപാടി വേണം. അത് ഇന്ന് വൈകുന്നേരത്തിനുള്ളില്‍ തയ്യാറാക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചെങ്കിലും അതൊരു പ്രശ്നമല്ല. ഞങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍. അത് മാറും’- എന്‍.സി.പി നേതാവ് അജിത് പവാര്‍ പറഞ്ഞു.
1999 മുതല്‍ കോണ്‍ഗ്രസും എന്‍.സി.പിയും മുതല്‍ സഖ്യസര്‍ക്കാരുകളെ നയിക്കുന്നതാണ്. അപ്പോഴൊക്കെ വ്യക്തമായ ധാരണകള്‍ രൂപപ്പെടുത്തിയതിന് ശേഷമേ സര്‍ക്കാര്‍ രൂപീകരിക്കാറുള്ളൂ എന്നും ശരദ് പവാറിന്റെ അടുത്ത അനുയായി ചൂണ്ടിക്കാട്ടി.