Advertisement
actress attack case
മാധ്യമ പ്രവര്‍ത്തകരടങ്ങുന്ന സംഘം അതിജീവിക്കാനനുവദിക്കാതെ ഭാവനയെ ആക്രമിക്കുകയായിരുന്നു; ആര്‍ക്കും സംഭവിക്കാവുന്ന അപകടം മാത്രമാണത്: ആഷിഖ് അബു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 06, 11:16 am
Sunday, 6th March 2022, 4:46 pm

കൊച്ചി: ഭാവനയെ ഭീകരമായി കുറ്റപ്പെടുത്താന്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരടങ്ങുന്ന സംഘം ശ്രമിച്ചുവെന്ന് സംവിധായകന്‍ ആഷിഖ് അബു. അതിജീവിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലും ഭാവനക്ക് നേരിടേണ്ടി വന്നത് ആക്രമണമാണെന്ന് ആഷിഖ് അബു പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടാണ് ആഷിഖ് ഇക്കാര്യം പറഞ്ഞത്.

സംഭവം നടന്ന സമയം അതിഭീകരമായ തരത്തില്‍ ഇരയെ കുറ്റപ്പെടുത്തുന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ ഉള്‍പ്പടെ ഉള്ള ഒരു സംഘം ശ്രമിച്ചിരുന്നു. ആക്രമണ സ്വഭാവമുള്ള വാര്‍ത്തകള്‍ വന്നിരുന്നു, വ്യക്തിഹത്യ നടന്നു. എന്നാല്‍ കേരളത്തിലെ വലിയ വിഭാഗം ജനങ്ങളും മറ്റ് മാധ്യമങ്ങളും സര്‍ക്കാറും രാഷ്ട്രീയ പ്രസ്ഥാനങ്ങളും എല്ലാവരും കുറ്റകൃത്യം എന്ന നിലയില്‍ തന്നെ ഇരയ്‌ക്കൊപ്പം നിന്നുവെന്ന് ആഷിഖ് അബു പറഞ്ഞു.

‘ഒരു അതിജീവിത ഒറ്റപ്പെടുന്ന സമൂഹത്തില്‍ നിന്ന് അകന്നു പോകുന്ന അവസ്ഥയാണ്. ആരെങ്കിലുമൊക്കെ അത് തകര്‍ത്ത് പുറത്തുവരണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഇത് ആര്‍ക്കും സംഭവിക്കാവുന്ന ഒരു അപകടം മാത്രമാണ്. അങ്ങനെ കണ്ടാല്‍ ഇത്തരം അപകടം സംഭവിക്കുന്നവര്‍ക്ക് ഏറെ ആശ്വാസകരമാവുകയും ട്രോമയില്‍ നിന്നും മുന്നേറാന്‍ സാധിക്കുകയും ചെയ്യും,’ ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.

ഭാവനയുടെ തുറന്നുപറച്ചിലില്‍ വലിയ പ്രതീക്ഷയുണ്ടെന്നും ആഷിഖ് പറഞ്ഞു.

‘വലിയ സന്തോഷത്തോടെയും പ്രതീക്ഷയോടെയും തന്നെയാണ് ഭാവനയുടെ ഈ നിലപാടിനെ നോക്കി കാണുന്നത്. കുറെ നാളുകള്‍ക്ക് മുന്നേ ഇത് ചെയ്യേണ്ടതായിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അത് ഞാന്‍ അറിയിക്കുകയും ചെയ്തിരുന്നു. മുമ്പ് നിരവധി തവണ സിനിമകളുടെ ആവശ്യത്തിനായി ഞാന്‍ ഭാവനയെ ക്ഷണിക്കുകയും ചെയ്തിരുന്നു,’ അദ്ദേഹം പറഞ്ഞു.

താന്‍ നേരിട്ട അതിക്രമത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി ഭാവന രംഗത്തെത്തിയിരുന്നു. താന്‍ ഇരയല്ല അതിജീവിതയാണെന്ന് ഭാവന പറഞ്ഞു.

പ്രമുഖ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയായ ബര്‍ക്ക ദത്ത് നടത്തുന്ന ‘വി ദി വുമണ്‍’ എന്ന പരിപാടിയിലാണ് ഭാവന തന്റെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞത്. മോജോ സ്റ്റോറി എന്ന യൂട്യൂബ് ചാനലിലൂടെയാണ് പരിപാടി സംപ്രേഷണം ചെയ്തത്.

പലരും എനിക്ക് മലയാള സിനിമയില്‍ അവസരം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ തന്നെ എന്റെ പല സുഹൃത്തുക്കളും സിനിമയില്‍ അവസരം തരികയും ചെയ്തിട്ടുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, ഷാജി കൈലാസ്, ആഷിഖ് അബു അങ്ങനെ ഒരുപാട് പേര്‍ എനിക്ക് അവസരം തരാമെന്ന് പറഞ്ഞ് എന്നെ സമീപിച്ചിരുന്നു. പക്ഷെ ആ സിനിമകള്‍ എനിക്ക് തിരസ്‌കരിക്കേണ്ടി വന്നു.

അതേ ഇന്‍ഡസ്ട്രിയിലേക്ക് തിരിച്ചുവന്ന് ഒന്നും സംഭവിക്കാത്തതുപോലെ ജോലി ചെയ്യാന്‍ എനിക്ക് വളരെ ഭയമായിരുന്നു. എന്റെ മനസ്സമാധാനത്തിനായാണ് അഞ്ച് വര്‍ഷം മലയാള സിനിമയില്‍ നിന്ന് മാറി നിന്നത്. പകരം മറ്റ് ഭാഷകളില്‍ അഭിനയിച്ചു. പക്ഷെ ഇപ്പോള്‍ ഞാന്‍ ചില മലയാളം സിനിമകളുടെ കഥ കേള്‍ക്കുന്നുണ്ട്

ഞാന്‍ തെറ്റുകാരിയല്ലെന്ന് തെളിയിക്കണം, ഞാന്‍ മലയാളം ഒഴികെയുള്ള മറ്റ് ഭാഷകളില്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ ഞാന്‍ ചില മലയാളം സിനിമകളുടെ തിരക്കഥകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്,’ ഭാവന പറഞ്ഞു


Content Highlights: The group, which included media workers, attacked Bhavana: Ashiq Abu