പാലക്കാട്: ആലത്തൂര്‍ മണ്ഡലത്തിലെ എം.പിയായ രമ്യ ഹരിദാസിനു നേരെ സി.പി.ഐ.എം. നേതാക്കളും പ്രവര്‍ത്തകരും നടത്തിയ കൊലവിളിക്കും ഭീഷണിക്കുമെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധമുയരണമെന്ന് വടകര എം.എല്‍.എ. കെ.കെ. രമ. രമ്യ ഹരിദാസ് അടക്കമുള്ള പൊതുപ്രവര്‍ത്തന രംഗത്തെ സ്ത്രീകളെ ഇത്തരം ഭീഷണികള്‍ കൊണ്ട് വീട്ടിലിരുത്തിക്കളയാമെന്ന് കരുതുന്നത് വ്യാമോഹമാണെന്നും അവര്‍ പറഞ്ഞു.
ഒരു പാര്‍ലമെന്റംഗത്തിന് നേരെ കാല്‍ വെട്ടിക്കളയുമെന്നൊക്കെ ഭീഷണി മുഴക്കാന്‍ ധൈര്യമുള്ള ഇത്തരം മനുഷ്യര്‍ തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും പല കാര്യങ്ങള്‍ക്ക് അടുത്തെത്തുകയും ചെയ്യുന്ന സ്ത്രീകളോട് എന്തുതരം സമീപനമാണ് കൈക്കൊള്ളുക എന്ന കാര്യത്തില്‍ വലിയ ആശങ്കയുണ്ടെന്നും കെ.കെ. രമ പറഞ്ഞു.
‘രമ്യക്കുണ്ടായ അനുഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. രമ്യാ ഹരിദാസിനെ ഭീഷണിപ്പെടുത്തിയ മുഴുവന്‍ ആളുകളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും അധികൃതരോട് ആവശ്യപ്പെടുന്നു,’ കെ.കെ. രമ ഫേസ്ബുക്കില്‍ പറഞ്ഞു.
തനിക്കെതിരെ സി.പി.ഐ.എം. നേതാവ് വധഭീക്ഷണി മുഴക്കിയതായി രമ്യ ഹരിദാസ് എം.പി. നേരത്തെ പൊലിസില്‍ പരാതി നല്‍കിയിരുന്നു.
തന്റെ കാല് വീട്ടുമെന്ന് സി.പി.ഐ.എം. നേതാവ് ഭീഷണിപ്പെടുത്തിയെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.
ആലത്തൂര്‍ മുന്‍ പഞ്ചായത്ത് പസിഡന്റാണ് ആലത്തൂരില്‍ കയറിയാല്‍ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് രമ്യ പറഞ്ഞത്. ഇതുസംബന്ധിച്ച് അരോപണവിധേയനായ വ്യക്തിയോട് രമ്യ സംസാരിക്കുന്ന ഒരു വീഡിയോയും അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
സാമൂഹ്യ സന്നദ്ധ സേവനത്തിനിറങ്ങിയ തനിക്കെതിരെ പട്ടി ഷോ നടത്തിയെന്ന് ആരോപിച്ചുവെന്നും രമ്യ ഹരിദാസ് പറഞ്ഞു.
‘സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിച്ച ഇ.എം.എസിന്റെ ജന്മദിനത്തില്‍ തന്നെ ആധുനിക കമ്യൂണിസ്റ്റുകാരന്‍ അവന്റെ തനിനിറം പുറത്തെടുത്തു.ഒരു ജനപ്രതിനിധി എന്നതിനപ്പുറം രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുകളോട് എങ്ങനെ പെരുമാറണം എന്നു പോലും അറിയാത്ത രീതിയിലേക്ക് ഇടത് പക്ഷക്കാര്‍ മാറിക്കഴിഞ്ഞോ,’ രമ്യാ ഹരിദാസ് എം.പി. ചോദിച്ചു.
അതേസമയം, വധഭീഷണിയുണ്ടെന്ന രമ്യ ഹരിദാസ് എം.പിയുടെ പരാതിയില്‍ പറയുന്ന ഭീഷണി ഉണ്ടായിട്ടില്ലെന്ന് സി.പി.ഐ.എം. പ്രാദേശിക നേതൃത്വം പറഞ്ഞു. ഇത്തരം പരാതികള്‍ എം.പിയുടെ സ്ഥിരം രീതിയാണെന്നും സി.പി.ഐ.എം. ആരോപിച്ചു.
താന്‍ വധഭീഷണി മുഴക്കിയിട്ടില്ലെന്ന് പഞ്ചായത്ത് അംഗം ഐ. നജീബ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യം പുറത്തുവിടാന്‍ എം.പി. തയ്യാറാകണമെന്നും ഐ. നജീബ് ആവശ്യപ്പെട്ടു.
എം.പിക്കെതിരെ ഹരിത സേനാ അംഗങ്ങളും രംഗത്തെത്തി. പഞ്ചായത്ത് അംഗവുമായി എ.പിയും പാളയം പ്രദീപ് എന്ന വ്യക്തിയും കയര്‍ത്ത് സംസാരിക്കുകയാണുണ്ടായതെന്ന് അവര്‍ പറഞ്ഞു. എം.പി. ആയതിന് ശേഷം രമ്യ ഹരിദാസ് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും അവര്‍ ആരോപിച്ചു.