കെ.സി.ആറിന് കരുത്തായി പ്രശാന്ത് കിഷോര്‍? ചന്ദ്രശേഖര്‍ റാവുവുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്
national news
കെ.സി.ആറിന് കരുത്തായി പ്രശാന്ത് കിഷോര്‍? ചന്ദ്രശേഖര്‍ റാവുവുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th February 2022, 11:42 pm

ഹൈദരാബാദ്: തെലങ്കാന രാഷ്ട്ര സമിതിക്ക് തന്ത്രമൊരുക്കാന്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. സിദ്ധിപ്പേട്ട് ജില്ലയില്‍ കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ഫാം ഹൗസില്‍ സ്വകാര്യ സന്ദര്‍ശനത്തിനായി പ്രശാന്ത് എത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കെതിരെ മുന്നണിയുണ്ടാക്കാനുള്ള തെലങ്കാന മുഖ്യമന്ത്രിയുടെ ശ്രമങ്ങള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. ഇടതുപാര്‍ട്ടികളെ അടക്കം ഒപ്പം ചേര്‍ത്ത് വലിയൊരു മഹാസഖ്യം കെ.സി.ആര്‍ ബി.ജെ.പിക്കെതിരെ തെലങ്കാനയില്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.

എന്നാല്‍ പ്രശാന്തുമായി 2023ലെ നിയസഭാ തെരഞ്ഞെടുപ്പിലെ കാര്യങ്ങളാണ് കെ.സി.ആര്‍ സംസാരിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രശാന്ത് കിഷോറിന്റെ പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി ടീം ഐ.പി.എ.സി കെ.സി.ആറിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

നേരത്തെ എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത്ത് പവാറുമായും പ്രശാന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിപക്ഷ നിരയിലെ ചെറിയ വിള്ളലുള്‍ വരെ തുടക്കത്തിലേ പരിഹരിച്ച് 2024 ആകുമ്പോഴേക്ക് ശക്തമായ ഒരു പ്രതിപക്ഷ സംഖ്യം കെട്ടിപ്പടുക്കാനുള്ള സാധ്യതയാണ് ഇതിലൂടെ വിലയിരുത്തുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 200ല്‍ അധികം സീറ്റുകളില്‍ മുന്നേറിയതില്‍ മമതയുടെ ഉപദേശകന്‍ എന്ന നിലയില്‍ നിര്‍ണായക റോളാണ് പ്രശാന്ത് കിഷോര്‍ വഹിച്ചത്. തമിഴ്‌നാട്ടില്‍ എം.കെ. സ്റ്റാലിന്റെ വിജയത്തിനും കിഷോറിന്റെ പങ്ക് നിര്‍ണായകമായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് ബംഗാളില്‍ 100ല്‍ അധികം സീറ്റ് നേടുമെന്നായിരുന്നു ബി.ജെ.പി. പറഞ്ഞത്. എന്നാല്‍ ബി.ജെ.പിക്ക് രണ്ടക്കം കടക്കില്ലെന്ന് തൃണമൂലിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. തന്റെ വാക്കുകള്‍ ഓര്‍ത്തുവെക്കണമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. കിഷോറിന്റെ വാക്കുകള്‍ ശരിവെക്കുന്ന കാര്യങ്ങളാണ് ബംഗാളില്‍ നടന്നത്.