വിജയവാഡ: ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കസ്റ്റഡില്‍. തിരുപ്പതി എയര്‍പോര്‍ട്ടില്‍ വെച്ചാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വൈ.എസ്.ആര്‍.സി.പിക്കെതിരെയുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു ചന്ദ്ര ബാബു നായിഡുവിനെ പൊലീസ് എയര്‍പോര്‍ട്ടില്‍ തടഞ്ഞത്.
തെലങ്കാനയിലെ തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഭരണകക്ഷിയായ വൈ.എസ്.ആര്‍.സി.പി ശ്രമം നടത്തുവെന്ന് ആരോപിച്ചായിരുന്നു ചന്ദ്രബാബു നായിഡു ചിറ്റൂരിലും തിരുപ്പൂരിലും പ്രതിഷേധ പരിപാടിക്ക് പദ്ധതിയിട്ടിരുന്നത്.
തിരുപ്പതിയിലും ചിറ്റൂരിലും പ്രതിഷേധം നടത്താന്‍ അദ്ദേഹത്തിന് പൊലീസ് അനുമതി നിഷേധിച്ചു. എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തുകടക്കാന്‍ പൊലീസ് അദ്ദേഹത്തെ അനുവദിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സമാധാനപരമായി പ്രതിഷേധം നടത്താന്‍ അനുമതി നല്‍കാത്ത പൊലീസ് നടപടിക്കെതിരെ നായിഡു എയര്‍പോര്‍ട്ടിനുള്ളില്‍ വെച്ചു തന്നെ പ്രതിഷേധം നടത്തി.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള വൈ.എസ്.ആര്‍.സി.പിയുടെ ശ്രമത്തിനെതിരെ പ്രതിഷേധം നടത്താന്‍ ടി.ഡി.പി ചിറ്റൂര്‍ പൊലീസിനോട് അനുമതി ചോദിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. പ്രതിഷേധം നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ടി.ഡി.പിയുടെ ജില്ലാ നേതാക്കളെ പൊലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു.
ചിറ്റൂരില്‍ എത്തിയ ടി.ഡി.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
ഹൈദരാബാദില്‍ നിന്ന് രാവിലെ 9.35നാണ് ചന്ദ്രബാബു നായിഡു എയര്‍പോര്‍ട്ടിലെത്തിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളത് കൊണ്ട് തിരുപ്പതിയിലേക്ക് പോകാന്‍ സാധിക്കില്ലെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ തനിക്ക് ജില്ലാ കളക്ടറുടെ അനുമതിയുണ്ടെന്ന് ചന്ദ്രബാബു നായിഡു പൊലീസിനെ അറിയിക്കുകയായിരുന്നു. ഇത് പിന്നീട് വാക്കു തര്‍ക്കത്തിലേക്കും നയിച്ചു.