ഫലസ്തീനികള്‍ക്കായുള്ള ധനസമാഹരണത്തില്‍ പങ്കെടുത്ത് ടെയ്‌ലർ സ്വിഫ്റ്റും സെലീന ഗോമസും
World News
ഫലസ്തീനികള്‍ക്കായുള്ള ധനസമാഹരണത്തില്‍ പങ്കെടുത്ത് ടെയ്‌ലർ സ്വിഫ്റ്റും സെലീന ഗോമസും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th December 2023, 8:52 pm

വാഷിങ്ടണ്‍: ന്യൂയോര്‍ക്കില്‍ ഫലസ്തീനികളുടെ ആവശ്യങ്ങള്‍ക്കായി സംഘടിപ്പിച്ച ധനസമാഹരണ പരിപാടിയിൽ പങ്കെടുത്ത് ഗായികമാരായ ടെയ്‌ലർ സ്വിഫ്റ്റും സെലീന ഗോമസും. ഹാസ്യ നടനായ റാമി യൂസഫ് സംഘടിപ്പിച്ച സ്റ്റാന്‍ഡ് അപ്പ് കോമഡി ഷോയിലാണ് ടെയ്‌ലർ സ്വിഫ്റ്റും സെലീന ഗോമസും പങ്കെടുത്തത്.

പരിപാടിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഗസയിലെ മാനുഷിക സഹായത്തിനായി നല്‍കുമെന്ന് റാമി യൂസഫ് അറിയിച്ചു. റാമി യൂസഫിന്റെ നേതൃത്വത്തില്‍ ഫിലാഡല്‍ഫിയ, വാഷിങ്ടണ്‍, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലും മറ്റു നഗരങ്ങളിലും ഇത്തരത്തില്‍ പരിപാടി സംഘടിപ്പിക്കുകയുണ്ടായി.

ബ്രിട്ടീഷ് മോഡലായ കാരാ ഡെലിവിങ്നെ, അനിയ ടെയ്‌ലർ ജോയ്, സോ ക്രാവിറ്റ്സ് എന്നിവരുള്‍പ്പെടെ മറ്റു സെലിബ്രിറ്റികളും പരിപാടിയില്‍ പങ്കെടുത്തതിന്റെ ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്. കോമഡി ഷോയില്‍ പങ്കെടുക്കുന്ന സെലിബ്രിറ്റികളുടെ ഫോട്ടോകള്‍ പീപ്പിള്‍ മാഗസിന്‍ ഷെയര്‍ ചെയ്യുകയുമുണ്ടായി. റാമിന്റെ ധനസമാഹരണത്തെ കുറിച്ച് ഡച്ച് മോഡല്‍ ജിജി ഹഡിഡ് അദ്ദേഹത്തെ ഇതിഹാസം എന്ന് പരാമര്‍ശിച്ചുകൊണ്ട് ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ചിരുന്നു.

View this post on Instagram

A post shared by ramy youssef (@ramy)

താന്‍ സംഘടിപ്പിക്കുന്ന പരിപാടികളിലൂടെ ലഭിക്കുന്ന വരുമാനം ഫലസ്തീന്‍ ജനതയുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അനേര എന്ന ചാരിറ്റി സംഘടനക്ക് കൈമാറുമെന്ന് യൂസഫ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഫലസ്തീനിലെയും ലെബനനിലെയും അഭയാര്‍ത്ഥികള്‍ക്കും ദുര്‍ബലരായ സമൂഹങ്ങള്‍ക്കും മാനുഷിക സഹായം നല്‍കുന്ന ഒരു ചാരിറ്റി സ്ഥാപനമാണ് അമേരിക്കന്‍ നിയര്‍ ഈസ്റ്റ് റെഫ്യൂജി എയ്ഡ്.

അതേസമയം ഗസയിലെ യുദ്ധത്തെക്കുറിച്ചോ പരിപാടിയില്‍ പങ്കെടുത്തതിനെക്കുറിച്ചോ ടെയ്‌ലർ സ്വിഫ്‌റ്റോ സെലീന ഗോമസോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗസയില്‍ ഇസ്രഈല്‍ ബോംബാക്രമണം നടത്തുന്നതിനിടയില്‍ ഗോമസിന്റെ ബ്യൂട്ടി ബ്രാന്‍ഡായ റെയര്‍ ബ്യൂട്ടി വിഷയത്തില്‍ നിശബ്ദത പാലിക്കുന്നുവെന്ന് ആരാധകര്‍ വിമര്‍ശനം ഉയര്‍ത്തിയുരുന്നു.

നവംബര്‍ 5ന് ‘ഗസയിലെ മാനുഷിക പ്രതിസന്ധി’ എന്ന വാചകത്തോടെ റെയര്‍ ബ്യൂട്ടി ബ്രാന്‍ഡ് ഇന്‍സ്റ്റാഗ്രാമില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. അതില്‍ ഇന്റര്‍നാഷണല്‍ റെഡ് ക്രോസ്, മാഗന്‍ ഡേവിഡ് ആഡോം, ഫലസ്തീനിയന് റെഡ് ക്രസന്റ് സൊസൈറ്റി എന്നിവയ്ക്ക് തങ്ങള്‍ സംഭാവന നല്‍കുമെന്നും സ്ഥാപനം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭാവന നല്‍കാന്‍ ഒരു ഇസ്രഈലി സംഘടനയായ മാഗന്‍ ഡേവിഡ് അഡോമിനെ തെരഞ്ഞെടുത്തതില്‍ ആരാധകര്‍ ഗോമസിനെയും സ്ഥാപനത്തേയും വിമര്‍ശിച്ചിരുന്നു.

Content Highlight: Taylor Swift and Selena Gomez attend a fundraiser for the Palestinians