ചരിത്രത്തിലാദ്യം, നാലില്‍ നാലും ഹിമാലയന്‍ പരാജയം; ഇനിയെങ്കിലും ചരിത്രപരമായ ആ മണ്ടത്തരം ഇന്ത്യ തിരുത്തണം
T20 world cup
ചരിത്രത്തിലാദ്യം, നാലില്‍ നാലും ഹിമാലയന്‍ പരാജയം; ഇനിയെങ്കിലും ചരിത്രപരമായ ആ മണ്ടത്തരം ഇന്ത്യ തിരുത്തണം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th June 2024, 10:38 pm

2024 ടി-20 ലോകകപ്പിലെ 25ാം മത്സരത്തില്‍ ഇന്ത്യ യു.എസ്.എയെ നേരിടുകയാണ്. ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് എ-യിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് പരസ്പരമേറ്റുമുട്ടുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ എതിരാളികളെ ബാറ്റിങ്ങിനയച്ചു. മോനാങ്ക് പട്ടേലിന്റെ അഭാവത്തില്‍ ആരോണ്‍ ജോണ്‍സാണ് യു.എസ്.എയെ നയിക്കുന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യു.എസ്.എ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടി. 23 പന്തില്‍ 27 റണ്‍സ് നേടിയ നിതീഷ് കുമാറും 30 പന്തില്‍ 24 റണ്‍സടിച്ച സ്റ്റീവന്‍ ടെയ്‌ലറുമാണ് യു.എസ്.എയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് നാല് വിക്കറ്റ് നേടിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ രണ്ടും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ വമ്പന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ വിരാട് കോഹ്‌ലി പുറത്തായി. ഗോള്‍ഡന്‍ ഡക്കായാണ് വിരാട് പവലിയനിലേക്ക് തിരിച്ചുനടന്നത്.

ഇന്ത്യന്‍ വംശജനായ സൗരഭ് നേത്രാവല്‍ക്കറാണ് ആദ്യ ഓവര്‍ എറിയാനെത്തിയത്. സ്ലോ ബോളുകള്‍ കൊണ്ടാണ് നേത്രാവല്‍ക്കര്‍ രോ-കോ സഖ്യത്തെ ആക്രമിച്ചത്.

ആദ്യ പന്തില്‍ സിംഗിള്‍ നേടിയ രോഹിത് സ്‌ട്രൈക്ക് വിരാട് കോഹ്‌ലിക്ക് കൈമാറി. നേത്രാവല്‍ക്കറിന്റെ രണ്ടാം പന്തില്‍ ബാറ്റ് വെച്ച വിരാടിന് പിഴച്ചു. എഡ്ജായി വിക്കറ്റ് കീപ്പര്‍ ആന്‍ഡ്രീസ് ഗൗസിന്റെ കൈകളില്‍ വിരാട് ഒതുങ്ങി.

അന്താരാഷ്ട്ര ടി-20യില്‍ ഇത് രണ്ടാം തവണ മാത്രമാണ് വിരാട് ഗോള്‍ഡന്‍ ഡക്കായി മടങ്ങുന്നത്. 2024ല്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഫരീദ് അഹമ്മദ് വിരാടിനെ ആദ്യ പന്തില്‍ മടക്കിയപ്പോള്‍ ന്യൂയോര്‍ക്കില്‍ നേത്രാവല്‍ക്കറും നേട്ടം ആവര്‍ത്തിച്ചു.

ഒരു ഐ.സി.സി ഇവന്റെ വിരാട് കോഹ്‌ലി ഇതാദ്യമായാണ് വിരാട് ഗോള്‍ഡന്‍ ഡക്കായി മടങ്ങുന്നത്. ടി-20 ലോകകപ്പില്‍ ഇതുവരെ പൂജ്യത്തിന് പുറത്താകാതിരുന്ന വിരാടിന്റെ പേരില്‍ ഇപ്പോള്‍ ഗോള്‍ഡന്‍ ഡക്കും കുറിക്കപ്പെട്ടു.

ഈ ലോകകപ്പില്‍ കളിച്ച ഒറ്റ മത്സരത്തില്‍ പോലും വിരാടിന് സ്‌കോര്‍ നേടാന്‍ സാധിച്ചിരുന്നില്ല. അയര്‍ലന്‍ഡിനെതിരെ അഞ്ച് പന്തില്‍ ഒരു റണ്‍സ് നേടി വിരാട് പാകിസ്ഥാനെതിരെ മൂന്ന് പന്തില്‍ നാല് റണ്‍സാണ് നേടിയത്.

ലോകകപ്പില്‍ ഓപ്പണറുടെ റോളില്‍ വിരാട് താളം കണ്ടെത്താന്‍ പാടുപെടുകയാണ്.

ടി-20 ലോകകപ്പ് ചരിത്രത്തില്‍ വിരാട് ഇത് അഞ്ചാം തവണയാണ് ഒറ്റയക്കത്തിന് പുറത്താകുന്നത്. മൂന്നാം നമ്പറില്‍ കളത്തിലിറങ്ങിയ 24 ഇന്നിങ്സില്‍ ഒരിക്കല്‍ മാത്രം ഒറ്റയക്കത്തിന് മടങ്ങിയ വിരാട് ഓപ്പണിങ്ങില്‍ ഇറങ്ങിയ നാലില്‍ നാല് മത്സരത്തിലും ഇരട്ടയക്കം കാണാതെയാണ് പുറത്തായത്. ഇതില്‍ മൂന്നും പിറന്നതാകട്ടെ 2024 ടി-20 ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിലും.

ഓപ്പണിങ്ങില്‍ തിളങ്ങാന്‍ സാധിക്കാത്ത വിരാടിനെ തന്റെ നാച്ചുറല്‍ പൊസിഷനായ വണ്‍ ഡൗണിലേക്ക് തിരിച്ചുപോകാന്‍ ഇന്ത്യ അനുവദിക്കണമെന്നാണ് ആവശ്യമുയരുന്നത്.

തന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ വിരാടിനെ പുറത്താക്കിയ നേത്രാവല്‍ക്കര്‍ തൊട്ടടുത്ത ഓവറില്‍ രോഹിത് ശര്‍മയെയും മടക്കി. ആറ് പന്തില്‍ മൂന്ന് റണ്‍സ് നേടി നില്‍ക്കവെ ഹര്‍മീത് സിങ്ങിന് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്.

നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ 16ന് രണ്ട് എന്ന നിലയിലാണ് ഇന്ത്യ. 11 പന്തില്‍ ഒമ്പത് റണ്‍സുമായി റിഷബ് പന്തും ആറ് പന്തില്‍ മൂന്ന് റണ്‍സുമായി സൂര്യകുമാര്‍ യാദവുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

യു.എസ്.എ പ്ലെയിങ് ഇലവന്‍

സ്റ്റീവന്‍ ടെയ്‌ലര്‍, ഷയാന്‍ ജഹാംഗീര്‍, ആന്‍ഡ്രീസ് ഗൗസ് (വിക്കറ്റ് കീപ്പര്‍), ആരോണ്‍ ജോണ്‍സ് (ക്യാപ്റ്റന്‍), നിതീഷ് കുമാര്‍, കോറി ആന്‍ഡേഴ്‌സണ്‍, ഹര്‍മീത് സിങ്, ഷേഡ്‌ലി വാന്‍ ഷാക്‌വിക്, ജസ്ദീപ് സിങ്, സൗരഭ് നേത്രാവല്‍ക്കര്‍, അലി ഖാന്‍.

 

Content highlight: T20 World Cup 2024: Virat Kohli dismissed in single digit in all 4 times while opening the innings