കല്‍പറ്റ: ജെ.എന്‍.യു. സമരകാലത്ത് വിദ്യാര്‍ത്ഥി നേതാവായിരുന്ന കനയ്യ കുമാര്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ നടത്തിയ ചര്‍ച്ചക്കിടെ മാതൃഭൂമി ചാനല്‍ ഉടമ എം.വി. ശ്രേയാംസ് കുമാറില്‍ നിന്നും തനിക്ക് ലഭിച്ച സന്ദേശങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി മാധ്യമപ്രവര്‍ത്തകന്‍ ടി.എം. ഹര്‍ഷന്‍. ചര്‍ച്ച നടന്നുകൊണ്ടിരിക്കെ തുടര്‍ച്ചയായി അയച്ച വാട്‌സ്ആപ്പ് മെസേജുകളില്‍ ഈ സ്ഥാപനം രാജ്യദ്രോഹികള്‍ക്കുള്ള പ്ലാറ്റ്‌ഫോമല്ല എന്നും നിങ്ങള്‍ സംസാരിക്കുന്നത് രാജ്യദ്രോഹിയെ പോലെയാണെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞതായാണ് ഹര്‍ഷന്‍ വെളിപ്പെടുത്തിയത്. ഇന്ത്യയിലെയും കേരളത്തിലെയും മാധ്യമങ്ങള്‍ എങ്ങിനെയാണ് സംഘപരിവാറിന്റെ താത്പര്യങ്ങളില്‍ വീഴുന്നതെന്ന് മാതൃഭൂമിയിലെയും ഏഷ്യാനെറ്റിലെയും സാഹചര്യങ്ങള്‍ ഉദാഹരണമായി വിലയിരുത്തിക്കൊണ്ട് അദ്ദേഹം വിശദീകരിച്ചു. കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളില്‍ ഏറ്റവും ഗുരുതരമായ കുഴപ്പമുണ്ടാക്കിയിട്ടുള്ളത് മാതൃഭൂമിയാണെന്നും ഹര്‍ഷന്‍ കുറ്റപ്പെടുത്തി.
‘നമോ ടിവിയാകുന്ന മലയാള മാധ്യമങ്ങള്‍’ എന്ന വിഷയത്തില്‍ ടി.എസ്. പഠനകേന്ദ്രം വയനാട് സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രഭാഷണ പരിപാടിയിലാണ് ഹര്‍ഷന്‍ തന്റെ അനുഭവങ്ങളും നിരീക്ഷണങ്ങളും തുറന്നുപറഞ്ഞത്. സ്ഥാപന മേധാവികളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍ തനിക്ക് പല തവണ നടപടികള്‍ നേരിടേണ്ടി വന്നതായും ഹര്‍ഷന്‍ പറഞ്ഞു.
‘ജെ.എന്‍.യു. സമര സമയത്ത് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതിന്റെ അഞ്ചാം ദിവസം ഞാന്‍ ചര്‍ച്ചയ്ക്ക് കയറി. ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് സ്ഥാപന ഉടമയുടെ വാട്‌സ് ആപ്പ് മെസേജ് എനിക്ക് ലഭിക്കുന്നത്. ‘ഈ സ്ഥാപനം രാജ്യദ്രോഹികള്‍ക്കുള്ള പ്ലാറ്റ്‌ഫോമല്ല, ഇവിടെ ഇപ്പോള്‍ നിങ്ങള്‍ രാജ്യദ്രോഹികള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്, നിങ്ങളൊരു രാജ്യദ്രോഹിയെ പോലെയാണ് സംസാരിക്കുന്നത്’, ചര്‍ച്ചയ്ക്കിടെ മെസേജുകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. അതായത് കനയ്യ കുമാര്‍ ഒരു രാജ്യദ്രോഹിയാണ് എന്നാണ് അദ്ദേഹം എന്നെ പഠിപ്പിക്കുന്നത്. വയനാട്ടില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ട എം.വി. ശ്രേയാംസ് കുമാറിനെ കുറിച്ച് തന്നെയാണ് ഞാന്‍ സംസാരിക്കുന്നത്. ആ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ ബോധ്യം കനയ്യ കുമാര്‍ രാജ്യദ്രോഹിയാണ് എന്ന് തന്നെയാണ്. ആ ബോധ്യത്തില്‍ നിന്ന് അവര്‍ വളര്‍ന്നിട്ടില്ല എന്നതുകൊണ്ടാണ് ശബരിമലക്കാലത്തും മാതൃഭൂമി സംഘപരിവാര്‍ അനുകൂല നിലപാട് സ്വീകരിച്ചത്,” ഹര്‍ഷന്‍ പറഞ്ഞു.
മാതൃഭൂമിയിലെ തന്റെ അനുഭവങ്ങള്‍ കൂടി വിശദീകരിച്ചുകൊണ്ട് രൂക്ഷമായ വിമര്‍ശനങ്ങളാണ് പ്രഭാഷണത്തില്‍ ഹര്‍ഷന്‍ നടത്തിയിട്ടുള്ളത്. ‘കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളില്‍ ഏറ്റവും ഗുരുതരമായ കുഴപ്പമുണ്ടാക്കിയിട്ടുള്ളത് മാതൃഭൂമിയാണെന്ന് ഞാന്‍ പറയും. മീശ നോവലുമായി ബന്ധപ്പെട്ട് കേരളത്തില്‍ വലിയ വിവാദമുണ്ടായി. ആ വിവാദങ്ങളുടെ തുടര്‍ച്ചയെ തുടര്‍ന്നുണ്ടായ മറ്റൊരു മാധ്യമത്തിലാണ് ഞാനിപ്പോള്‍ ജോലി ചെയ്യുന്നത്. അന്ന് മാതൃഭൂമിക്ക് പരസ്യം നല്‍കുന്ന ഭീമ ജ്വല്ലറി സംഘപരിവാര്‍ അനുകൂല താത്പര്യത്തെ തുടര്‍ന്ന് പരസ്യം നല്‍കില്ല എന്ന നിലപാട് സ്വീകരിച്ചതോടെയാണ് മാതൃഭൂമി നോവല്‍ പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറായത്. സംഘടിത നീക്കങ്ങള്‍ക്ക് മാധ്യമങ്ങള്‍ വഴങ്ങും എന്നത് പരസ്യമായി തെളിയിച്ചത് മാതൃഭൂമിയാണ്. ശബരിമല വിഷയത്തില്‍ മാതൃഭൂമി സംഘപരിവാര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്,” ഹര്‍ഷന്‍ പറഞ്ഞു.