തൃശൂര്‍: മലയാളത്തിലെ സിനിമാതാരങ്ങള്‍ക്ക് മാത്രമല്ല തമിഴ് സിനിമാതാരങ്ങള്‍ക്കും വലിയ ആരാധകര്‍ കേരളത്തിലുണ്ട്. തമിഴ് താരമായ വിജയ് കേരളത്തിലെത്തിയപ്പോഴും അദ്ദേഹത്തെ ഒരു നോക്കുകാണാനായി തടിച്ചുകൂടിയത് ആയിരക്കണക്കിന് ആരാധകരായിരുന്നു.
സിങ്കം 3 യുടെ പ്രചരണത്തിനായിട്ടായിരുന്നു സൂര്യ കേരളത്തിലെത്തിയത്. തൃശ്ശൂര്‍ കുരിയച്ചിറ ലീ ഗ്രാന്‍ഡ് ഓഡിറ്റോറയത്തില്‍ ആരാധകര്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് യാത്രചെയ്യുകയായിരുന്നു സൂര്യയും സംവിധായകന്‍ ഹരിയും.
എന്നാല്‍ സൂര്യയെ ഒന്ന് അടുത്തുകാണാനായി അദ്ദേഹത്തിന് വാഹനത്തിന് പുറകെ ബൈക്കില്‍ ആരാധകര്‍ എത്തി. അതിവേഗത്തില്‍ പോകുന്ന സൂര്യയുടെ വാഹനത്തിന് തൊട്ടുപുറകെ ക്യാമറയുമായായിരുന്നു ആരാധകര്‍ ബൈക്കില്‍ ചീറിപാഞ്ഞെത്തിയത്.
അമിതവേഗത്തില്‍ തന്റെ വാഹനത്തിന് പിറകെ വരുന്നവരെ കണ്ടതോടെ സൂര്യ തന്റെ കാര്‍ നിര്‍ത്തി സംഗതി അന്വേഷിച്ചു. താരത്തെ അടുത്തുകാണാന്‍ വേണ്ടിയാണ് വാഹനത്തിന് പിന്നാലെ വന്നതെന്ന ആരാധകരുടെ മറുപടി കേട്ടതും സൂര്യയ്ക്ക് അല്‍പ്പം ദേഷ്യം വരാതിരുന്നില്ല.
നിങ്ങളെ എല്ലാവരേയും ഇഷ്ടമാണെന്നും എന്നാല്‍ ഇതുപോലെ സ്പീഡില്‍ ബൈക്കില്‍ പിന്തുടര്‍ന്നുള്ള ആരാധന ഒട്ടും ഇഷ്ടമല്ലെന്നും സൂര്യ തുറന്നുപറഞ്ഞു. എവിടെവച്ച് വേണമെങ്കിലും തന്നെ കാണാമെന്നും അതിന് യാതൊരു തടസവുമില്ലെന്നും ഇനിയൊരിക്കലും ഇത് ആവര്‍ത്തിക്കരുതെന്നും സ്‌നേഹത്തോടെ തന്നെ സൂര്യ അവരോട് പറഞ്ഞു. സൂര്യയെ അടുത്തുനിന്ന് കാണാനും സംസാരിക്കാനും കഴിഞ്ഞതിന്റെ ആവേശത്തില്‍ പിന്നീട് യുവാക്കള്‍ മടങ്ങുകയും ചെയ്തു.
ജനുവരി 26നാണ് സിങ്കം 3 തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ആദ്യ രണ്ട് ഭാഗങ്ങള്‍ ഒരുക്കിയ ഹരി തന്നെയാണ് സിങ്കത്തിന്റെ മൂന്നാം ഭാഗവും ഒരുക്കിയത്. സൂര്യയുടെ 24 കേരളത്തില്‍ എത്തിച്ച സോപാനം എന്റര്‍ടെയിന്‍മെന്റും ആദിത്യ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. 75 ലക്ഷം രൂപയ്ക്കാണ് ഇവര്‍ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഒരു സൂര്യ ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്.