Movie Day
ഞാന്‍ നില്‍ക്കുന്ന രാഷ്ട്രീയപാര്‍ട്ടിയോട് ഗോകുല്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല; വീട്ടിലെ ചര്‍ച്ചകളില്‍ അവന്‍ വളരെ സോഷ്യലിസ്റ്റാണ്: സുരേഷ് ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 27, 08:01 am
Wednesday, 27th July 2022, 1:31 pm

സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടില്‍ ഒരുക്കിയ ‘പാപ്പന്‍’ ഈ മാസം റീലിസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ് സുരേഷ് ഗോപിയും മകന്‍ ഗോകുലും. വലിയ പ്രതീക്ഷയിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്.

സിനിമയ്ക്ക് പുറത്തുള്ള തന്റെ രാഷ്ട്രീയത്തെ കുറിച്ചും മക്കളുടെ രാഷ്ട്രീയത്തെ കുറിച്ചും വീട്ടിലെ ചര്‍ച്ചകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് എഫ്.ടി.ക്യു വിത്ത് രേഖ മേനോന്‍ പരിപാടിയില്‍ സുരേഷ് ഗോപി.

തന്റെ രാഷ്ട്രീയനിലപാടല്ല ഗോകുലിനെന്നും ആ രാഷ്ട്രീയപാര്‍ട്ടിയോട് ഗോകുല്‍ അത്ര താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നുമാണ് സുരേഷ് ഗോപി പറയുന്നത്. വീട്ടില്‍ നടക്കുന്ന ചില രാഷ്ട്രീയ ചര്‍ച്ചകളില്‍ താന്‍ അഭിപ്രായം പറയുമ്പോള്‍ ഗോകുല്‍ വളരെ സോഷ്യലിസ്റ്റിക്കായാണ് ഇടപെടാറെന്നാണ് സുരേഷ് ഗോപി പറയുന്നത്.

സിനിമയും രാഷ്ട്രീയവും നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ അവസരത്തില്‍ വീട്ടില്‍ ഉള്ള ചര്‍ച്ചകള്‍ ഒക്കെ എങ്ങനെയാണെന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

‘കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ കിട്ടുന്ന സമയം വളരെ ചുരുക്കമാണ്. വീട്ടില്‍ ഞങ്ങള്‍ സിനിമയോ രാഷ്ട്രീയമോ കൂടുതല്‍ സംസാരിക്കാറില്ല. ഒരുമിച്ച് ഇരിക്കുമ്പോള്‍ ടി.വിയിലോ പത്രത്തിലോ കണ്ട ഇഷ്യുവില്‍ ഞാന്‍ സ്വന്തം കാഴ്ചപ്പാടില്‍ അഭിപ്രായം പറയുമ്പോള്‍ ഗോകുല്‍ കൂറച്ചുകുടി സോഷ്യലിസ്റ്റിക്കായി മറുപടി പറയാറുണ്ട്. നിലവിലുളള ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അവന്‍ താത്പര്യം പ്രകടമാക്കിയിട്ടില്ല. ഞാന്‍ നില്‍ക്കുന്ന പാര്‍ട്ടിയോടും താത്പര്യം പ്രകടിപ്പിച്ചിട്ടില്ല.

ഗോകുലിനെ സംബന്ധിച്ച് രാഷ്ട്രീയം ജനങ്ങളോടുളള സര്‍വീസായിരിക്കണം, ഇന്ന് ഉളള പല പ്രസ്ഥാനങ്ങളിലും ആ ഒരു രീതി കാണുന്നില്ല. അതിനാല്‍ മകന്‍ എറ്റവും പ്യുവറസ്റ്റ് ഫോമിലുളള ഒരു പാര്‍ട്ടിക്കായുള്ള കാത്തിരിപ്പിലാണ്,’ സുരേഷ് ഗോപി പറഞ്ഞു.

മറ്റ് മക്കളുടെ കാഴ്ചപ്പാട് എന്താണെന്ന ചോദ്യത്തിന് അവര്‍ക്കൊന്നും ഒരു തരത്തിലുമുളള രാഷ്ട്രീയവും ഇല്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

ഏറെ നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ചിത്രമാണ് പാപ്പന്‍. സലാം കാശ്മീരായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം.

സാധാരണ കാണാറുളള ജോഷി ചിത്രങ്ങളിലെ തന്റെ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ റോളാണ് പാപ്പനിലേതെന്നും സുരേഷ് ഗോപി അഭിമുഖത്തില്‍ പറഞ്ഞു.

ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് താരം എത്തുന്നത്. നൈല ഉഷയാണ് നായിക. കനിഹ, ആശ ശരത് തുടങ്ങി ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ഈ മാസം 29 നാണ് ചിത്രത്തിന്റെ റിലീസ്.

Content Highlight: Suresh Gopi about Gokul Suresh political stand