ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ വിഷയങ്ങളോട് കണ്ണടയ്ക്കുന്നില്ലെന്ന് സുപ്രീം കോടതി. വിമതരെ അയോഗ്യരാക്കണമെന്നും നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇവര്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കരുതെന്നും ചൂണ്ടിക്കാട്ടി ശിവസേന കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ പ്രതികരണം.
നേരത്തെ ഏക് നാഥ് ഷിന്‍ഡെയ്ക്കും മറ്റ് 16 വിമത എം.എല്‍.എമാര്‍ക്കുമെതിരെ ശിവസേന കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇവരെ അയോഗ്യരാക്കമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. ഈ ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഏക് നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
ഇത് ഏക് നാഥ് ഷിന്‍ഡെ അയോഗ്യനാക്കുമെന്നും, ഷിന്‍ഡെയെ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യനാക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നിയമസഭയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.
കപില്‍ സിബല്‍ ആണ് ആവശ്യങ്ങള്‍ സുപ്രീം കോടതിയില്‍ അവതരിപ്പിച്ചത്. കേസ് ജൂലൈ 11 ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിഷയങ്ങളില്‍ പെട്ടെന്ന് ഇടപെടലുണ്ടാകണമെന്ന് കപില്‍ സിബല്‍ ആവശ്യമുന്നയിച്ചിരുന്നു. ഈ വിഷയത്തിലാണ് പെട്ടെന്നുള്ള ഇടപെടല്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കിയത്.