കെജ്‌രിവാളിന്റെ തെരഞ്ഞെടുപ്പ് പ്രസംഗത്തിനെതിരെ നടപടി വേണം; ഇ.ഡിയുടെ ആവശ്യം തള്ളി സുപ്രീം കോടതി
national news
കെജ്‌രിവാളിന്റെ തെരഞ്ഞെടുപ്പ് പ്രസംഗത്തിനെതിരെ നടപടി വേണം; ഇ.ഡിയുടെ ആവശ്യം തള്ളി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th May 2024, 5:08 pm

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രസംഗത്തിനെതിരെ ഇ.ഡി സമര്‍പ്പിച്ച ഹരജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. എ.എ.പിക്ക് വോട്ട് നല്‍കിയാല്‍ തിരിച്ച് ജയിലിലേക്ക് പോകേണ്ടി വരില്ലെന്ന കെജ്‌രിവാളിന്റെ പ്രസ്താവനക്കെതിരെയാണ് ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചത്.

കേസിനെ കുറിച്ച് പരസ്യമായി സംസാരിക്കരുതെന്ന വ്യവസ്ഥയുടെ പുറത്താണ് കഴിഞ്ഞാഴ്ച തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി സുപ്രീം കോടതി കെജ്‌രിവാളിന് ജാമ്യം നല്‍കിയത്. ഇ.ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കെജ്‌രിവാളിന്റെ പ്രസ്താവന കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.

എ.എ.പിക്ക് വോട്ട് ചെയ്താല്‍ ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങേണ്ടി വരില്ലെന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്. കെജ്‌രിവാളിന് ഇത് എങ്ങനെ പറയാന്‍ സാധിക്കുമെന്ന് തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ ചോദിച്ചു. നിയമ സംവിധാനങ്ങള്‍ക്ക് എതിരായ പ്രസ്താവനയാണ് കെജ്‌രിവാള്‍ നടത്തിയതെന്നും തുഷാര്‍ മേത്ത കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇ.ഡിയുടെ ആവശ്യം പരിഗണിക്കാനാകില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന മറുപടി നല്‍കി. കേസിനെ പറ്റി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കരുതെന്ന് അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയതാണ്. കെജ്‌രിവാളിന്റെ അനുമാനങ്ങള്‍ മാത്രമാണ് അദ്ദേഹം പറഞ്ഞതെന്നും സഞ്ജീവ് ഖന്ന കൂട്ടിച്ചേര്‍ത്തു.

അതിനിടെ, കെജ്‌രിവാളിന്റെ ജാമ്യവുമായി ബന്ധപ്പെട്ട് അമിത് ഷാ നടത്തിയ പ്രസ്താവനക്കെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി പറഞ്ഞു.

സുപ്രീം കോടതിയുടെ ഉത്തരവ് പതിവില്ലാത്തതാണെന്നും കെജ്‌രിവാളിന് പ്രത്യേക പരിഗണന നല്‍കിയതായി തോന്നിയെന്നും അമിത് ഷാ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

Content Highlight: Supreme Court Refuses To Consider ED’s Objection To Arvind Kejriwal’s Statement