ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വ്യാജമാണോ എന്ന് പരിശോധിക്കാന്‍ തിരക്കിട്ട് വിജ്ഞാപനം ഇറക്കിയ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ കീഴില്‍ രൂപീകരിച്ച ഫാക്ട് ചെക്ക് യൂണിറ്റ് സുപ്രീം കോടതി റദ്ദാക്കി.
വിഷയത്തില്‍ സര്‍ക്കാര്‍ തിടുക്കം പിടിച്ച് വിജ്ഞാപനം പുറത്തിറക്കി 24 മണിക്കൂര്‍ തികയും മുമ്പാണ് കോടതിയുടെ ഇടപെടല്‍. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ചെയ്തത്.
ബോംബെ ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് വാദം തുടരുന്നുണ്ട്. അതില്‍ അന്തിമ വിധി ഉണ്ടാകും വരെയാണ് സുപ്രീം കോടതിയുടെ സ്റ്റേ. ഏപ്രില്‍ 15നാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്.
അഭിപ്രായ സ്വാതന്ത്ര്യത്തെ ഇത് എങ്ങനെ സ്വാധീനിക്കുമെന്ന് പരിശോധിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വസ്തുതാ പരിശോധനക്കെതിരായ ഹരജികള്‍ സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ഇതിന് മുന്നോടിയാണ് വസ്തുതാ പരിശോധനക്കുള്ള ചുമതല പി.ഐ.ബിക്ക് നല്‍കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. വാര്‍ത്തകള്‍, വ്യക്തികളെഴുതുന്ന പോസ്റ്റുകള്‍, വിഡിയോകള്‍ എന്നിവയെല്ലാം പി.ഐ.ബിയുടെ കീഴില്‍ പരിശോധിക്കാനാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്.