ഭീമ കൊറേഗാവ് കേസില്‍ ഷോമ സെന്നിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
national news
ഭീമ കൊറേഗാവ് കേസില്‍ ഷോമ സെന്നിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th April 2024, 3:15 pm

ന്യൂദല്‍ഹി: ഭീമാ കൊറേഗാവ് കേസില്‍ സാമൂഹിക പ്രവര്‍ത്തകയും നാഗ്പൂര്‍ സര്‍വകലാശാല മുന്‍ പ്രൊഫസറുമായ ഷോമ സെന്നിന് ജാമ്യം. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ ഷോമ സെന്നിന് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്.

ജസ്റ്റിസ് അനിരുദ്ധ ബോസ് അടങ്ങുന്ന ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. 2018 ജൂണ്‍ ആറിനാണ് കേസുമായി ബന്ധപ്പെട്ട് ഷോമ സെന്‍ അറസ്റ്റിലായത്.

2018ല്‍ അറസ്റ്റിന് ശേഷം വീട്ടുതടങ്കലില്‍ ആയിരുന്ന ഷോമ സെന്നിനെ പിന്നീട് കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് വിചാരണ കോടതിയിലും ബോംബെ ഹൈക്കോടതിയിലും പലവട്ടം ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും എന്‍.ഐ.എ ഹരജി എതിര്‍ക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഇവരെ ഇനിയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കേണ്ട ആവശ്യം ഉണ്ടോയെന്ന് ഇതിന് മുമ്പും കോടതി പലവട്ടം എന്‍.ഐ.എയോട് ചോദിച്ചിരുന്നു. എന്നാല്‍ ഷോമ സെന്നിനെ ഇനിയും ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നാണ് എന്‍.ഐ.എ കോടതിയില്‍ അറിയിച്ചിരുന്നത്.

നിരന്തരമായി ജാമ്യേപേക്ഷ തള്ളിയതിന് പിന്നാലെയാണാ ഷോമ സെന്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്ന് അവര്‍ ആരോപിച്ചിരുന്നു.

Content Highlight: Supreme Court Grants Bail To Shoma Sen In Bhima Koregaon Case