Sports News
സച്ചിനോ കോഹ്‌ലിയോ? ആരാണ് കേമന്‍? വായടപ്പിക്കുന്ന മറുപടിയുമായി ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 01, 12:52 pm
Saturday, 1st March 2025, 6:22 pm

ആരാധകരെ കാലങ്ങളായി ചേരി തിരിക്കുന്ന ഒന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കറാണോ വിരാട് കോഹ്‌ലിയാണോ മികച്ചവന്‍ എന്ന ചോദ്യം. ഇപ്പോള്‍ ആ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. സ്‌പോര്‍ട്‌സ് സെന്‍ട്രല്‍ ചാനലില്‍ സംസാരിക്കവെയാണ് മുന്‍ താരം ഈ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

സച്ചിനും കോഹ്‌ലിക്കുമിടയില്‍ ആരെയാണ് തെരഞ്ഞെടുക്കുകയെന്ന ചോദ്യത്തിന് താന്‍ ഒരിക്കലും രണ്ട് തലമുറകളിലെ താരങ്ങളെ തമ്മില്‍ താരതമ്യം ചെയ്യില്ല എന്ന് ഗവാസ്‌കര്‍ പറഞ്ഞു. മികച്ച താരങ്ങളെ താരതമ്യപ്പെടുത്തുന്നതിനെ ബലഹീനതയാണെന്ന് പറഞ്ഞ താരം ഇത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മാത്രമാണ് നടക്കുന്നതെന്നും കുറ്റപ്പെടുത്തി.

‘ഞാന്‍ ഒരിക്കലും രണ്ട് തലമുറകളിലെ കളിക്കാരെ തമ്മില്‍ താരതമ്യപ്പെടുത്തില്ല. രണ്ട് തലമുറകളില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ കളിച്ചവരെ എങ്ങനെയാണ് താരതമ്യപ്പെടുത്താനാവുക?

റിക്കി പോണ്ടിങ് ഗ്രെഗ് ചാപ്പലിനേക്കാള്‍ അല്ലെങ്കില്‍ ഗ്രെഗ് ചാപ്പല്‍ ഡോണ്‍ ബ്രാഡ്മാനേക്കാള്‍ മികച്ചതാണോ എന്ന് ആരെങ്കിലും ചോദിച്ച് കേട്ടിട്ടുണ്ടോ? ഓരോ കാലത്തും കളിക്കാരെ അവരായി തന്നെ അംഗീകരിക്കുക മാത്രമാണ് മറ്റ് രാജ്യങ്ങള്‍ ചെയ്യാറുള്ളത്.

പിന്നെന്തിനാണ് ഇവിടെ എപ്പോഴും സച്ചിനാണോ കോഹ്‌ലിയാണോ മികച്ചവന്‍ എന്ന് ചോദിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മാത്രമാണ് ഇത് സംഭവിക്കുന്നത്. താരതമ്യങ്ങള്‍ നമ്മുടെ ബലഹീനതയാണ്,’ ഗവാസ്‌കര്‍ പറഞ്ഞു.

എല്ലാ കാലത്തും സച്ചിനോ കോഹ്‌ലിയാണോ മികച്ചവന്‍ എന്ന ചോദ്യം ഉയര്‍ന്നുകേട്ടിട്ടുണ്ട്. എന്നാല്‍ ഇരുവരും അവരുടെ പ്രതിഭ കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചുണ്ട്.

ഏറ്റവും ആഘോഷിക്കപെട്ട കളിക്കാരില്‍ ഒരാളാണ് സച്ചിന്‍. ഇന്നുവരെ ടെസ്റ്റ്, ഏകദിന ക്രിക്കറ്റുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനാണ് അദ്ദേഹം.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കോഹ്‌ലി സച്ചിനേക്കാള്‍ ഒരുപടി മുന്നിലാണ്. എന്നാല്‍ റെഡ് ബോളില്‍ സച്ചിനാണ് മുന്‍തൂക്കം. സെഞ്ച്വറികളുടെ കണക്കെടുത്താല്‍ ഏകദിനത്തില്‍ 51 എണ്ണമുണ്ട് കോഹ്‌ലിയുടെ അക്കൗണ്ടില്‍. അതേസമയം ടെസ്റ്റില്‍ 51 സെഞ്ച്വറിയുമായി സച്ചിനാണ് പട്ടിക നയിക്കുന്നത്. ടെസ്റ്റില്‍ മുപ്പത് സെഞ്ച്വറിയാണ് കോഹ്‌ലിയുടെ പേരിലുള്ളത്.

 

Content Highlight: Sunil Gavaskar on Sachin Tendulkar vs Virat Kohli comparison