2000 രൂപ നോട്ടിനെ വെല്ലുന്ന വ്യാജന്‍; ഏഴ് ലക്ഷം രൂപയുടെ കള്ളനോട്ടുമായി കൊല്‍ക്കത്തയില്‍ രണ്ട് പേര്‍ പിടിയില്‍
national news
2000 രൂപ നോട്ടിനെ വെല്ലുന്ന വ്യാജന്‍; ഏഴ് ലക്ഷം രൂപയുടെ കള്ളനോട്ടുമായി കൊല്‍ക്കത്തയില്‍ രണ്ട് പേര്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th February 2019, 10:48 am

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ 2000 രൂപ കറന്‍സിയുടെ വ്യാജ നോട്ടുമായി രണ്ട് പേര്‍ പിടിയില്‍. ഏഴ് ലക്ഷം രൂപയുടെ കള്ളനോട്ടാണ് ഇവരില്‍ നിന്നും പിടികൂടിയത്.

പിടിച്ചെടുത്ത തുക മുഴുവന്‍ 2000 രൂപ സീരീസിലുള്ളതാണ്. ആന്റി ഫേക്ക് ഇന്ത്യന്‍ കറന്‍സി നോട്ട് ടീമിലെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഇക്കഴിഞ്ഞ നവംബര്‍ മാസത്തിലും കൊല്‍ത്തയില്‍ വെച്ച് അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ട് പേര്‍ പിടിയിലായിരുന്നു. അതും രണ്ടായിരം രൂപ നോട്ടുകള്‍ തന്നെയായിരുന്നു. ഇതിന് മുന്‍പായി മാല്‍ഡയില്‍ വെച്ച് 9 ലക്ഷം രൂപയുടെ കള്ളപ്പണവും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടിയിരുന്നു. വ്യാജ കറന്‍സിയുടെ ഹബ്ബായി മാല്‍ഡ മാറിയിരിക്കുകയാണെന്നും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പറഞ്ഞു.


അഭിനന്ദിനെ തിരിച്ചെത്തിക്കും; കേന്ദ്രം ശ്രമം ഊര്‍ജ്ജിതമാക്കിയതായി വി.കെ സിങ്


രാജ്യത്തുനിന്നും കള്ളപ്പണം പൂര്‍ണമായും ഇല്ലാതാക്കാന്‍ വേണ്ടിയാണ് നോട്ട് നിരോധനം നടപ്പിലാക്കുന്നത് എന്നായിരുന്നു 2016 നവംബര്‍ എട്ടിന് നോട്ട് നിരോധനം നടപ്പിലാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

എന്നാല്‍ നോട്ട് നിരോധനത്തിന് പിന്നാലെ 500 രൂപയുടെയും 1,000 രൂപയുടെയും നോട്ടുകള്‍ എണ്ണി പൂര്‍ത്തിയായപ്പോള്‍ തിരിച്ചെത്താതെ പോയത് 0.70 ശതമാനം മാത്രമാണെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു.

കള്ളപ്പണവും കള്ളനോട്ടുമായി അഞ്ചു ലക്ഷം കോടി രൂപ വരെ ഉണ്ടാകാമെന്നും ഇത് തിരിച്ചെത്തില്ലെന്നുമായിരുന്നു മോദി സര്‍ക്കാരിന്റെ അവകാശവാദം.

എന്നാല്‍, വെറും 10,720 കോടി രൂപ മാത്രമാണ് തിരിച്ചെത്താതെ പോയത്. നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവുണ്ടാക്കുകയും ജനം വന്‍തോതില്‍ ദുരിതം അനുഭവിക്കുകയും ചെയ്തിരുന്നു.