ആ 96 സിനിമകളാണ് എന്നെ മധുര മനോഹരം ചെയ്യാന്‍ സഹായിച്ചത്: സ്റ്റെഫി സേവ്യര്‍
Entertainment news
ആ 96 സിനിമകളാണ് എന്നെ മധുര മനോഹരം ചെയ്യാന്‍ സഹായിച്ചത്: സ്റ്റെഫി സേവ്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th December 2023, 11:44 am

നിരവധി സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനര്‍ ആയി സംവിധാനത്തിലേക്കെത്തിയ കോസ്റ്റ്യൂം ഡിസൈനറും സംവിധായകയുമാണ് സ്റ്റെഫി സേവ്യര്‍. 96 സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനര്‍ ആയി സ്റ്റെഫി വര്‍ക്ക് ചെയ്തിട്ടുണ്ട്. പിന്നീട് മധുര മനോഹര മോഹം എന്ന ചിത്രം ഡയറക്ട് ചെയ്തതും സ്റ്റെഫിയാണ്.

96 സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനര്‍ ആയ അനുഭവവും അത് തന്റെ ഡയറക്ഷനില്‍ സഹായിച്ചതിനെക്കുറിച്ചും ക്ലബ്ബ് എഫ്.എമ്മിന്റെ ഡയറക്ടേഴ്‌സ് ക്ലബ്ബ്23 എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്റ്റെഫി. ഇത്രയും സിനിമയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ അതിലെ ഓരോ ആളുകളില്‍ നിന്നും താന്‍ പഠിച്ചതെല്ലാം മധുര മനോഹരം സിനിമയില്‍ തന്നെ സഹായിച്ചിട്ടുണ്ടെന്ന് സ്റ്റെഫി പറഞ്ഞു. ആദ്യ സിനിമ ചെയ്യുമ്പോഴുള്ള ടെന്‍ഷന്‍ എല്ലാം ഉണ്ടായിരുന്നെന്നും സ്റ്റെഫി പറയുന്നുണ്ട്.

‘ഞാന്‍ 96 സിനിമ ചെയ്തപ്പോഴും സെറ്റില്‍ മുഴുവന്‍ സമയവും ഉണ്ടായിട്ടില്ല. കാരണം നമ്മള്‍ കുറെ സമയം പര്‍ച്ചേഴ്സും കാര്യങ്ങളുമായിരിക്കും. അതുപോലെ ഒരേസമയം ഒന്നോ രണ്ടോ സിനിമകള്‍ ഒരുമിച്ച് ചെയ്യുന്നുണ്ടാകും. സിനിമ എനിക്ക് അറിയുന്ന ഒരു സ്ഥലമാണ്. കോളേജ് കഴിഞ്ഞിട്ട് എനിക്കൊരു സോഷ്യല്‍ ലൈഫ് സിനിമയുടെ ചുറ്റുപാടില്‍ നിന്നാണ് കിട്ടിയത്. ഈ ആളുകളെയും ഈ പ്രോസസ്സിനെയും എനിക്കറിയാം. അതിന്റെ ഒരു കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു. ആദ്യ സിനിമ ചെയ്യുമ്പോള്‍ ഏതൊരാള്‍ക്കും ഉള്ളപോലെ കുറച്ചു ടെന്‍ഷനും അതുപോലെ എക്‌സൈറ്റ്‌മെന്റും ഉണ്ടായിരുന്നു.

ഞാന്‍ ചെയ്ത എല്ലാ സിനിമകളില്‍ നിന്നും ഉണ്ടായിരുന്ന എക്‌സ്പീരിയന്‍സില്‍ നിന്നും പഠിച്ചതാണ്. നമ്മള്‍ കോസ്റ്റ്യൂം ആയതുകൊണ്ട് ചെറിയ ചെറിയ ആളുകളുമായിട്ട് വരെ കമ്മ്യൂണിക്കേറ്റ് ചെയ്യും. അതില്‍ നിന്നും ഓരോ ആളുകളില്‍ നിന്നും ഞാന്‍ പഠിച്ചിട്ടുള്ള എന്തെങ്കിലും ഒന്ന് ഉണ്ടാകും. അതെല്ലാം മധുര മനോഹരം ചെയ്യുമ്പോള്‍ എന്നെ ഒരുപാട് ഹെല്‍പ്പ് ചെയ്തിട്ടുണ്ട്,’ സ്റ്റെഫി പറഞ്ഞു.

ഷറഫുദ്ദീന്‍, രജിഷ വിജയന്‍, ബിന്ദു പണിക്കര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തിയ ചിത്രമാണ് മധുര മനോഹര മോഹം. വിജയ രാഘവന്‍, സൈജു കുറുപ്പ്, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

content highlights: stephy_zaviour talks about her experience as a costume designer and how it helped her direction