നിപ രോഗ പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം മാതൃകാപരം; തത്പര കക്ഷികള്‍ നുണപ്രചരണം നടത്തുന്നു: ശ്രീമതി ടീച്ചര്‍
Kerala News
നിപ രോഗ പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം മാതൃകാപരം; തത്പര കക്ഷികള്‍ നുണപ്രചരണം നടത്തുന്നു: ശ്രീമതി ടീച്ചര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th September 2023, 4:04 pm

കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് രോഗ ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും ജില്ലാ ഭരണകേന്ദ്രവും നിതാന്ത ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും എന്നാല്‍ ചില മാധ്യമങ്ങളെ ഉപയോഗിച്ച് തല്‍പര കക്ഷികള്‍ ബോധപൂര്‍വം നുണ പ്രചരിപ്പിക്കുന്നത് ദുഖകരമാണെന്നും മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ശ്രീമതി ടീച്ചര്‍.

ഇന്നത്തെ മലയാള മനോരമ പത്രത്തിന്റെ ഒന്നാം പേജില്‍ സമ്പര്‍ക്കപ്പട്ടിക സംബന്ധിച്ച വിശദമായ വാര്‍ത്തയുണ്ട്. പക്ഷെ ഉള്‍പേജില്‍ ആ വാര്‍ത്തയെത്തന്നെ നോക്കുകുത്തിയാക്കി സമ്പര്‍ക്ക പട്ടിക ഉണ്ടാക്കുന്നതില്‍ പോലും മെല്ലേപ്പൊക്ക് എന്നാണ്. എന്നാല്‍ ഒരു മെല്ലെപ്പോക്കും ഉണ്ടായിട്ടില്ലെന്നും ഒന്നാം പേജ് വാര്‍ത്തയില്‍ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും ശ്രീമതി ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആരോഗ്യ മന്ത്രി വീണ ജോര്‍ജും കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസും കോഴിക്കോട് കേന്ദ്രീകരിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ രാവും പകലും സ്വജീവന്‍ പോലും കണക്കിലെടുക്കാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണെന്നും ശ്രീമതി ടീച്ചര്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

കോഴിക്കോട്ട് നിപ്പ രോഗബാധയുടെ ലക്ഷണം കണ്ട ഉടന്‍ സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും ജില്ലാ ഭരണകേന്ദ്രവും നിതാന്ത ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആരോഗ്യ മന്ത്രി വീണ ജോര്‍ജും കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസും കോഴിക്കോട് കേന്ദ്രീകരിച്ച് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകാപരമായ നേതൃത്വം നല്‍കിവരികയുമാണ്.

യുദ്ധമുഖത്തെന്ന പോലെ ആരോഗ്യ പ്രവര്‍ത്തകര്‍ രാവും പകലും സ്വജീവന്‍ പോലും കണക്കിലെടുക്കാതെയുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ അര്‍പ്പണബോധത്തോടെ മുഴുകിയിരിക്കുന്നു.

ഇന്നലെ കോഴിക്കോട് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും സര്‍വ പിന്തുണയും വാഗ്ദാനം ചെയ്തതും ശ്രദ്ധേയവും സ്വാഗതാര്‍ഹവുമായി. എന്നാല്‍ ചില മാധ്യമങ്ങളെ ഉപയോഗിച്ച് തല്‍പര കക്ഷികള്‍ ബോധപൂര്‍വം നുണ പ്രചരിപ്പിക്കുന്നത് ദുഖകരമാണ്. ഒരു ചെറിയ ഉദാഹരണം പറയാം.

ഇന്നത്തെ മലയാള മനോരമയില്‍ ഒന്നാം പേജില്‍ സമ്പര്‍ക്കപ്പട്ടിക സംബന്ധിച്ച വിശദമായ വാര്‍ത്തയുണ്ട്. പക്ഷെ, ഉള്‍പേജില്‍ ആ വാര്‍ത്തയെത്തന്നെ നോക്കുകുത്തിയാക്കി സമ്പര്‍ക്ക പട്ടിക ഉണ്ടാക്കുന്നതില്‍ പോലും മെല്ലേപ്പൊക്ക് എന്നാണ്. എന്നാല്‍ ഒരു മെല്ലെപ്പോക്കും ഉണ്ടായിട്ടില്ലെന്ന് ഒന്നാം പേജ് വാര്‍ത്തയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

11നാണ് നിപ സ്ഥിരീകരിച്ചത്. നാല് ദിവസം മാത്രമേ ആയിട്ടുളളൂ ഈ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സമ്പര്‍ക്കപ്പട്ടിക പൂര്‍ത്തിയാക്കുക മാത്രമല്ല, ചികിത്സയും മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടക്കുകയും ചെയ്യുന്നു. ആദ്യം രോഗം സ്ഥിരീകരിച്ച ഒരു കുട്ടിയുടെ ഒഴിച്ച് ബാക്കി എല്ലാവരുടെയും നില തൃപ്തികരമാണ്. കുട്ടിയുടെ ആരോഗ്യ സ്ഥിതിയും മെച്ചപ്പെട്ട് വരുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ഈ വസ്തുതകള്‍ എല്ലാം മറച്ചുവെച്ച് തിരുവനന്തപുരത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസ് നേതാവായ ഒരു ഡോക്ടറുടെ നേതൃത്വത്തില്‍ തീര്‍ത്തും ദുരുപദിഷ്ടവും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതുമായ പ്രചാരണങ്ങളാണ് നടക്കുന്നത്. യുദ്ധമുഖത്ത് ജീവന്‍പണയം വെച്ച് പോരടിക്കന്ന പോരാളികളുടെ ആത്മവീര്യം കെടുത്തുന്ന ശത്രുരാജ്യക്കാരുടെ മനോനിലയാണിത്. നാട് ഭയാനകമായ ഒരു സാംക്രമിക രോഗത്തെ നേരിടുമ്പോള്‍ ഇത്തരം കുല്‍സിത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ ദുഷ്ട ചിന്ത തിരിച്ചറിയണം.

ഇങ്ങനെയൊരു യുദ്ധമുഖത്ത് നില്‍ക്കുന്ന മന്ത്രിക്കെതിരെ നടക്കുന്ന നീക്കങ്ങളും അപലപനീയമാണ്. സി.പി.ഐ.എമ്മോ ഇടതുമുന്നണിയോ സ്വപ്നത്തില്‍ പോലും ആലോചിക്കാത്ത കാര്യമാണ് വീണ ജോര്‍ജിനെ മാറ്റുമെന്നത്. എന്നിട്ടും മാധ്യമങ്ങള്‍ ഇത്തരം ഒരു പ്രചാരണം നടത്തുന്നതും ഇതേ കുല്‍സിത നീക്കങ്ങളുടെ ഭാഗമാണ്.

2006ല്‍ ചിക്കുന്‍ഗുനിയ പൊട്ടിപ്പുറപ്പെട്ട സമയത്താണ് ഞാന്‍ ആരോഗ്യ മന്ത്രിയായി ചുമതലയേറ്റത്. പിന്നീടങ്ങോട്ട് സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും ആരോഗ്യപ്രവര്‍ത്തകരും എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവര്‍ത്തിച്ചത്. അന്നും ഇതേ പ്രതിപക്ഷം നിഷേധ സമീപനമാണ് സ്വീകരിച്ചത്. അന്ന് ഹര്‍ത്താല്‍ പോലും നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തിയത് ഓര്‍ത്ത് പോവുകയാണ്.

സമാനമായ കുല്‍സിത പ്രവര്‍ത്തനങ്ങളാണ് ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നെങ്കിലും ഉണ്ടാകുന്നത് എന്നത് നിര്‍ഭാഗ്യകരമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് അഭ്യര്‍ഥിക്കുന്നു. ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നതില്‍ യാതൊരു സംശയവുമില്ല.

Content Highlights: State government’s work in prevention of Nipah disease is exemplary says PK Sreemathy teacher