'ചാടുന്നതിന് മുമ്പ് ജയന്‍ സ്റ്റണ്ട് ഡയറക്ടറോട് ഒരു സ്വകാര്യം പറഞ്ഞു, ഞാനതറിഞ്ഞു'; ആക്ഷന്‍ സീനില്‍ ജയന്‍ ചെയ്തത് തുറന്നു പറഞ്ഞ് ശ്രീകുമാരന്‍ തമ്പി
Entertainment
'ചാടുന്നതിന് മുമ്പ് ജയന്‍ സ്റ്റണ്ട് ഡയറക്ടറോട് ഒരു സ്വകാര്യം പറഞ്ഞു, ഞാനതറിഞ്ഞു'; ആക്ഷന്‍ സീനില്‍ ജയന്‍ ചെയ്തത് തുറന്നു പറഞ്ഞ് ശ്രീകുമാരന്‍ തമ്പി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Dec 16, 06:55 am
Wednesday, 16th December 2020, 12:25 pm

അഭിനയത്തോടുള്ള അമിതാവേശം കൊണ്ടാണ് നടന്‍ ജയന്‍ മരണപ്പെട്ടതെന്ന് സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗിസിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രീകുമാരന്‍ തമ്പി ജയനുമൊത്തുള്ള സിനിമാ അനുഭവങ്ങള്‍ പങ്കുവെച്ചത്.

ആക്ഷന്‍ രംഗങ്ങളില്‍ അതിസാഹസം കാട്ടാന്‍ താന്‍ ഒരിക്കലും ജയനെ അനുവദിച്ചിട്ടില്ലെന്നും അക്കാര്യത്തില്‍ ജയന്‍ തന്നെ ഭയപ്പെട്ടിരുന്നുവെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.

‘നായാട്ടി’ന്റെയും ‘പുതിയ വെളിച്ചത്തി’ന്റെയും ഷൂട്ടിങ്ങിനിടയില്‍ത്തന്നെ ജയന്‍ സ്വയം വരുത്തുന്ന അപകടങ്ങളില്‍ നിന്ന് താത്കാലികമായി രക്ഷപ്പെടുകയായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു.

ഒരിക്കല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ഗുഡ്‌സ് ട്രെയിനിലേക്ക് ചാടുന്ന രംഗം ഷൂട്ട് ചെയ്യുന്ന അവസരത്തില്‍ ജയനു വേണ്ടി താന്‍ ഡ്യൂപ്പിനെ നിര്‍ത്തിയിരുന്നുവെന്നും എന്നാല്‍ ജയന്‍ ഡ്യൂപ്പില്ലാതെ ചാടാന്‍ ശ്രമിച്ചുവെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. വിവരമറിഞ്ഞ ശ്രീകുമാരന്‍ തമ്പി ചാടുന്നതില്‍ നിന്ന് ജയനെ തടയുകയായിരുന്നു.

‘ചാടാന്‍ സമയമായപ്പോള്‍ സ്റ്റണ്ട് ഡയറക്ടര്‍ ത്യാഗരാജനോട് ‘തമ്പിച്ചേട്ടനോട് പറയണ്ട ഡ്യൂപ്പ് വേണ്ട ഞാന്‍ ചാടിക്കോളാം’ എന്ന് ജയന്‍ സ്വകാര്യം പറഞ്ഞു. എന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് ത്യാഗരാജന്‍ വിവരം എന്നോട് പറഞ്ഞു. ഞാന്‍ ജയനെ തടഞ്ഞു’, ശ്രീകുമാരന്‍ തമ്പി അഭിമുഖത്തില്‍ പറയുന്നു.

ജയനുമായി തനിക്ക് നല്ല അടുപ്പമായിരുന്നുവെന്നും കടപ്പാടും സ്‌നേഹവും കൊണ്ടുള്ള ഭയമായിരുന്നു തന്നോട് ജയനുണ്ടായിരുന്നതെന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു.

Content Highlight:Sreekumaran Thampi shares experience about actor Jayan