2024 ഐ.സി.സി U19 ഏകദിന ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ സൗത്ത് ആഫ്രിക്കയ്ക്ക് 119 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. സെന്‍വസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സ് ആണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 23.2 ഓവറില്‍ 113 റണ്‍സിന് ലങ്ക തലകുനിക്കുകയായിരുന്നു.
സൂപ്പര്‍ സിക്‌സ് പോരാട്ടത്തില്‍ സൗത്ത് ആഫ്രിക്കയെ വിജയത്തില്‍ എത്തിച്ചത് ക്വേന മഫാക്കയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ്. 8.2 ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 21 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുകള്‍ ആണ് മഫാക്ക സ്വന്തമാക്കിയത്. 2.52 എന്ന തകര്‍പ്പന്‍ ഇക്കണോമിയിലാണ് താരം ബൗള്‍ ചെയ്തത്. ടോപ്പ് ഓര്‍ഡറിലെ അഞ്ച് പേരെയും അവസാനം ഇറങ്ങിയ ദുവിന്ദു രണതുങ്കയെയും പുറത്താക്കി തന്റെ തീപാറുന്ന ബൗളിങ്ങില്‍ ആറു വിക്കറ്റ് തികക്കുകയായിരുന്നു പ്രോട്ടിയസ് ഭാവി സൂപ്പര്‍ താരം.
എന്നാല്‍ ഇതിനെല്ലാം പുറമേ മറ്റൊരു നേട്ടം കൂടെ സ്വന്തമാക്കുകയാണ് പ്രോട്ടിയസിന്റെ ഈ വജ്രായുധം. U 19 ക്രിക്കറ്റ് ചരിത്രത്തില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ ഫൈഫര്‍ സ്വന്തമാക്കുന്ന ഏക താരമായി മാറുകയാണ് മഫാക്ക.
🚨: Kwena Maphaka has become the first player to take three five-wicket hauls in ICC U19 World Cup history. pic.twitter.com/zed2LpWd9E
ശ്രീലങ്കക്കെതിരെ ബാറ്റ് ചെയ്തതില്‍ സൗത്ത് ആഫ്രിക്കയുടെ എല്‍ഹുന ഡ്രെ പ്രെട്ടോറിയസ് 77 പന്തില്‍ നിന്ന് 71 റണ്‍സ് നേടിയും റിലേ നോര്‍ട്ടണ്‍ 41 റണ്‍സ് നേടിയും മിന്നും പ്രകടനം കാഴ്ചവച്ചു.