അഡ്‌ലെയ്ഡില്‍ ഇന്ത്യയുടെ തോല്‍വി ഓസ്‌ട്രേലിയയോട് മാത്രമായിരിക്കില്ല! സൗത്ത് ആഫ്രിക്ക തിളങ്ങുന്നു, ലക്ഷ്യം വളരെ വലുത്
Sports News
അഡ്‌ലെയ്ഡില്‍ ഇന്ത്യയുടെ തോല്‍വി ഓസ്‌ട്രേലിയയോട് മാത്രമായിരിക്കില്ല! സൗത്ത് ആഫ്രിക്ക തിളങ്ങുന്നു, ലക്ഷ്യം വളരെ വലുത്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 8th December 2024, 8:39 am

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പരുങ്ങുകയാണ്. ആദ്യ മത്സരത്തില്‍ ടീമിനൊപ്പമില്ലാതിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തുമ്പോള്‍ ആദ്യ ടെസ്റ്റിനേക്കാള്‍ മികച്ച വിജയം പ്രതീക്ഷിച്ച ആരാധകരെ പാടെ നിരാശരാക്കിയാണ് ഇന്ത്യ ഇരുട്ടില്‍ തപ്പുന്നത്. രോഹിത് ശര്‍മയാകട്ടെ അമ്പേ പരാജയപ്പെടുകയും ചെയ്തു.

ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 180 റണ്‍സിന് പുറത്തായി. പെര്‍ത്തിലെ സെഞ്ചൂറിയന്‍ യശസ്വി ജെയ്‌സ്വാള്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായപ്പോള്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും സ്‌കോര്‍ ബോര്‍ഡിനെ ബുദ്ധിമുട്ടിക്കാതെ ഒറ്റയക്കത്തിനും കടന്നുപോയി. 42 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ടോപ് സ്‌കോറര്‍.

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങ് കരുത്തിലാണ് ഇന്ത്യയെന്ന വന്‍മരം കടപുഴകിയത്. യശസ്വി ജെയ്‌സ്വാളിന്റെതടക്കം ആറ് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും സ്‌കോട് ബോളണ്ടും രണ്ട് വിക്കറ്റ് വീതം നേടി.

 

പിങ്ക് ബോള്‍ ടെസ്റ്റ് തങ്ങളുടെ കുത്തകയാണെന്ന് വിളിച്ചുപറയുന്നതായിരുന്നു ഓസ്‌ട്രേലിയയുടെ പ്രകടനം. സൂപ്പര്‍ താരം ട്രാവിസ് ഹെഡിന്റെ സെഞ്ച്വറി കരുത്തില്‍ 337 റണ്‍സാണ് ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ പടുത്തുയര്‍ത്തിയത്.

141 പന്തില്‍ 140 റണ്‍സാണ് ഹെഡ് സ്വന്തമാക്കിയത്. 17 ഫോറും നാല് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. മാര്‍നസ് ലബുഷാന്‍ 126 പന്തില്‍ 64 റണ്‍സ് നേടിയ രണ്ടാമത് മികച്ച റണ്‍ ഗെറ്ററായി. 109 പന്ത് നേരിട്ട് 39 റണ്‍സ് നേടിയ നഥാന്‍ മക്‌സ്വീനിയും തന്റെതായ സംഭാവന സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചു.

ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ഇന്ത്യക്ക് രണ്ടാം ഇന്നിങ്‌സിലും തിരിച്ചടികളുടെ ഘോഷയാത്രയാണ്. ഒടുവില്‍ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 29 റണ്‍സിന് പിറകിലാണ് ഇന്ത്യ. നിലവില്‍ 128ന് അഞ്ച് എന്ന നിലയിലാണ് സന്ദര്‍ശകര്‍ ബാറ്റിങ് തുടരുന്നത്.

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യ മറ്റൊരു ടീമിനെയും നേരിടുന്നുണ്ട്. സെന്റ് ജോര്‍ജ്‌സ് ഓവലില്‍ ശ്രീലങ്കയെ നേരിടുന്ന സൗത്ത് ആഫ്രിക്കയെ! വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തിനുള്ള പോരാട്ടത്തിലാണ് നിലവില്‍ സൗത്ത് ആഫ്രിക്ക ഇന്ത്യക്ക് മേല്‍ അപ്പര്‍ഹാന്‍ഡ് നേടിയിരിക്കുന്നത്.

സെന്റ് ജോര്‍ജ്‌സ് ഓവലില്‍ സൗത്ത് ആഫ്രിക്ക വിജയിക്കുകയും, അഡ്‌ലെയ്ഡില്‍ ഇന്ത്യക്ക് വിജയിക്കാന്‍ സാധിക്കാതെ വരികയും ചെയ്താല്‍ പ്രോട്ടിയാസ് ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിക്കും. അതിനുള്ള സാധ്യതകളാണ് നിലവില്‍ തെളിഞ്ഞുവരുന്നത്.

ശ്രീലങ്കക്കെതിരെ ആദ്യ ഇന്നിങ്‌സ് ലീഡ് നേടിയ സൗത്ത് ആഫ്രിക്ക രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുകയാണ്.

ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത പ്രോട്ടിയാസ് 358 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ടോട്ടല്‍ സ്വന്തമാക്കി. വിക്കറ്റ് കീപ്പര്‍ കൈല്‍ വെരായ്‌നെ (133 പന്തില്‍ 105*), റിയാന്‍ റിക്കല്‍ട്ടണ്‍ (250 പന്തില്‍ 101) എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് ആതിഥേയര്‍ മികച്ച സ്‌കോറിലെത്തിയത്. 78 റണ്‍സ് നേടിയ ക്യാപ്റ്റന്‍ തെംബ ബാവുമയും പ്രോട്ടിയാസ് നിരയില്‍ നിര്‍ണായകമായി.

 

ലീഡ് നേടാനുറച്ച് ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ലങ്ക 30 റണ്‍സകലെ കാലിടറി വീണു. പാതും നിസങ്ക (157 പന്തില്‍ 89), കാമിന്ദു മെന്‍ഡിസ് (92 പന്തില്‍ 48), ഏയ്ഞ്ചലോ മാത്യൂസ് (90 പന്തില്‍ 44), ദിനേഷ് ചണ്ഡിമല്‍ (97 പന്തില്‍ 44) എന്നിവരുടെ മികവിലാണ് ലങ്ക 328 റണ്‍സ് നേടിയത്.

30 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന സൗത്ത് ആഫ്രിക്ക മൂന്നാം ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 191 എന്ന നിലയിലാണ്. 93 പന്തില്‍ 36 റണ്‍സുമായി ട്രിസ്റ്റണ്‍ സ്റ്റബ്‌സും 79 പന്തില്‍ 48 റണ്‍സുമായി ക്യാപ്റ്റന്‍ തെംബ ബാവുമയുമാണ് ക്രീസില്‍.

 

Content Highlight: South Africa and India in the fight for the top spot in the World Test Championship points table