Advertisement
Entertainment
സിനിമയിലെ എന്റെ ആദ്യ ഡയലോഗ്; ആ മമ്മൂട്ടി ചിത്രത്തിലെ സീന്‍ ചെയ്യാന്‍ ഞാന്‍ ഏറെ പ്രയാസപ്പെട്ടു: ജോജു ജോര്‍ജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 14, 01:59 am
Friday, 14th March 2025, 7:29 am

അസിസ്റ്റന്റ് ഡയറക്ടറായി തന്റെ സിനിമാജീവിതം ആരംഭിച്ചയാളാണ് ജോജു ജോര്‍ജ്. പിന്നീട് ക്യാമറക്ക് മുന്നിലേക്കും ജോജു കടന്നുവന്നു. തുടക്കകാലത്ത് പല ചിത്രങ്ങളിലും ചെറിയ വേഷങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന ജോജു ഇപ്പോള്‍ മലയാളസിനിമയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത നടനെന്ന രീതിയില്‍ വളര്‍ന്നു.

ജോസഫ് എന്ന ചിത്രത്തിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ച ജോജു മൂന്ന് സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തിയേറ്ററില്‍ എത്തി വലിയ ശ്രദ്ധ നേടിയ പണി എന്ന സിനിമയിലൂടെ സംവിധായകനായും അദ്ദേഹം കഴിവ് തെളിയിച്ചു.

ഇപ്പോള്‍ തനിക്ക് സിനിമയില്‍ ആദ്യമായി ലഭിച്ച ഡയലോഗുള്ള സീനിനെ കുറിച്ച് പറയുകയാണ് ജോജു ജോര്‍ജ്. 2000ല്‍ പുറത്തിറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ദാദ സാഹിബിനെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. അതില്‍ ഡയലോഗ് പറയാന്‍ താന്‍ ഏറെ പ്രയാസപ്പെട്ടിരുന്നുവെന്നും പേടിച്ചിട്ട് ചുണ്ടുകള്‍ മേലേക്ക് വലിഞ്ഞ് നില്‍ക്കുന്നത് കാണാമെന്നുമാണ് അദ്ദേഹം പറയുന്നത്.

‘സിനിമയിലെ എന്റെ ആദ്യ ഡയലോഗുള്ള സീന്‍ ഏതാണെന്ന് ചോദിച്ചാല്‍, അത് ദാദ സാഹിബ് എന്ന സിനിമയിലേതായിരുന്നു. മമ്മൂക്ക അഭിനയിച്ച് 1999ല്‍ ഷൂട്ട് നടന്ന ഒരു പടമായിരുന്നു അത്. ആ സിനിമയിലെ ഡയലോഗ് ഞാന്‍ മറക്കില്ലെന്നല്ല ഞാന്‍ പറയുന്നത്. അന്ന് ആ ഡയലോഗ് പറയാന്‍ ഞാന്‍ കുറേ പ്രയാസപ്പെട്ടിരുന്നു.

ഒരു സ്ഥലത്ത് ബോംബ് വെച്ചിട്ടുണ്ടെന്ന് ഞാന്‍ എന്റെ സഹപാഠികളോട് പറയുന്നതാണ് ആ സീന്‍. ആ സീന്‍ കാണുമ്പോള്‍ ഒരു കാര്യം ഇപ്പോഴും വ്യക്തമാകും. അതായത് ഡയലോഗ് പറയുമ്പോള്‍ പേടിച്ചിട്ട് അതില്‍ എന്റെ ചുണ്ട് മേലേക്ക് വലിഞ്ഞ് നില്‍ക്കുന്നത് കാണാം. എനിക്ക് ആ ഡയലോഗ് കറക്ടായി പറയാന്‍ പറ്റിയില്ല. പക്ഷെ ആ സീന്‍ സിനിമയില്‍ വന്നു.

ഈ അടുത്തൊക്കെ പലരും എനിക്ക് ഫേസ്ബുക്കില്‍ ആ സീന്‍ അയച്ചു തന്നിരുന്നു. ‘ചേട്ടന്‍ എന്ത് രസമായിട്ടാണ് ചെയ്തിരിക്കുന്നത്’ എന്നാണ് അവരൊക്കെ പറയുന്നത് (ചിരി). അത് സീന്‍ കണ്ടാല്‍ തന്നെ അറിയാം, ഡയലോഗ് പറയുമ്പോള്‍ എന്റെ ചുണ്ടൊക്കെ കൊളുത്തിട്ട് വലിച്ചത് പോലെയാണ് ഉള്ളത്,’ ജോജു ജോര്‍ജ് പറയുന്നു.

Content Highlight: Joju George Talks About His First Dialogue In Dada Sahib Movie