Entertainment
ജീവിതത്തില്‍ സ്വപ്‌നം പോലും കാണാന്‍ പറ്റാത്ത ആ നടന്മാരോടൊപ്പം അഭിനയിക്കാന്‍ സാധിച്ചത് വലിയൊരു ഭാഗ്യമാണ്: സൗബിന്‍ ഷാഹിര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 19, 12:09 pm
Wednesday, 19th February 2025, 5:39 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സൗബിന്‍ ഷാഹിര്‍. സിദ്ദിഖ്, ഫാസില്‍, ആഷിക് അബു, റാഫി- മെക്കാര്‍ട്ടിന്‍ എന്നിവരുടെ അസിസ്റ്റന്റായാണ് നടന്‍ തന്റെ സിനിമാജീവിതം ആരംഭിച്ചത്. ചെറിയ റോളുകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ സൗബിന്‍ പ്രേമത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായ മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടാന്‍ സൗബിന് സാധിച്ചു.

മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വിജയം തമിഴിലേക്കുള്ള അവസരം സൗബിന് നല്‍കിയിരുന്നു. രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയിലൂടെയാണ് സൗബിന്റെ തമിഴ് അരങ്ങേറ്റം. രജിനികാന്തിന് പുറമെ നാഗാര്‍ജുന, ഉപേന്ദ്ര, സത്യരാജ് തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ ദയാല്‍ എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സൗബിന്‍ ഷാഹിര്‍.

ആറ് മാസത്തോളം ചിത്രത്തിന്റെ ഷൂട്ട് നടന്നെന്നും ഇനി ഒരു മാസത്തെ ഷൂട്ട് ബാക്കിയുണ്ടെന്നും സൗബിന്‍ പറഞ്ഞു. വളരെ വലിയൊരു സിനിമയാണ് അതെന്നും ഒരുപാട് താരങ്ങള്‍ ആ സിനിമയുടെ ഭാഗമാണെന്നും സൗബിന്‍ കൂട്ടിച്ചേര്‍ത്തു. ജീവിതത്തില്‍ സ്വപ്‌നം പോലും കാണാന്‍ പറ്റാത്ത അവസരമായിരുന്നു ആ സിനിമയെന്നും സൗബിന്‍ പറയുന്നു.

ചെറുപ്പം മുതല്‍ കാണുന്ന ഒരുപാട് താരങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് വലിയൊരു ഭാഗ്യമായാണ് കാണുന്നതെന്നും സൗബിന്‍ ഷാഹിര്‍ പറഞ്ഞു. ചെറുപ്പത്തില്‍ കണ്ട് കൊതിച്ചിരുന്ന ആ വലിയ നടന്മാരുടെ കൂടെ വര്‍ക്ക് ചെയ്യുക എന്നത് താന്‍ ഒരിക്കലും വിചാരിക്കാത്ത കാര്യമായിരുന്നെന്നും ആ മൊമന്റ് ഒരിക്കലും മറക്കില്ലെന്നും സൗബിന്‍ കൂട്ടിച്ചേര്‍ത്തു.

കൂലിയുടെ തിരക്കുകള്‍ക്ക് ശേഷം ദുല്‍ഖറിനെ നായകനാക്കിക്കൊണ്ടുള്ള മലയാളചിത്രം സംവിധാനം ചെയ്യാനുള്ള വര്‍ക്കിലേക്ക് കടക്കുമെന്നും സൗബിന്‍ പറഞ്ഞു. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സൗബിന്‍ ഇക്കാര്യം പറഞ്ഞത്.

‘ആറ് മാസത്തോളമായി കൂലിയുടെ ഷൂട്ടിന്റെ തിരക്കിലാണ്. ഇനി ഒരു മാസത്തെ ഷൂട്ട് കൂടി ബാക്കിയുണ്ട്. വളരെ വലിയൊരു സിനിമയാണ് അത്. ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ആ പടത്തിലുണ്ട്. രജിനി സാറിനെപ്പോലെ സീനിയറായിട്ടുള്ള കുറേ സ്റ്റാറുകളുടെയൊപ്പം അഭിനയിക്കാന്‍ പറ്റുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ജീവിതത്തില്‍ ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുമെന്ന് സ്വപ്‌നത്തില്‍ പോലും കണ്ടിട്ടുണ്ടായിരുന്നില്ല.

ചെറുപ്പം മുതലേ അവരെയൊക്കെ കണ്ടിട്ടാണല്ലോ നമ്മള്‍ വളര്‍ന്നത്. അതൊക്കെ കണ്ട് പണ്ട് ഒരുപാട് കൊതിച്ചിട്ടുണ്ടായിരുന്നു. അപ്പോള്‍ അവരുടെ കൂടെ ഒരു സീന്‍ ചെയ്യാന്‍ പറ്റുമെന്നൊന്നും വിചാരിച്ചിട്ടേയില്ലായിരുന്നു. ഈ പടത്തിന്‍രെ തിരക്ക് കഴിഞ്ഞിട്ട് അധികം സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. ദുല്‍ഖറിനെ വെച്ച് ചെയ്യുന്ന സിനിമയുടെ കാര്യങ്ങളിലേക്ക് ഇനി കടക്കാന്‍ കഴിയുമെന്ന് വിചാരിക്കുന്നു,’ സൗബിന്‍ ഷാഹിര്‍ പറയുന്നു.

Content Highlight: Soubin Shahir says he never expected to act with Rajnikanth in life