ആണഹന്ത നിറഞ്ഞ മലയാള സിനിമകളോട് പോടാ മൈ** പറഞ്ഞ് സോഷ്യല്‍ മീഡിയ
Film News
ആണഹന്ത നിറഞ്ഞ മലയാള സിനിമകളോട് പോടാ മൈ** പറഞ്ഞ് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 13th February 2022, 1:16 pm

മലയാള സിനിയില്‍ പൗരുഷത്തിന്റെ പ്രതിരൂപമായി നില്‍ക്കുന്ന കഥാപാത്രമാണ് ജോഷിയുടെ സംവിധാനമികവിലൊരുങ്ങിയ ‘ധ്രുവ’ത്തിലെ നരസിംഹ മന്നാടിയാരുടേത്. കടം കൊടുത്ത കാശ് തിരിച്ചുവാങ്ങാനെത്തിയ വീട്ടില്‍ നിന്നും ‘നരസിംഹ മന്നാടിയാരുടെ ഭാര്യയായിയിരിക്കാന്‍ നിനക്ക് സമ്മതമാണോ’ എന്ന് ഗൗതമിയുടെ കഥാപാത്രത്തോട് ചോദിക്കുന്ന രംഗം കാലഭേദമന്യേ മലയാളികള്‍ ആഘോഷമാക്കിയതാണ്.

എന്നാല്‍, പുതിയ കാലത്ത് ഇത്തരത്തിലുള്ള പുരുഷാധിപത്യ മനോഭാവവും ആണഹന്തയും നിറഞ്ഞ നായകന്റെ കഥാപാത്രത്തോട് നായിക പറയുന്ന മറുപടിയുടെ വീഡിയോകള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്.

ഇത്രയും വലിയ കടം കൂലിവേല ചെയ്തും വീട്ടുന്നതിന് പകരം നരസിംഹ മന്നാടിയാരുടെ ഭാര്യയായിരിക്കാന്‍ സമ്മതമാണോ എന്ന ചോദിച്ച നായകനോട് ‘പോടാ മൈ**’ എന്ന് പറഞ്ഞ നായികയ്ക്ക് വേണ്ടിയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ കയ്യടിക്കുന്നത്.

ധ്രുവത്തിലെ ഈ സീന്‍ മാത്രമല്ല, മറ്റൊരു മമ്മൂട്ടി ചിത്രത്തില്‍ ‘നിന്നെ വീട്ടിലേക്ക് ക്ഷണിക്കുകയാണ്. അമ്മു സ്വാമി നാഥനായിട്ടല്ല എന്റെ അടുക്കളക്കാരിയായി, എന്റെ വീട്ടിലെ അടിച്ചു തളിക്കാരിയായി. എന്താ വിരോധമുണ്ടോ അമ്മുവിന്,’ എന്ന നായകന്റെ ചോദ്യത്തിന് മുന്നില്‍ തല കുലുക്കി സമ്മതിക്കുന്നതിന് പകരം പോടാ മൈ** എന്ന് പറയുന്ന വീഡിയോയും വൈറലാണ്.

കിംഗ് എന്ന ചിത്രത്തില്‍ ‘നീ ഒരു പെണ്ണാണ് വെറും പെണ്ണ്’ എന്ന് പറയുന്ന നായകന്റെ മുഖത്ത് നോക്കിയും, ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ എസ്.ഐ ബിജു പൗലോസിനോടും വെള്ളമടിച്ച് കോണ്‍ തിരിഞ്ഞ് വന്ന് ചുമ്മാ തൊഴിക്കാന്‍ നില്‍ക്കുന്ന നരസിംഹത്തിലെ പൂവള്ളി ഇന്ദുചൂഡനോടും സോഷ്യല്‍ മീഡിയ ഇതേ മറുപടി പറയുന്നുണ്ട്.

ഇത് കേവലം ചിരിക്കാന്‍ വേണ്ടിയുള്ള ഒരു വിഷയമല്ലെന്നും, പുരുഷാധിപത്യമനോഭാവത്തോടുള്ള ശക്തമായ പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് എന്ന നിലയിലാണ് ഇത്തരം വീഡിയോകളെ സമൂഹം കാണുന്നത് എന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

വന്‍ സ്വീകാര്യതയാണ് ഈ വീഡിയോകള്‍ക്ക് സോഷ്യല്‍മീഡിയയില്‍ നിന്നും ലഭിക്കുന്നത്.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന് ശേഷം ജിയോ ബേബിയുടെ നേതൃത്വത്തില്‍ അഞ്ച് പേര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത പുതിയ ചിത്രമായ ‘ഫ്രീഡം ഫൈറ്റ്’ എന്ന ആന്തോളജിയില്‍ സംവിധായകന്‍ അഖില്‍ അനില്‍ കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രജിഷ വിജയന്‍ പറയുന്ന ഡയലോഗാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അഞ്ച് ചിത്രങ്ങള്‍ അടങ്ങിയ ആന്തോളജിയാണ് ഫ്രീഡം ഫൈറ്റ്. സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഓരോരുത്തരും ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം എത്രമാത്രം വ്യത്യസ്തമാണ് എന്നാണ് അഞ്ച് ചിത്രങ്ങളും പറയുന്നത്.

കുഞ്ഞില മാസിലാമണി, ജിയോ ബേബി, അഖില്‍ അനില്‍കുമാര്‍, ജിതിന്‍ ഐസക് തോമസ്, ഫ്രാന്‍സിസ് ലൂയിസ് -എന്നിങ്ങനെ അഞ്ച് സംവിധായകര്‍ ചേര്‍ന്നാണ് ചിത്രങ്ങള്‍ ഒരുക്കിയത്.