'മലയാളികളെ സൂക്ഷിക്കണം'; കര്‍ണാടകയിലേക്കുള്ള മലയാളികളുടെ വരവില്‍ ദുരുദ്ദേശമെന്ന് ബി.ജെ.പി എം.പി ശോഭ കരന്ദ്‌ലജെ
national news
'മലയാളികളെ സൂക്ഷിക്കണം'; കര്‍ണാടകയിലേക്കുള്ള മലയാളികളുടെ വരവില്‍ ദുരുദ്ദേശമെന്ന് ബി.ജെ.പി എം.പി ശോഭ കരന്ദ്‌ലജെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th February 2020, 11:43 pm

ചിക്കമംഗളൂരു: മലയാളികള്‍ക്കു നേരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി എം.പി ശോഭ കരന്ദ്‌ലജെ. കര്‍ണാടകത്തിലേക്ക് വരുന്ന മലയാളികളെ സൂക്ഷിക്കണമെന്നും കര്‍ണാടകയിലേക്ക് കുടിയേറുന്ന മലയാളികള്‍ കൊറോണ വൈറസ് കൊണ്ടു വരുന്നുണ്ടോ എന്ന് സംശയമുണ്ടെന്നുമാണ് കരന്ദ്‌ലജെ പറഞ്ഞത്.

കര്‍ണാടകയിലെ എഴുത്തുകാരോട് സംസാരിക്കുകയായിരുന്നു കരന്ദ്‌ലജെ. ജില്ല സന്ദര്‍ശിക്കുന്ന മലയാളികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടെന്നും അത് സദുദ്ദേശത്തോടെയല്ലെന്നും ശോഭ ചൂണ്ടിക്കാട്ടി.

‘മലയാളികള്‍ ജില്ല സന്ദര്‍ശിക്കുന്നതിന്റെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. അവര്‍ വിനോദ സഞ്ചാരത്തിനായി മാത്രം കര്‍ണാടകയിലേക്ക് വരുന്നവരല്ല. പല കാരണങ്ങള്‍ക്കായി വരുന്നവരാണ്. എന്തുകൊണ്ടാണ് മലയാളികളുടെ എണ്ണം ജില്ലയില്‍ ഇത്രയധികം വര്‍ധിക്കുന്നതെന്നതിന് വിശദമായ ഒരു അന്വേഷണം നടത്തണം,’ശോഭ കരന്ദ്‌ലജെ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മലയാളികള്‍ സ്വന്തം താത്പര്യത്തില്‍ വരുന്നതാണോ അതോ അവരെ കൊണ്ടു വരുന്നതാണോ എന്ന് പരിശോധിക്കണമെന്നും ശോഭ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘മലയാളികള്‍ സ്വയം വരുന്നതാണോ, അതോ അവരെ ആരെങ്കിലും കൊണ്ടുവരുന്നതോ? അവരുടെ വരവ് എന്തായാലും പരിശോധിച്ചിരിക്കണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള മംഗളൂരുവിലെ പ്രതിഷേധത്തില്‍ കേരളത്തില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു. അത് കൊണ്ടുതന്നെ അവരെ സംശയിക്കണം. കേരളത്തില്‍ നിന്നും വരുന്ന വാഹനങ്ങളും നിരീക്ഷിക്കപ്പെടണം. അതിനോടൊപ്പം മലയാളികളെ കുറിച്ച് ധാരാളം പരാതികളാണ് കേള്‍ക്കുന്നത്. ജില്ലയില്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു കണ്ണ് വേണം,” ശോഭ പറഞ്ഞു.

ഉഡുപ്പി ചിക്കംഗളൂരു എം.പിയാണ് ശോഭ കരന്ദ്‌ലജെ. ശോഭക്കെതിരെ നേരത്തെ മലപ്പുറത്തെ ബി.ജെ.പി കുടുംബത്തിന് വെള്ളം നിഷേധിച്ചുവെന്ന തരത്തില്‍ വ്യാജ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ കേസെടുത്തിരുന്നു.

മലപ്പുറത്തെ കുറ്റിപ്പുറത്ത് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന തെറ്റിധരിപ്പിക്കുന്ന വാര്‍ത്ത ട്വീറ്റ് ചെയ്തതിനാണ് കേരള പൊലീസ് കേസെടുത്തത്.

ഐപിസി 153( എ) വകുപ്പ് പ്രകാരം മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പൊലീസ് കേസെടുത്തിരുന്നത്.