ന്യൂദല്‍ഹി : ബി.ജെ.പി എം.പി പ്രഗ്യാ സിങ് ഠാക്കൂര്‍ നടത്തിയ കലാപാഹ്വാനത്തിനെതിരെ സി.പി.ഐ.എം. പ്രഗ്യാസിംഗ് ഠാക്കൂറിന്റെ പ്രസംഗം തികച്ചും നിന്ദ്യവും അസ്വീകാര്യവുമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
കൊലപാതകത്തിന് വേണ്ടിയുള്ള പ്രകോപനപരമായ ആഹ്വാനങ്ങള്‍ തികഞ്ഞ ധാര്‍ഷ്ട്യത്തോടെ നടത്തുന്നത് ഒരു ഭരണകക്ഷി എംപിയാണെന്നത് ആശ്ചര്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
‘ജീവനും നിയമവാഴ്ചയും സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ഇത്തരം കൊലവിളികള്‍ അനുവദിക്കരുത്. വിദ്വേഷം സംരക്ഷിക്കപ്പെടുകയും പൂര്‍ണ സ്വാതന്ത്ര്യത്തോടുകൂടി വ്യാപിക്കുകയും ചെയ്യുമ്പോള്‍ നിരപരാധികള്‍ ജയിലുകളില്‍ നരകിക്കുന്നു,’ സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
തങ്ങളെയും തങ്ങളുടെ അന്തസിനെയും ആക്രമിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കാന്‍ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ടെന്നാണ് പ്രഗ്യാ സിങ് ഠാക്കൂര്‍ പറഞ്ഞത്. ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ കൊലപാതകത്തെ കുറിച്ച് സംസാരിക്കവെയായിരുന്നു തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന പ്രഗ്യാ സിങ്ങിന്റെ പ്രതികരണം.
എല്ലാവര്‍ക്കും സ്വയം സംരക്ഷിക്കാന്‍ അവകാശമുണ്ടെന്നും അതുകൊണ്ട് ഹിന്ദുക്കള്‍ കുറഞ്ഞത് അവരുടെ വീടുകളിലെ കത്തികള്‍ മൂര്‍ച്ചകൂട്ടി സൂക്ഷിക്കണമെന്നും ബി.ജെ.പി എം.പി ആഹ്വാനം ചെയ്തു.
Obnoxious & unacceptable.
Such incendiary calls for murder by a ruling party MP is brazenly criminal. This impunity cannot be allowed to pass by those mandated to protect lives & the rule of law.
Innocents languish in jails while such hate is patronised, allowed to roam free. pic.twitter.com/O8pT2RjyfB— Sitaram Yechury (@SitaramYechury) December 26, 2022
‘നിങ്ങളുടെ വീടുകളിലുള്ള ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടി സൂക്ഷിക്കുക, ഒന്നുമില്ലെങ്കിലും, പച്ചക്കറികള്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തികളെങ്കിലും. എപ്പോള്‍ എന്ത് സാഹചര്യത്തിലാണ് ആവശ്യം വരികയെന്ന് പറയാനാവില്ല.
സ്വയം സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ആരെങ്കിലും നമ്മുടെ വീട്ടില്‍ നുഴഞ്ഞുകയറി നമ്മളെ ആക്രമിക്കുകയാണെങ്കില്‍, തക്കതായ മറുപടി നല്‍കുക എന്നുള്ളത് നമ്മുടെ അവകാശമാണ്,” പ്രഗ്യാ സിങ് പറഞ്ഞു.
ഞായറാഴ്ച ഹിന്ദു ജാഗരണ വേദികെയുടെ (Hindu Jagarana Vedike) ദക്ഷിണമേഖലാ വാര്‍ഷിക കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രഗ്യാ സിങ്.
മുസ്ലിങ്ങള്‍ക്ക് ലവ് ജിഹാദിന്റെ പാരമ്പര്യമാണുള്ളതെന്നും വിവാദ പ്രസ്താവനയില്‍ പ്രഗ്യാ സിങ് പറയുന്നു.