Advertisement
Kerala News
മാപ്പ് പറയില്ല; തെറ്റ് ചെയ്‌തെന്ന് അവര്‍ തെളിയിക്കട്ടെ; കാരണം കാണിക്കല്‍ നോട്ടീസില്‍ പ്രതികരണവുമായി ലൂസി കളപ്പുരയ്ക്കല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 16, 07:09 am
Saturday, 16th February 2019, 12:39 pm

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ പിന്തുണച്ചതിന്റെ പേരില്‍ മദര്‍ സുപ്പീരിയര്‍ ജനറല്‍ അയച്ച കാരണം കാണിക്കല്‍ നോട്ടീസില്‍ പ്രതികരണവുമായി സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍.

ആദ്യം കൊടുത്ത വിശദീകരണം തൃപ്തിയല്ലെന്ന് കാണിച്ചാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നതെന്നും തനിക്ക് പറ്റുന്ന പോലെയുള്ള വിശദീകരണം തന്നെയാണ് നേരത്തെ നല്‍കിയതെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

മാപ്പ് പറയണമെന്നാണ് അവരുടെ ആവശ്യമെന്നും എന്നാല്‍ താന്‍ തെറ്റ് ചെയ്യാത്തതുകൊണ്ട് തന്നെ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ലൂസി കളപ്പുരയ്ക്കല്‍ പ്രതികരിച്ചു.

“”കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ആദ്യം കൊടുത്ത വിശദീകരണം തൃപ്തിയല്ല എന്ന് കാട്ടിയാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. എനിക്ക് പറ്റുന്ന പോലെയുള്ള വിശദീകരണം തന്നെയാണ് ഞാന്‍ കൊടുത്തത്. മാപ്പ് എഴുതി നല്‍കണമെന്നാണ് ഇപ്പോള്‍ അവര്‍ ആവശ്യപ്പെടുന്നത്.

ഞാന്‍ ചെയ്തിരിക്കുന്നത് ശരിയാണ് എന്ന് തന്നെയാണ് ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നത്. അപ്പോള്‍ പിന്നെ ചെയ്തത് തെറ്റായിപ്പോയി എന്ന് പറഞ്ഞ് മാപ്പ് പറയേണ്ട കാര്യമില്ലല്ലോ. അതിന് എന്തായാലും ഉദ്ദേശിക്കുന്നില്ല. മാര്‍ച്ച് 20 വരെയാണ് സമയം തന്നത്. മറുപടി ഞാന്‍ നല്‍കും.


കൊട്ടിയുര്‍ പീഡനകേസ്; ഫാദര്‍ റോബിന്‍ വടക്കുംചേരി കുറ്റക്കാരനാണെന്ന് കോടതി; മറ്റുപ്രതികളെ വെറുതെ വിട്ടു


ആദ്യം പറഞ്ഞ അതേ പ്രശ്‌നങ്ങള്‍ തന്നെയാണ് അവര്‍ ഇപ്പോഴും ആവര്‍ത്തിച്ചിരിക്കുന്നത്. അപ്പോള്‍ പിന്നെ മറുപടിയും അത് തന്നെയാകുമല്ലോ. ഇനി ഇത്തരത്തിലുള്ളതൊന്നും ഇടപെടില്ലെന്ന് എഴുതി നല്‍കണമെന്നൊക്കെയാണ് പറയുന്നത്. ഞാന്‍ സിസ്റ്റര്‍മാര്‍ക്കല്ലേ പിന്തുണ നല്‍കിയത്. അതില്‍ നിന്ന് പിറകോട്ട് പോകാന്‍ എന്തായാലും പറ്റില്ല.

പുറത്താക്കും എന്ന രീതിയിലൊക്കെ പറയുന്നുണ്ട്. എങ്ങനെയാണ് വരികയെന്ന് അറിയില്ല. അവര്‍ അതില്‍ കുറേ നിയമങ്ങളൊക്കെയാണ് പറയുന്നത്. അവര്‍ പറയുന്ന പോലെയൊന്നും ചെയ്യാന്‍ കഴിയില്ല. ഞാന്‍ തെറ്റ് ചെയ്തു എന്ന് അവര്‍ തെളിയിക്കട്ടേ. അതുവരെ ഞാന്‍ ഇവിടെയുണ്ടാകും. മറുപടി കൊടുക്കാന്‍ തന്നെയാണ് ഉദ്ദേശിച്ചിരിക്കുന്നത്. പക്ഷേ നേരത്തെ നല്‍കിയ മറുപടിയില്‍ നിന്നും വ്യത്യസമൊന്നും ഉണ്ടാകില്ലെന്ന് മാത്രം- ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.

മുന്‍പത്തെ നോട്ടിസിനുള്ള മറുപടി തൃപ്തികരമല്ലെന്ന് കാണിച്ചാണ് മദര്‍ സുപ്പീരിയര്‍ ജനറല്‍ വീണ്ടും ലൂസി കളപ്പുരയ്ക്കലിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. സന്യാസസമൂഹത്തില്‍നിന്ന് പുറത്താക്കുമെന്നാണ് നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയത്.

അടുത്തമാസം 20നകം തൃപ്തികരമായ വിശദീകരണം നല്‍കണമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തെ സിസ്റ്റര്‍ ലൂസി പിന്തുണച്ചിരുന്നു.

കാനോനിക നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ മതിയായ വിശദീകരണം എഴുതി നല്‍കാന്‍ ആവശ്യപ്പെട്ട് നേരത്തേയും ലൂസിയ്ക്കു നോട്ടീസ് ലഭിച്ചിരുന്നു.

കൊച്ചിയില്‍ കന്യാസ്ത്രീകള്‍ സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുത്തതോടെയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ സഭയ്ക്ക് അനഭിമതയായത്. ഇതേ തുടര്‍ന്ന് വിവിധ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരി 9ന് ഹാജരാകാന്‍ ഫ്രാന്‍സിസ്‌കന്‍ ക്‌ളാരിസ്റ്റ് കോണ്‍ഗ്രഗേഷന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് നോട്ടീസ് നല്‍കിയിരുന്നു.

ബിഷപ്പിന് എതിരെ സമരം നടത്തിയതും മാദ്ധ്യമങ്ങളോട് അഭിപ്രായങ്ങള്‍ പറഞ്ഞതും ഉള്‍പ്പെടെ 13 കാരണങ്ങളായിരുന്നു നോട്ടീസില്‍ ചൂണ്ടി കാണിച്ചിരിക്കുന്നത്.