തിരുവനന്തപുരം: സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്താന്‍ കാരണം പ്രതികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം കാണാന്‍ ഇടയായതുകൊണ്ടെന്ന് പ്രോസിക്യൂഷന്‍.
മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിയും ഒന്നാം പ്രതിയായ ഫാ. തോമസ് കോട്ടൂരും തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് അഭയ കാണാന്‍ ഇടയായെന്നും വിവരം പുറത്തു പറയാതിരിക്കാന്‍ പ്രതികള്‍ അഭയയെ കൊല്ലുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് കോണ്‍വെന്റിലെ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. പഠിക്കാനായി പുലര്‍ച്ചെ ഉണര്‍ന്ന അഭയ കോണ്‍വെന്റിലെ അടുക്കളയിലെ ഫ്രിഡ്ജില്‍ നിന്നും വെള്ളം കുടിക്കുന്നതിനായി പോയപ്പോഴാണ് അടുക്കളയോട് ചേര്‍ന്ന മുറിയില്‍ പ്രതികളെ കണ്ടത്.
കൊലപാതകം നടത്തിയതിന്റെ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും കോടതിക്ക് മുമ്പില്‍ ഉണ്ടെന്ന് സി.ബി.ഐ പ്രോസിക്യൂട്ടര്‍, തിരുവനന്തപുരം സി.ബി.ഐ കോടതി ജഡ്ജി കെ.സനല്‍ കുമാര്‍ മുമ്പാകെ വാദിച്ചു.
അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പ്രതികള്‍ കോണ്‍വെന്റിന്റെ ടെറസിന് മുകളിലേക്ക് കയറിപോവുന്നതായി കണ്ടുവെന്ന് മൂന്നാം സാക്ഷി അടയ്ക്ക രാജു സി.ബി.ഐ കോടതിയില്‍ മൊഴി നല്‍കിയ കാര്യം പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
ഫാ. തോമസ് കോട്ടൂര്‍ കുറ്റസമ്മതം നടത്തിയതായി ആറാം സാക്ഷി വേണുഗോപാല്‍ മൊഴി നല്‍കിയ കാര്യവും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ വാദം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
Content Highlight: sister abhaya court trial at cbi court