കോഴിക്കോട്: ഇടതുപക്ഷത്തിന് വേണ്ടി പാടരുതെന്ന് പറയുന്നവര്‍ക്ക് മറുപടിയുമായി ഗായിക പുഷ്പാവതി. തന്നോട് പാടരുതെന്ന് പറയുന്നവര്‍ക്ക് തന്നെ വളര്‍ത്തിയെടുക്കുന്നതില്‍ എന്തെങ്കിലും പങ്ക് വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്നും തന്റെ സംഗീത പരിപാടി എന്നാല്‍ വിപ്ലവ ഗാനങ്ങളാണെന്ന് ആരാണ് പറഞ്ഞതെന്നും പുഷ്പാവതി ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് പുഷ്പാവതിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് ‘സുശീല ഗോപാലന്‍ സ്മാരക മന്ദിരം’ ഉദ്ഘാടനത്തോടനുബന്ധിച്ച് പുഷ്പാവതി സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗമായ ബൃന്ദ കാരാട്ട് ഉള്‍പ്പെടെ പങ്കെടുക്കുന്ന ചടങ്ങില്‍ പുഷ്പാവതിയുടെ സംഗീത പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച വീഡിയോയാണ് പുഷ്പാവതി പങ്കുവെച്ചത്. വീഡിയോയില്‍ ‘എത്രയത്രെ മതിലുകള്‍ തകര്‍ത്തെറിഞ്ഞ കേരളം’ എന്ന ഗാനമാണ് പുഷ്പാവതി പാടുന്നത്. എന്നാല്‍ ഈ പോസ്റ്റിന് താഴെ ഇടതുപക്ഷത്തിന് വേണ്ടി പുഷ്പാവതി പാടരുതെന്ന് ഒരാള്‍ ആവശ്യപ്പെടുകയായിരുന്നു.
‘പുഷ്പചേച്ചി ദയവുചെയ്ത് ഇടതുപക്ഷത്തിന് വേണ്ടി വിപ്ലവഗാനങ്ങള്‍ പാടരുത്. നമ്മുടെ കഴിവും കലയും ജിവിതവും ചൂഷണം ചെയ്ത ശേഷം കുന്തക്കാരല്‍ പത്രോസിന്റെ അനുഭവം ഉണ്ടാകാതിരിക്കാന്‍ സാധിക്കും. അതുകൊണ്ടാണ്,’ എന്നായിരുന്നു പ്രതികരണം.
ഇതിനെ തുടര്‍ന്നാണ് തന്നോട് പാടരുതെന്ന് പറയുന്നവരോട് ചോദ്യങ്ങള്‍ ഉന്നയിച്ച് പുഷ്പാവതി രംഗത്തെത്തിയത്.
ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസും കോണ്‍ഗ്രസും കലാപന്തരീക്ഷം സൃഷ്ടിച്ചപ്പോഴാണ് എത്രയെത്ര മതിലുകള്‍ എന്ന ഗാനം പാടിയതെന്ന് പുഷ്പാവതി വ്യക്തമാക്കി.
ജെ.എൻ.യുവിലെ വിദ്യാർത്ഥി നേതാവായിരുന്ന കനയ്യ കുമാറിനെ ആര്‍.എസ്.എസ് സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കിയ സാഹചര്യത്തിലാണ് ‘ഭൂക്മാരി സെ ആസാദി’ എന്ന ഗാനമുണ്ടാക്കി പാടിയത്.
പാര്‍ലമെന്റ് പൗരത്വ ബില്ല് പാസാക്കിയതിനെതിരെ സമരം ചെയ്തവരെ അമര്‍ച്ച ചെയ്ത്, യു.എ.പി.എ ചുമത്തുകയും ഇസ്‌ലാം മതവിശ്വാസികളുടെ വീടുകള്‍ ബുള്‍ഡോസര്‍ കൊണ്ട് നിരപ്പാക്കുകയും ചെയ്തപ്പോഴാണ് സകലതും ഓര്‍ത്തുവെക്കപ്പെടും, യാ റസൂലെ ദൈവമൊന്നാണ്, ഹം ദേഖേങ്കെ, മുതലായ ഗാനങ്ങള്‍ ഉണ്ടായതെന്നും പുഷ്പാവതി പറഞ്ഞു.
ആര്‍.എസ്.എസുകാര്‍ ‘കഴുത്ത് വേണോ എഴുത്ത് വേണോ’ എന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ‘എഴുത്ത് മരിച്ചു പോയി’ എന്ന് പറഞ്ഞ പെരുമാള്‍ മുരുകന്റെ വരികള്‍ കംപോസ് ചെയ്തതുമെല്ലാം തന്റെ സാമൂഹികമായ കാഴ്ചപാടില്‍ നിന്നും കൊണ്ടാണെന്നും പുഷ്പാവതി പ്രതികരിച്ചു. ഈ പാട്ട് പാടികൊണ്ടുള്ള വീഡിയോയും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
ഇത്തരത്തില്‍ താന്‍ കമ്പോസ് ചെയ്ത ഗാനങ്ങളാണ് കൂടുതലായും പാടാറുള്ളതെന്നും അതെല്ലാം വിപ്ലവഗാനങ്ങളുമല്ലെന്നും പുഷ്പാവതി പറഞ്ഞു.
‘എന്റെ സംഗീത പരിപാടിക്ക് കിട്ടുന്ന പ്രതിഫലം കൊണ്ട് ഞാന്‍ എന്റെ കുടുംബത്തെ നന്നായി നോക്കുന്നുണ്ട്. അതുപോലെ നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ സ്വന്തം അധ്വാനം കൊണ്ട് സുന്ദരമായി നോക്കണം ട്ടാ,’ പുഷ്പാവതി പ്രതികരിച്ചു. തന്റെ അന്വേഷനാത്മകമായ കംപോസിഷന്‍സുകളാണ് പരിപാടികളില്‍ അഭിമാനത്തോടെ പാടുന്നതെന്നും താന്‍ കഷ്ടപ്പെട്ട കാലത്തൊന്നും തന്നോട് പാടരുതെന്ന് പറയുന്നവരെ കണ്ടില്ലല്ലോയെന്നും പുഷ്പാവതി ചോദിച്ചു.
തന്റെ ഗാനങ്ങളെ ഇടതുപക്ഷം ഏറ്റെടുത്തു. കാരണം ആ ഗാനങ്ങള്‍ ഇടതുപക്ഷ പൊതുബോധ നിര്‍മിതിയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ വലത്-തീവ്രവലതുകള്‍ക്ക് ഈ ഗാനങ്ങള്‍ അസഹ്യമായിരിക്കുമെന്നും പുഷ്പാവതി പ്രതികരിച്ചു.
ഗാനങ്ങളിലൂടെ വ്യക്തമായ രാഷ്ട്രീയം പറയുന്ന വ്യക്തിയാണ് പുഷ്പാവതി. പാലക്കാട് സംഗീത കോളേജില്‍ നിന്ന് ഗാനപ്രവീണ ഒന്നാം റാങ്കില്‍ പാസായ ഗായിക കൂടിയാണ് അവര്‍. പഠിക്കുന്ന കാലഘട്ടത്തില്‍ തന്നെ എ.ഐ.ആറില്‍ നിന്ന് പുഷ്പാവതി കര്‍ണാടക സംഗീതത്തില്‍ ബി ഗ്രേഡ് നേടുകയും ചെയ്തിട്ടുണ്ട്.
മാറ്റിനിര്‍ത്തല്‍ മുതല്‍ക്കൂട്ടാക്കിയ ഒരു സമൂഹത്തിനെതിരെ പാട്ടുകളിലൂടെ പ്രതിരോധം ഉയര്‍ത്തുന്ന ഗായികയായാണ് പുഷ്പാവതിയെ അടയാളപ്പെടുത്തുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളെയും ബഹിഷ്‌കരണങ്ങളെയും തന്റെ സംഗീതം കൊണ്ടാണ് നേരിട്ടതെന്ന് പുഷ്പാവതി പലപ്പോഴും പ്രതികരിച്ചിട്ടുണ്ട്.
Content Highlight: Singer Pushpavathy poypadathu responds to those who say she should not sing for the Left