Advertisement
Karnataka Election
'മോദിയേയും യോഗിയേയും പോലുള്ള ഉത്തരേന്ത്യന്‍ ഇറക്കുമതിക്കായി അവര്‍ കാത്തിരിക്കുകയാണ്'; ബി.ജെ.പിയെ പരിഹസിച്ച് സിദ്ധരാമയ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 25, 05:28 am
Wednesday, 25th April 2018, 10:58 am

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ഉത്തരേന്ത്യന്‍ നേതാക്കളെ സംസ്ഥാനത്തെത്തിക്കാനുള്ള ബി.ജെപ ശ്രമങ്ങളെപരിഹസിച്ച കര്‍ണാടക മുഖ്യമനത്രി സിദ്ധരാമയ്യ. ബി.ജെ.പി ഇറക്കുമതിക്കായി കാത്തിരിക്കുകയാണെന്നും സംസ്ഥാനത്ത് നേതാക്കളില്ലാത്തതുകൊണ്ടാണ് ഇത്തരത്തില്‍ ആളെ കൊണ്ടുവരേണ്ടി വരുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

ട്വിറ്ററിലൂടെയാണ് സിദ്ധരാമയ്യ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ പരിഹസിച്ച് രംഗത്തെത്തിയത്. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ബി.എസ് യെദ്യൂരപ്പയെ തരംതാഴ്ത്തുകയാണ് അവര്‍ ചെയ്യുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

“കര്‍ണാടകയിലെ ബി.ജെ.പിക്കാര്‍ പ്രധാനമന്ത്രി മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പോലെയുള്ള ഉത്തരേന്ത്യന്‍ ഇറക്കുമതിക്കായി കാത്തിരിക്കുകയാണ്. സംസ്ഥാനത്ത് നേതാക്കളില്ലെന്ന് അവര്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്.യെദ്യൂരപ്പ ഡമ്മിയാണെന്ന് ബി.ജെ.പി തന്നെ സമ്മതിക്കുകയാണ്. പ്രധാനമന്ത്രി വരട്ടെ, പോകട്ടെ. ഇവിടെ പോരാട്ടം യെദ്യൂരപ്പയും സിദ്ധരാമയ്യയും തമ്മിലാണ്, ആര് ജയിക്കുമെന്ന് നിങ്ങള്‍ക്കറിയാം. സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് പരിപാടികളുടെ ഭാഗമായി കര്‍ണാടകയിലെ വിവിധയിടങ്ങിലായി നടക്കുന്ന 35 റാലികളില്‍ യോഗി ആദിത്യനാഥ് ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നാണ് ബി.ജെ.പി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മെയ് 3 മുതലാണ് യോഗി തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി കര്‍ണാടകയില്‍ എത്തുക. ലിംഗായത്ത്, ദളിത്, നാഥ് സാമുദായിക വോട്ടുകള്‍ ലക്ഷ്യമിട്ടാണ് യോഗിയെ ബി.ജെ.പി കര്‍ണാടകയിലെത്തിക്കുന്നത്.

എന്നാല്‍ യോഗിയെത്തുന്നതിനു മുന്നേ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ പ്രചരണങ്ങളെ കടന്നാക്രമിക്കുകയാണ് സിദ്ധരാമയ്യ.